sections
MORE

ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്: ഒാർക്കുമ്പോൾ ഇപ്പോഴും ഭയമാണ്; രഞ്ജിനിയുടെ യാത്ര

ranjini-jose-trip
SHARE

പാട്ടിൽ മാത്രമല്ല അഭിനയത്തിലും തിളങ്ങുന്ന താരമാണ് രഞ്ജിനി ജോസ്. മലയാളത്തിലും തമിഴിലുമായി നൂറോളം ചിത്രങ്ങൾക്ക്‌ ഗാനം ആലപിച്ചിട്ടുള്ള ഇൗ സുന്ദരിക്ക് ആരാധകരേറെയാണ്. സംഗീതത്തെ ജീവനു തുല്യം സ്നേഹിക്കുന്ന രഞ്ജിനിക്ക് യാത്രകളും പാഷനാണ്. ഒരുപാട് യാത്ര ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഷോകൾക്കു പോകുമ്പോൾ, പ്രോഗ്രാം കഴിഞ്ഞ് അവിടെയുള്ള പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളില്‍ പോകാറുണ്ടെന്നു രഞ്ജിനി പറയുന്നു.

ranjini-trip

കൊറോണ ഭീതിയില്‍ രാജ്യം മുഴുവനും ലോക്ഡൗണിലായതോടെ പ്ലാൻ ചെയ്തിരുന്ന ഷോകളും യാത്രകളുമൊക്കെ ഒഴിവാക്കേണ്ടിവന്നെന്നു രഞ്ജിനി പറയുന്നു. വിയന്നയിൽ ഒരു ഷോയുണ്ടായിരുന്നു ഡാഡിയും മമ്മിയുമൊത്ത് അവിടെ പോകണമെന്നും കാഴ്ചകൾ ആസ്വദിക്കണമെന്നുമായിരുന്നു ആഗ്രഹം. യാത്രയും ഷോയുമൊക്കെ കാൻസൽ ചെയ്യേണ്ടതിൽ വിഷമം തോന്നിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടത്. നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇൗ മഹാമാരിയിൽ നിന്നു മുക്തി നേടാനാകുകയുള്ളൂ. കൊറോണയുടെ ഭീതി കെട്ടടങ്ങി എല്ലാം ശാന്തമായി കഴിഞ്ഞാൽ എല്ലാം പഴയ നിലയിലാകുമെന്നും രഞ്ജിനി പറയുന്നു.

ranjini-jose-travel5

പ്രകൃതിയുടെ കാഴ്ചകൾ നിറഞ്ഞയിടത്തേക്ക് സഞ്ചരിക്കുവാനാണ് രഞ്ജിനിക്കിഷ്ടം. തിരഞ്ഞെടുക്കുന്ന മിക്ക യാത്രകളും അത്തരമാണ്. ഇത്തവണ ചെറു ട്രിപ്പുകളൊക്കെ പ്ലാൻ ചെയ്തിരുന്നു. അതെല്ലാം ഒഴിവാക്കേണ്ടി വന്നു. തേക്കടിയിലേക്ക് യാത്ര പ്ലാൻ ചെയ്തിരുന്നു. കാടറിഞ്ഞ് യാത്രചെയ്യാനും ചിത്രങ്ങള്‍ പകര്‍ത്താനുമെല്ലാം തേക്കടിയാത്ര അടിപൊളിയാണ്. കാഴ്ചകളൊക്കെയും ആസ്വദിച്ച് അവിടെ താമസിക്കണം എന്നൊക്കെ പദ്ധതിയുണ്ടായിരുന്നു. എല്ലാം കൊറോണ കാരണം ഒഴിവാക്കേണ്ടി വന്നു

ranjini-jose-travel3

യാത്രകളോടുള്ള പ്രിയം

മനസ്സ് വല്ലാതെ ബോറടിക്കുമ്പോൾ എത്ര തിരക്കിലും ചെറുയാത്രകൾ ചെയ്യണം. യാത്ര നൽകുന്ന ഉന്‍മേഷം മനസ്സിന് മാത്രമല്ല ശരീരത്തിനുകൂടിയാണ്. ടെൻഷന്റെ ലോകത്തിൽനിന്നു ശാന്തസുന്ദരമായ ഇടത്തിൽ‌ എത്തിച്ചേർന്ന അനുഭൂതിയാണ് ഒാരോ യാത്രയും സമ്മാനിക്കുന്നത് – രഞ്ജിനി പറയുന്നു.

