ADVERTISEMENT

യൂറോപ്പ്യൻ രാജ്യാതിർത്തികൾക്ക്, ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തികളോടല്ല, നമ്മുടെ ജില്ലാ അതിർത്തികളോടാണ് സാമ്യം. രാജ്യം മാറുകയാണെന്ന് ഓർമ്മിപ്പിക്കാൻ അതിർത്തിയുടെ അപ്പുറവും, ഇപ്പുറവും ഇരു രാജ്യങ്ങളുടെയും പേരും എഴുതിവെച്ചിരിക്കും. നമ്മുടെ ജില്ലാതിർത്തികളിൽ "വെൽകം ടു" എന്ന്, ആ ജില്ലയുടെ പേര് എഴുതി വെച്ചപോലെ. പോലീസും പട്ടാളവുമില്ല. ശാന്തം, സ്വസ്ഥം.

രാജ്യങ്ങൾ അതിരിടുന്നതിന് അപ്പുറവും ഇപ്പുറവുമുള്ള ദേശങ്ങളിലുള്ളവർ പ്രണയിക്കുന്നത് യൂറോപ്പിൽ സാധാരണം. രാജ്യം രണ്ടാണെങ്കിലും, ഫലത്തിൽ എറണാകുളം ജില്ലകാരനായ കാമുകനും തൃശൂർ ജില്ലകാരിയായ കാമുകിയും എങ്ങനെയോ, അങ്ങനെയെന്ന് സാരം. ജോലി, പഠന, കുടുംബ സാഹചര്യങ്ങൾ കാരണം ഇരുരാജ്യങ്ങളിലായി കഴിയുന്ന പ്രണയിതാക്കളുടെ സമാഗമം, മിക്കപ്പോഴും വാരാന്ത്യങ്ങളിലാണ്. ഒത്തുചേരലുകളും ആഘോഷങ്ങളും ബാറും പബ്ബും നൈറ്റ്‌ക്ലബ്ബും ജീവിതത്തിന്റെ ഭാഗമായ യൂറോപ്യൻ സംസ്‌കാരത്തിൽ, പ്രണയിതാക്കളുടെ സംഗമം വർണശബളവും ഒഴിച്ചുകൂടാനാവാത്തതുമാണ്.

keeping-a-distance-mustbe-hard

യൂറോപ്യൻ യൂണിയൻ വന്നതോടെ, യൂറോപ്യൻ  രാജ്യങ്ങൾക്കിടയിൽ അതിർത്തികൾക്ക് പ്രസക്തിയില്ലാതായി. സ്വിറ്റ്സർലൻഡ്, നോർവെ പോലുള്ള ഇയുവിൽ ചേരാതെ നിൽക്കുന്ന രാജ്യങ്ങളും ഷെൻഗണർ ഉടമ്പടിക്ക് കീഴിൽ വരുന്നതിനാൽ അതിർത്തികൾ പേരിന് മാത്രം. രാജ്യങ്ങളുടെയും, അതിർത്തികളുടെയും തടസ്സമില്ലാതെ പ്രണയിച്ചു നടന്നവരുടെ ഇടയിലേക്കാണ് കോവിഡ് -19 ഒരു വില്ലനായി എത്തുന്നത്.

എന്ത് കൊറോണ, ഏത് കോവിഡ് എന്ന യൂറോപ്യൻ ഭരണകൂടങ്ങളുടെ അയഞ്ഞ സമീപനം തന്നെയായിരുന്നു, തുടക്കത്തിൽ അതിർത്തിരാജ്യങ്ങളിലെ പ്രണയിതാക്കൾക്കും. ആദ്യത്തെ അലസതയ്ക്ക് ശേഷം, വിവിധ രാജ്യങ്ങൾ കൊറോണ വ്യാപനം തടയുന്നതിനായി അതിർത്തികൾ നോക്കിനിൽക്കെയാണ്‌ കൊട്ടിയടച്ചത്. രാജ്യങ്ങൾക്കിടയിൽ യഥേഷ്‌ടം സഞ്ചരിച്ചിരുന്നവർക്കിടയിൽ, അതിർത്തി കടക്കുന്നതിന് മറ്റ് രാജ്യത്തെ തൊഴിലോ, റെസിഡന്റ് പെർമിറ്റോ ആവശ്യമായി വന്നു. ഇതില്ലാത്ത പ്രണയിതാക്കൾ മാത്രമല്ല, വ്യത്യസ്ഥ രാജ്യങ്ങളിലെ നല്ല സുഹൃത്തുകൾക്കും പതിവ് കൂടിക്കാഴ്ചകൾ അപ്രാപ്യമായി.

