sections
MORE

എന്താണ് ബില്‍ബോര്‍ഡ് ക്യാംപെയിൻ; അറിയാം സ്നേഹത്തിന്റെയും ആദരവിന്റെയും സന്ദേശത്തെക്കുറിച്ച്...

saythanks-billboard
SHARE

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കേരളം ചർച്ച ചെയ്ത സംഭവങ്ങളി‍ൽ ഒന്നായിരുന്നു മെല്‍ബണിലെ ആശംസാ ബോർഡ് (ബില്‍ബോര്‍ഡ്). എങ്ങനെയാണ് ബില്‍ബോര്‍ഡില്‍ സന്ദേശമെത്തുന്നത് എന്താണ് ഇപ്പോൾ ആരംഭിച്ച ക്യംപെയിന് പിന്നിൽ. സ്വന്തം ജീവിതത്തിലെ ഹീറോകള്‍ക്ക് നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ മെല്‍ബണിലെ ബോര്‍ക്ക് സ്ട്രീറ്റ് മാളില്‍ പ്രദര്‍ശിപ്പിക്കാം. പ്രസ്തുത നമ്പറിൽ ഓരോരുത്തരും അയക്കുന്ന സന്ദേശം ഇവിടെ സ്ഥാപിച്ചിരിക്കുന്ന ബില്‍ബോര്‍ഡില്‍ തെളിഞ്ഞു വരും.

ഓസ്ട്രേലിയയിലെ മെല്‍ബണിൽ പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ ടെല്‍സ്ട്രയാണ് ഈ ബോര്‍ഡിനു പിന്നില്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നന്ദി പറയാൻ ഒരുക്കിയ #saythanks എന്ന ക്യാംപെയിനിന്‍റെ ഭാഗമായാണ് ഇപ്പോൾ ബോർഡ് വീണ്ടും സജീവമായത്. ഏപ്രില്‍ 16 മുതലാണ്‌ ടെല്‍സ്ട്ര ഈ ക്യാംപെയിന്‍ ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യം മുൻനിർത്തി 'ഈ ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോകാൻ നമ്മളെ സഹായിക്കുന്ന ദൈനംദിന ജീവിതത്തിലെ ഹീറോകള്‍ക്കുള്ള അഭിനന്ദന സന്ദേശം പങ്കിടുന്നതിനായാണ് ഈ  ബിൽബോർഡ് ഒരുക്കിയിരിക്കുന്നത്' എന്നാണ് ടെല്‍സ്ട്ര തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

നമ്പറിൽ സന്ദേശമയക്കാം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യാം

കോവിഡ് മഹാവ്യാധി സമയത്ത് സ്വന്തം ജീവന്‍ പോലും കണക്കിലെടുക്കാതെ സേവനത്തിനായി മുന്നിട്ടിറങ്ങുന്നവര്‍ക്ക് നന്ദി പ്രകടിപ്പിക്കുകയാണ് എല്ലാവരും. ഇതിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന നമ്പറില്‍ മെസേജ് ചെയ്യുകയാണ് വേണ്ടത്. ആർക്കാണ് നന്ദി പറയാൻ ആഗ്രഹിക്കുന്നതെന്നും എന്തുകൊണ്ടാണെന്നും ഈ നമ്പറില്‍ മെസേജ് ചെയ്യുക. ബില്‍ബോര്‍ഡില്‍ ഈ മെസേജ് പ്രദര്‍ശിപ്പിച്ചു കഴിയുമ്പോള്‍ അതിന്‍റെ ഒരു ചിത്രം എടുത്ത് ഇവര്‍ സന്ദേശം അയച്ച ആളിന് അയച്ചു കൊടുക്കും. ഇത് സോഷ്യല്‍ മീഡിയയില്‍ #saythanks എന്ന ഹാഷ്ടാഗിനൊപ്പം പോസ്റ്റ്‌ ചെയ്യാനും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

ആരോഗ്യമേഖലയില്‍ മുൻ‌നിരയിൽ പ്രവർത്തിക്കുന്നവരോട് മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തു തരുന്നവരോടും നന്ദി ഇങ്ങനെ പ്രകടിപ്പിക്കാം. ഇതിനായി ടെല്‍സ്ട്രയുടെ 0484 842 657 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. 160 അക്ഷരങ്ങളിൽ താഴെയുള്ള മെസേജ് ആണ് അയക്കേണ്ടത്. ഓസ്ട്രേലിയന്‍ നമ്പറുകളില്‍ നിന്ന് മാത്രമേ ഇപ്പോള്‍ ഇങ്ങനെ മെസേജ് അയക്കാനാവൂ. ഈ ക്യാമ്പയിനിന്‍റെ ലക്ഷ്യത്തെക്കുറിച്ചു കമ്പനി തങ്ങളുടെ വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മാതൃകകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുമുണ്ട്.

വർഷങ്ങളായി പ്രണയദിനത്തിലും മറ്റ് ചില വിശേഷദിനങ്ങളിലുമാണ് ബില്‍ബോര്‍ഡ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. പ്രണയം അറിയിക്കാനും ഇഷ്ടം പറയാനും ആദരവ് അർപ്പിക്കാനുമൊക്കെയാണ് ബിൽബോർഡ് കൂടുതലും ഉപയോഗിക്കുന്നത്. പ്രവർത്തി സമയങ്ങളിൽ അല്ലെങ്കിൽ മറുപടി സന്ദേശം ലഭിക്കാൻ കാലതാമസം വന്നേക്കും. സന്ദേശങ്ങൾക്ക് എസ്എംഎസ് നിരക്കുകൾ ബാധകമാണ്.

1975ല്‍ സ്ഥാപിക്കപ്പെട്ട ഓസ്ട്രേലിയന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയാണ് ടെല്‍സ്ട്ര. ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക് സേവനങ്ങള്‍, വോയ്‌സ്, മൊബൈൽ, ഇന്റർനെറ്റ് ആക്‌സസ്, പേ ടെലിവിഷൻ തുടങ്ങിയ സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കുന്ന കമ്പനിക്ക് ലോകമൊട്ടാകെ പ്രതിദിനം കോടികണക്കിന് ഉപഭോക്താക്കളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA