sections
MORE

ഫിലിപ്പൈൻസ് സുന്ദരികളും മനോഹരമായ ബീച്ചും

philippines-travel3
SHARE

കൊറോണകാലത്ത് യാത്രകൾക്കു വിലക്കു വന്നതോടെ വെട്ടിലായത് സഞ്ചാരികളാണ്. നിരന്തരം യാത്രകൾ ചെയ്തിരുന്നവരും വീടിനുള്ളിലാണിപ്പോൾ. ഇൗ സാഹചര്യത്തിൽ ഒരു പഴയ യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് ഇൗ സഞ്ചാരി.

ബഹ്‌റൈനിലെ ഫിലിപ്പിനോ സുഹൃത്തുക്കളിൽ നിന്നാണ് ഫിലിപ്പൈൻസിനെക്കുറിച്ചും അവിടുത്തെ മനോഹരമായ ബീച്ചുകളെക്കുറിച്ചുമൊക്കെ അറിയാനിടയായത്. ഏഴായിരത്തിയഞ്ഞൂറിലധികം ദ്വീപുകളുണ്ടിവിടെ; പലതും മനുഷ്യസ്പർശം ഏൽക്കാത്തവ.

philippines-travel4

സ്ഥിരം സഹയാത്രികനുമൊത്ത് ബഹ്‌റൈനിൽനിന്നു മനിലയിലേക്കും അവിടെനിന്ന് ഒരു മണിക്കൂർ പറന്ന് ബോറോക്കായിലുമെത്തി. പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ് ഈ കൊച്ചു ദ്വീപ്. പഞ്ചസാരമണലും അലകളില്ലാത്ത പച്ച നിറത്തിലുള്ള കടലും ആരെയും ആകർഷിക്കും. വളരെ വൃത്തിയോടുകൂടിയാണ് ഇവിടുത്തുകാർ ദ്വീപുകളെ സംരക്ഷിക്കുന്നത്. വിനോദസഞ്ചാരത്തെ ജീവിതമാർഗമാക്കിയ തദ്ദേശീയരും ഭരണകൂടവും സഞ്ചാരികളുടെ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഹോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട സ്ഥലമാണിവിടം.

philippines-travel6

എവിടെ നോക്കിയാലും സുഹൃദ് സംഘങ്ങളെ കാണാം, സ്വദേശികളും വിദേശീയരുമടക്കം ചെറു സംഘങ്ങൾ ബീയർ നുകര്‍ന്നും കടൽക്കാറ്റേറ്റും വെള്ളമണലിൽ  വിശ്രമിക്കുന്നു. സാഹസികരായ മറ്റു ചിലർ കയാക്കിങ്ങും കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിടുന്ന മറ്റു വിനോദങ്ങളിലും രസിക്കുന്നു. ഓലമേഞ്ഞ ചെറിയ കടകളി നിന്നു പലതരത്തിലുള്ള മാംസം മൊരിയുന്ന മണവും ഉച്ചത്തിലുള്ള പാശ്ചാത്യ സംഗീതവും കേൾക്കാം. മെനുവുമായി പിനായ് സുന്ദരിമാർ തലങ്ങും വിലങ്ങും നടക്കുന്നതും കാണാം. അവിടുത്തെ ഒാരോ കാഴ്ചയും സുന്ദരമാണ്.

മറക്കാനാവാത്ത അനുഭവം

philippines-travel2

അത്യാവശ്യം സാഹസിക വിനോദങ്ങളിലെല്ലാം പങ്കെടുത്തും രാത്രി ജീവിതം ആസ്വദിച്ചും ദിവസങ്ങൾ പോയതറിഞ്ഞില്ല. അവസാന ദിവസം മണലിലൂടെ അലസമായി നടക്കുമ്പോഴാണ് സഞ്ചരിക്കുന്ന യോട്ടിലിരുന്ന് അസ്തമയം കാണാനുള്ള ടിക്കറ്റ് എടുക്കാനുള്ള തിരക്ക് കാണുന്നത്. ഒരു നിശ്ചിത തുക നൽകിയാൽ കടലിലൂടെ ഒഴുകുന്ന ഈ കൊച്ചു കപ്പലിലിരുന്ന് അസ്തമയകാഴ്ച ആസ്വദിക്കാം. യോട്ട് സഞ്ചാരം ആരംഭിച്ചതുമുതൽ ജീവനക്കാർ പരിധിയില്ലാതെ മദ്യവും ലഘു പാനീയങ്ങളും വിളമ്പിത്തുങ്ങിയിരുന്നു.

philippines-travel

യോട്ടിന്റെ ഒഴിഞ്ഞു കിടന്ന മുകളിലത്തെ നിലയിൽ കടൽക്കാറ്റേറ്റ് ഇരുന്ന ഞങ്ങൾക്കിടയിലേക്ക് ഒരുകൂട്ടം ഫിലിപിനോ വിദ്യാർഥികളെത്തി. പ്ലസ് ടു കഴിഞ്ഞ് വെക്കേഷൻ ആഘോഷിക്കാൻ എത്തിയതാണവർ. ഞങ്ങളുടെ അനുവാദത്തിനായി കാത്തുനിൽക്കാതെ അവരുടെ ആഘോഷങ്ങളിക്ക് ഞങ്ങളെയും ചേർത്തു. ഗിറ്റാർ വായിച്ചും പരസ്പരം മദ്യം പകർന്നുകൊടുത്തും നൃത്തം ചെയ്തും അവർ ആഘോഷിച്ചു. ഒളിവും മറയും ഇല്ലാത്ത ആൺ പെൺ സൗഹൃദങ്ങൾ. മൂന്ന് മണിക്കൂർ നേരം ഞങ്ങളും പ്ലസ് ടു വിദ്യാർഥികളയായിമാറി, പോക്കുവെയിൽ ഏറ്റുകൊണ്ട് ശാന്തസമുദ്രത്തിലൂടെ ഒഴുകിനടന്നു. 

philippines-travel1

നാളെയെ കുറിച്ച് ആവലാതിപ്പെടാതെ ജാതി വർണ ഭേദമന്യേ സൗഹൃദങ്ങൾ ആഘോഷമാക്കുന്ന ജനത. സമയം പോയതറിഞ്ഞില്ല, യോട്ട് കരക്കടുത്തിരുക്കുന്നു, പരസ്പരം നന്ദി പറഞ്ഞും ആശ്ലേഷിച്ചും നിമിഷങ്ങൾക്കകം കലപില ശബ്ദത്തോടെ അവർ ഇരുളിൽ നടന്നു മറഞ്ഞു. ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നതുല്യമായ ഒരു സായാഹ്നമാണ് അത്. ഊഷ്മളമായ ആതിഥ്യ മര്യാദകൊണ്ട് നമ്മളും ഈ നാടുമായി  പ്രണയത്തിലാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA