ADVERTISEMENT

ആരെയും കൊതിപ്പിക്കുന്ന മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് മാലദ്വീപ്. സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ പ്രിയ വിനോദസഞ്ചാര കേന്ദ്രം. കടലും കാടും മേളിക്കുന്ന ഈ സുന്ദരഭൂമിയില്‍ ടൂറിസം വ്യവസായത്തിന്‍റെ ഭാഗമായി നിരവധി മനുഷ്യനിര്‍മിത അദ്ഭുതങ്ങളുമുണ്ട്! 'ഇടക്കൊക്കെ അല്‍പ്പം ലക്ഷ്വറി ആവാം' എന്ന് ചിന്തിക്കുന്നവര്‍ക്ക് അടിച്ചു പൊളിക്കാന്‍ റിസോര്‍ട്ടുകളും അവധിഗൃഹങ്ങളുമെല്ലാം ധാരാളമുണ്ട്. മികച്ച സേവനങ്ങളും സൗകര്യങ്ങളുമെല്ലാം ആസ്വദിച്ച് കുറച്ചു ദിവസങ്ങള്‍ രാജാവിനെപ്പോലെ സുഖിച്ച് കഴിയാനുള്ള അവസരമൊരുക്കും, ഈ ഇടങ്ങള്‍!

നീല ജലാശയത്തിലേക്ക് കണ്ണു നട്ട്, ഓറഞ്ചു നിറമുള്ള സൂര്യന്‍ കടലില്‍ താഴ്ന്നു പോകുന്നതും നോക്കി ഒരു വൈകുന്നേരം. അടുത്തുള്ള വില്ലിംഗിലി ദ്വീപിലേക്ക് നടന്നു കയറാന്‍ മരത്തടികള്‍ കൊണ്ട് നിര്‍മിച്ച നടപ്പാത. വെള്ളത്തിനു മുകളില്‍ കെട്ടിപ്പൊക്കിയ മനോഹരമായ ഒരു വില്ലയില്‍ മറ്റൊന്നുമോര്‍ക്കാതെ റിലാക്സ് ചെയ്തങ്ങനെ ഇരിക്കുകയോ നടക്കുകയോ ചെയ്യുന്നത് ഒന്നോര്‍ത്തു നോക്കൂ!

shehnaz-travel1

സഞ്ചാരികള്‍ക്കായി ഇത്തരമൊരു സുന്ദരമായ അനുഭവം പ്രദാനംചെയ്യുന്ന ഓവര്‍ വാട്ടര്‍ വില്ലയാണ് മാലദ്വീപിലെ ഷാന്‍ഗ്രി ലാസ് വില്ലിംഗിലി റിസോര്‍ട്ട് ആന്‍ഡ്‌ സ്പാ. പ്രമുഖ വ്ലോഗറായ ഷേനാസ് തന്‍റെ വ്ലോഗിലൂടെ ഇവിടുത്തെ മനോഹര ദൃശ്യങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കുന്നു.

അതിഥികള്‍ക്ക് നേരിട്ട് കടലിലേക്ക് പ്രവേശനം സാധ്യമാകുന്ന വിധത്തിലാണ് ഇവിടത്തെ ഓരോ വില്ലയും രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇവിടെ വേണമെങ്കില്‍ സ്നോര്‍ക്കലിംഗ് ചെയ്യുകയോ നീന്തുകയോ ചെയ്യാം. വെള്ളത്തിനു മുകളില്‍ കെട്ടിയിരിക്കുന്ന ഹാമോക്കില്‍ കിടന്നു ചക്രവാളത്തിലേക്ക് നോക്കി ധ്യാനിക്കാം. ഇങ്ങനെ തുറസ്സായ സ്ഥലങ്ങള്‍ ഉള്ളതു കൊണ്ടുതന്നെ പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി വരുന്ന കുടുംബങ്ങള്‍ക്ക് ഈ വില്ല ഇവര്‍ നിര്‍ദ്ദേശിക്കുന്നില്ല. ദ്വീപ്‌ ചുറ്റികാണുന്നതിനായി സൈക്കിളുകളും ഇവിടെ നല്‍കുന്നുണ്ട്. ഇതിനായി പ്രത്യേകം ചാര്‍ജ് ഈടാക്കില്ല. മികച്ച അനുഭവം ഉറപ്പു വരുത്തുന്നതിനായി ദ്വീപില്‍ ഓരോ ആള്‍ക്കും പ്രത്യേകം ആതിഥേയരെയും ഏര്‍പ്പെടുത്തുന്നുണ്ട്.

അതുപോലെ തന്നെ മിനി ബാര്‍, അഞ്ചു വ്യത്യസ്ത തരം ചായകള്‍, 24 മണിക്കൂര്‍ ഭക്ഷണം എന്നിവയും ഇവിടെ ലഭിക്കും. അതിഥികള്‍ക്കൊപ്പം വരുന്ന ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കാതെ ഭക്ഷണം ലഭിക്കും. രണ്ടു കുട്ടികള്‍ക്ക് വരെ ഇങ്ങനെ സൗജന്യമായി ബുഫേയില്‍ നിന്ന് ഭക്ഷണം കഴിക്കാം. ആറു മുതല്‍ പന്ത്രണ്ടു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പകുതി നിരക്കിലാണ് ഭക്ഷണം നല്‍കുന്നത്.

ഹോങ്കോംഗ് SAR ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷാന്‍ഗ്രി -ലാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോര്‍ട്ട്. ഇവര്‍ക്ക് ഏഷ്യയിലാകെ 100ലധികം ഹോട്ടലുകളുണ്ട്. സണ്‍സെറ്റ് ഓവര്‍വാട്ടര്‍ വില്ലകൾ കൂടാതെ പൂൾ വില്ല, വൺ ബെഡ്‌റൂം ഡീലക്സ് പൂൾ വില്ല, ഓഷ്യൻ ട്രീ ഹൗസ് പൂൾ വില്ല, വണ്‍ റൂം ബീച്ച് വില്ല വിത്ത് പൂള്‍, ടു ബെഡ്‌റൂം ബീച്ച് വില്ല വിത്ത് പൂള്‍, ഗ്രാൻഡ് വില്ല മുത്തി വിത്ത് പൂള്‍, ഗ്രാൻഡ് വില്ല ലാലു വിത്ത് പൂള്‍ എന്നിങ്ങനെയുള്ള വ്യത്യസ്ത തരം വില്ലകളും അതിഥികള്‍ക്ക് തിരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com