ranjini-jose-travel

‘ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. വിദേശത്ത് ഉൾപ്പെടെ മിക്കയിടങ്ങളിലേക്കും യാത്ര പോയിട്ടുണ്ട്. ബാലിയിൽ‌‍ പോയിട്ടുണ്ടെങ്കിലും പിന്നെയും പോകണമെന്നു തോന്നുന്ന ഇടമാണ്. കംബോ‍ഡിയ ഇഷ്ട സ്ഥലങ്ങളിലൊന്നാണ്. ഇതുവരെ പോകാൻ സാധിച്ചിട്ടില്ല. ഗ്രീസ് പൗരാണികത കൊണ്ടും മനോഹാരിതകൊണ്ടും ആരേയും മയക്കുന്ന ഇടമാണ്. ഗ്രീക്ക് ദ്വീപുകളിലെ സൂപ്പര്‍ മോഡലാണ് സാന്‍ഡോരിനി എന്ന അതിമനോഹരമായ ദ്വീപ്‌. കടലിനടിയിലെ കാൽഡെറയിൽ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണശബളമായ പാറകളും വെളുത്ത നിറത്തിലുള്ള സുന്ദരമായ കെട്ടിടങ്ങളും പ്രകൃതിയുടെ അനന്യമായ സൗന്ദര്യവും ആരെയും മയക്കുന്നത്രയും ഭംഗിയുള്ള സൂര്യാസ്തമയങ്ങളും അഗ്നിപര്‍വ്വതശേഷിപ്പുകളും പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളും എല്ലാം ചേര്‍ന്ന് ആരെയും ഭാവഗായകനാക്കുന്നത്രയും അഴകുണ്ട് സാൻഡോരിനിക്ക്.ചിത്രങ്ങളിലും വിഡിയോകളിലും കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് അവിടേക്കുള്ള യാത്ര. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഇടമാണ് സാൻഡോരിനി. ഒരിക്കൽ ഇവിടേക്ക് പോകണം.

ranjini-trip1

പോകുമ്പോൾ കാഴ്ചകൾ ആസ്വദിക്കുക മാത്രമല്ല എന്റെ ഇഷ്ടം. ആ സ്ഥലത്തിന്റെ സംസ്കാരവും ജീവിതരീതിയും തൊട്ടറിഞ്ഞുള്ള യാത്രയാണ് ഏറെ ഇഷ്ടം. ഞാൻ കണ്ട പല രാജ്യങ്ങൾക്കും വ്യത്യസ്തമായ മുഖങ്ങളാണ്. അവരുടെ സംസ്കാരം അറിയുവാനും വൈവിധ്യം നിറഞ്ഞ വിഭവങ്ങളുടെ രുചിയറിയാനും ശ്രമിക്കാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഒരുപാട് തവണ പോയിട്ടുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലേക്കും ഞാൻ യാത്ര പോയിട്ടുണ്ട്. കൂടുതലും പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. അങ്ങനെ സ്വദേശവും വിദേശവുമടക്കം നിരവധിയിടത്തേക്ക് യാത്ര പോയിട്ടുണ്ട്.

മറക്കാനാവില്ല

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം അല്ലെങ്കിൽ വിസ്മയം, ഫ്ലോറിഡയിൽ നടത്തിയ സ്കൈ ഡൈവിങ്ങാണ്. ശരിക്കും വിസ്മയിപ്പിച്ച അനുഭവമായിരുന്നു. സ്കൂബഡൈവിങ് പോലെയുള്ള വിനോദങ്ങളും പ്രിയമാണ്.

ആന പിറകെ വന്നു

ജീവിതത്തിൽ ഇത്രയും പേടിച്ച യാത്ര വേറേയില്ല. ഇപ്പോഴും ഒാർക്കുമ്പോൾ ഭയമാണ്. കാടും കാട്ടാറുമൊക്കെ ആസ്വദിക്കാൻ ഒരുപാട് ഇഷ്ടമാണ്. ഒരിക്കൽ വയനാട്ടിലെ കാട്ടിലേക്ക് യാത്രതിരിച്ചു. കാട്ടാനകൾ‌ കൂട്ടുകൂടി പോകുന്നതു കണ്ട് ഞങ്ങൾ വാഹനം നിർത്തി ആ കാഴ്ച കണ്ടു. ആനക്കൂട്ടം മുന്നിലല്ലേ എന്ന ആശ്വാസത്തിലായിരുന്നു. പെട്ടെന്ന്  സൈഡിലേക്ക് നോക്കിയപ്പോൾ ഒറ്റയാൻ, ഞങ്ങളുടെ വാഹനത്തിന്റെ സൈഡിലൂടെ വരുന്നു. ശ്വാസം നിലച്ചപോലെയായിരുന്നു. വാഹനത്തിന്റെ ലൈറ്റ് ഒാഫ് ആക്കി ശബ്ദം ഉണ്ടാക്കാതിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പതിയെ വാഹനം എടുത്തു. വണ്ടിയുടെ ശബ്ദം കേട്ട് മുന്നിലേക്ക് നടന്ന ഒറ്റയാൻ ഞങ്ങളുടെ വണ്ടിയെ പിന്തുടർന്നു വന്നു. പിന്നെ ഒന്നും സത്യത്തിൽ ഒാർമയില്ല. വാഹനം എത്രയും വേഗത്തിൽ ഒാടിച്ചുപോയി. ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്. ആ സംഭവം ഇപ്പോഴും ഒാർക്കുമ്പോൾ ഭയമാണ്. 

ഇനിയും ഒരുപാട് യാത്രകള്‍  നടത്താനുണ്ട്, കൊറോണയുടെ ഭീതിയെല്ലാം മാറി എല്ലാം പഴയനിലയിലാകുമെന്നു പ്രതീക്ഷയുണ്ടെന്നും രഞ്ജിനി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA