sections
MORE

ഇവിടം സ്വര്‍ഗമാണ്; ലോക്ഡൗൺ സ്വാതന്ത്ര്യം ആഘോഷിക്കുന്ന മൃഗങ്ങൾ

wild-life
Image Source: Twittet
SHARE

വിനോദസഞ്ചാരികളില്ലാതായ ദേശീയോദ്യാനങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ. മനുഷ്യര്‍ അരങ്ങൊഴിഞ്ഞപ്പോള്‍ വന്യമൃഗങ്ങള്‍ അക്ഷരാർഥത്തില്‍ ആഘോഷിക്കുകയാണ്. അതിന്റെ തെളിവാണ് ബെയര്‍ പാര്‍ട്ടിയും സിംഹങ്ങളുടെ റോഡിലെ വിളയാട്ടവുമെല്ലാം. മനുഷ്യന്റെ തിക്കും തിരക്കുമില്ലാത്ത ബഹളരഹിതമായ വന്യജീവിപാര്‍ക്കുകളിലെയെല്ലാം മൃഗങ്ങള്‍ ഇപ്പോള്‍ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. വാഹനങ്ങളുടെ ഒച്ചപ്പാടുകളും മലീനീകരണവും ഒന്നുമില്ലാതായതോടെ അവിടമൊക്കെ ശരിക്കും സ്വര്‍ഗ്ഗമായിത്തീര്‍ന്നിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലോകപ്രശസ്തമായ, അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന ദേശീയോദ്യാനങ്ങളിലൊന്നായ യോസെമൈറ്റും ദക്ഷിണാഫ്രിക്കിലെ ക്രൂഗര്‍ നാഷനല്‍ പാര്‍ക്കുമെല്ലാം.

മാര്‍ച്ച് 20 മുതല്‍ യോസെമൈറ്റ് ഏതാനും ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒഴികെ മറ്റെല്ലാവര്‍ക്കുമായി അടച്ചിരിക്കുകയാണ്. വെള്ളച്ചാട്ടങ്ങള്‍ക്കും ഭീമാകാരമായ സെക്വോയ മരങ്ങള്‍ക്കും പേരുകേട്ട ഈ പാര്‍ക്ക് സാധാരണയായി പ്രതിവര്‍ഷം 3 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. അതില്‍ തന്നെ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയം തിരക്ക് അതിന്റെ പാരമ്യത്തിലെത്തും. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായി സംഭവിച്ചിരിക്കുന്നു. കൊറോണയെ തുരത്താന്‍ ലോക്ഡൗണിലേയ്ക്ക് നാടും നഗരവുമെല്ലാം നീങ്ങിയപ്പോള്‍ പാര്‍ക്കുകള്‍ വിജനമായി. അതോടെ വന്യമൃഗങ്ങള്‍ക്ക് അവരുടെ സ്വൈരവിഹാരവും സ്വാതന്ത്ര്യവും തിരികെ ലഭിച്ചു. 

പാര്‍ക്ക് ഇപ്പോള്‍ വളരെ ശാന്തമാണ്. നദിയുടെയും വന്യജീവികളുടെയും പക്ഷികളുടെയും സ്വാഭാവിക ശബ്ദങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സന്ദര്‍ശകര്‍ ഉള്ളപ്പോള്‍ അധികം പുറത്തേക്കു വരാത്ത കരടികള്‍ ഇന്ന് മരത്തിനു മുകളിലും റോഡിലുമെല്ലാം യഥേഷ്ടം നടക്കുകയാണ്. പകല്‍സമയത്ത് പുറത്തു വരാത്ത കൊയോട്ടകളും വംശനാശഭീഷണി നേരിടുന്ന കറുത്ത കരടികളുമാണ് കൂടുതലുമായി യോസ്‌മൈറ്റിലുള്ളത്. എന്നാല്‍ ഇപ്പോഴത്തെ പ്രകൃതിയുടെ മാറ്റത്തില്‍ അവരും പങ്കാളികളാവുകയാണ്. പകല്‍വെളിച്ചത്തില്‍ പുറത്തിറങ്ങി നടക്കാന്‍ കരടികള്‍ ഇപ്പോള്‍ ഭയപ്പെടുന്നില്ലെന്ന് പാര്‍ക്ക് സൂക്ഷിപ്പുകാരും സാക്ഷ്യപ്പെടുത്തുന്നു. 300-500 വരെ കറുത്ത കരടികള്‍ യോസെമൈറ്റിലുണ്ടെന്നാണ് കണക്ക്.

യോസെമൈറ്റിലെ അതേ അവസ്ഥ തന്നെയാണ് ലോകമെമ്പാടുമുള്ള വന്യജീവികേന്ദ്രങ്ങളിലെല്ലാം. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷനല്‍ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ മനുഷ്യനെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നുറപ്പ്. ട്രാഫിക്കും വാഹനങ്ങളുടെ ഹോണടിയുടെ ബഹളവുമൊന്നും ഇല്ലാതായതോടെ സാധാരണയായി കുറ്റിക്കാട്ടില്‍ ഉറങ്ങുന്ന സിംഹങ്ങള്‍ റോഡുകള്‍ കയ്യടക്കിയിരിക്കുകയാണ്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം അവർ ആവോളം ആസ്വദിക്കുകയാണെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു. മാര്‍ച്ച് 25 മുതല്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി മനുഷ്യന്‍ ആധിപത്യം പുലര്‍ത്തുന്ന തങ്ങളുടെ ആവാസവ്യവസ്ഥയെ വന്യമൃഗങ്ങള്‍ വീണ്ടെടുക്കുന്ന കാഴ്ചയാണ് എങ്ങും.

English Summary: With people stuck in the house, wildlife at Yosemite National Park are reclaiming their homelands

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA