ADVERTISEMENT

കിഴക്കന്‍ ചൈനയിലെ ജിയാംഗ്സി പ്രവിശ്യയില്‍ 600 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ബുദ്ധപ്രതിമ കണ്ടെടുത്തു. പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ജലനിരപ്പ് താഴ്ന്നതോടെയാണ് അനേക നാളത്തെ ജലവാസം മതിയാക്കി ബുദ്ധന്‍ പൊങ്ങി വന്നത്. ഷിന്‍ഹ്വ ഔദ്യോഗിക ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഇവിടുത്തെ ഹൈഡ്രോപവര്‍ ഗേറ്റിന്‍റെ നിര്‍മാണത്തിനിടെ ജലനിരപ്പ് പത്തു മീറ്ററോളം താഴ്ന്നപ്പോള്‍ തന്നെ ബുദ്ധന്‍റെ ശിരസ്സ് വെള്ളത്തിനു മുകളില്‍ ദൃശ്യമായിരുന്നു. ഒരു ഗ്രാമീണനാണ് ഇക്കാര്യം ആദ്യം കണ്ടത്.ഒരു പാറമുകളില്‍ ഇരുന്ന് ജലാശയത്തിലേക്ക് ഉറ്റുനോക്കുന്ന രീതിയിലാണ് ഈ പ്രതിമ. നിരവധി പ്രദേശവാസികളും സഞ്ചാരികളുമെല്ലാം ഈ പ്രതിമ കാണാനായി ഇവിടെയെത്തുന്നുണ്ട്. ശുഭസൂചകമായാണ് ജലത്തില്‍ നിന്ന് പൊങ്ങി വന്ന ഈ ബുദ്ധപ്രതിമയെ ആളുകള്‍ കാണുന്നത്.

1368-1644 കാലഘട്ടത്തില്‍ നിലനിന്നിരുന്ന മിംഗ് രാജവംശത്തിന്‍റെ കാലഘട്ടത്തില്‍ നിന്നുള്ളതായിരിക്കാം ഇതെന്ന് പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അതിനും മുന്‍പേ ഉണ്ടായിരുന്ന യുവാന്‍ രാജവംശത്തിന്‍റെ കാലത്തുള്ളതായിരിക്കാനും സാധ്യതയുണ്ടെന്ന് ജിയാംഗ്സി പുരാവസ്തു ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സു ചാങ്ങ്ക്വിംഗ് പറഞ്ഞു.

പ്രതിമ മാത്രമല്ല, വെള്ളത്തിനടിയില്‍ ക്ഷേത്ര ഹാളിന്‍റെ അടിത്തറയും കണ്ടെത്തിയിട്ടുണ്ട്. സിയാഷി എന്ന് പേരുള്ള പുരാതന പട്ടണത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഈ  ജലസംഭരണി സ്ഥിതിചെയ്യുന്നതെന്ന് പ്രാദേശിക രേഖകൾ സൂചിപ്പിക്കുന്നു. ഈ പുരാതന പട്ടണത്തെയും പ്രതിമയെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രത്യേക ഗവേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com