katharina-and-ivo

സ്വിസ്സ് പട്ടണമായ ക്രൊയസ് ലിംഗനും, ജർമൻ നഗരമായ കോൺസ്റ്റൻസും ഇത്തരത്തിൽ രണ്ട് രാജ്യങ്ങളിലായി കൈകോർത്തു കിടക്കുന്ന അതിർത്തി പ്രദേശങ്ങളാണ്. രണ്ട് നഗരങ്ങളിലെയും നിവാസികൾ പതിവായി ഒരു അദൃശ്യ രേഖയിലൂടെ സ്വതന്ത്രമായി അങ്ങോട്ടും, ഇങ്ങോട്ടും സഞ്ചരിച്ചു കൊണ്ടിരുന്നു. അവിടെ ഒരു രാഷ്ട്രം അവസാനിക്കുകയും, മറ്റൊന്ന് ആരംഭിക്കുകയും ചെയ്‌തു. എന്നാൽ കോവിഡ്-19 എല്ലാം മാറ്റി.

മാർച്ച് പകുതിയോടെ അതിർത്തി അടച്ചുകൊണ്ട് ജർമ്മൻ അധികൃതരാണ് ആദ്യത്തെ വേലി സ്ഥാപിച്ചത്. നിയമങ്ങൾ ലംഘിച്ച് അപ്പോഴും ധാരാളം ആളുകൾ വേലിക്ക്‌ അപ്പുറവും ഇപ്പുറവും നിന്ന് കമ്പികൾക്കിടയിലൂടെ ചുംബിക്കുകയും, ബിയറിന് ചിയേർസ് പറയുകയും ചീട്ടുകളിക്കുകയും ചെയ്‌തു. രക്ഷയില്ലാതെ വന്നപ്പോൾ അകലത്തിനു വെച്ചിട്ടുള്ള നിയമപരമായ പരിധി ഇരുരാജ്യങ്ങളിൽ നിന്നുള്ളവർക്കിടയിൽ ഉറപ്പുവരുത്താൻ, രണ്ടാഴ്ചയ്ക്ക് ശേഷം സ്വിസ് അധികൃതർ രണ്ടാമത്തെ വേലിയും സ്ഥാപിച്ചു. പരസ്‌പരം തൊടാനാവാത്ത അകലത്തിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് വേലികൾ കണ്ണുവെട്ടിച്ചു ചാടിക്കടക്കാൻ ഇവിടെയാരും ശ്രമിക്കാറില്ല. അതെന്താണ് ഭായി എന്ന് ചോദിച്ചാൽ, അവരങ്ങനെയാണ് ഭായി എന്നാണ് മറുപടി.

swiss-citizen-josephine-and-german-national-josef-have-been-a-couple-for-ee-years-and-a-younger-couple

സ്വിസ്സിലെ ബാസലിൽ നിന്നുള്ള ഫ്രീലാൻസ് ഫോട്ടോഗ്രാഫർ റോളണ്ട് ഷ്മിഡ്, ഈ പ്രദേശങ്ങളിൽ യാത്ര ചെയ്‌തു പകർത്തിയ ചിത്രങ്ങളാണ് ഇതോടൊപ്പം. യൂറോപ്പിൽ വസന്തകാലം തുടങ്ങിയിരിക്കുന്നു. ഇഷ്ടമുള്ളിടത്തേക്ക് യാത്ര ചെയ്‌ത്‌ മാത്രം ശീലമുള്ള യൂറോപ്പിലെ പുതിയ തലമുറയ്ക്ക് കൊറോണക്കാലം വേലികെട്ടുകളുടെ പുതിയ പാഠങ്ങളാണ് നൽകുന്നത്. പഴയ തലമുറയ്ക്കാവട്ടെ രണ്ടാം ലോക മഹായുദ്ധ സമയത്തെ മതിലുകളുടെയും, മുള്ളുവേലികളുടെയും ഓർമ്മപ്പെടുത്തലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com