ADVERTISEMENT

മാഞ്ചസ്റ്റർ എന്ന പേര് കേൾക്കുമ്പോൾ മനസിലേയ്ക്ക് ഓടിയെത്തുക ലോകഫുട്ബോളിൻ്റെ  നെടുംതൂണുകളായ ഫുട്ബോൾ ക്ലബുകളുടെ കാര്യമായിരിക്കും.എന്നാൽ ഈ നഗരത്തിന് പങ്കുവയ്ക്കാൻ , ചരിത്രം പിറന്ന മറ്റൊരിടം കൂടിയുണ്ട്. അതാണ് ചേതംസ് ലൈബ്രറി. 300 വർഷത്തിന് മേൽ പഴമയും പെരുമയുമുള്ള ഈ  ഗ്രന്ഥാലയത്തെ പ്രശസ്തമാക്കുന്നത് മാർക്സും ഏംഗൽസും തമ്മിലുളള കൂടിക്കാഴ്ച നടന്ന ഇടമെന്ന ഖ്യാതിയാണ്.  ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു കൂടിക്കാഴ്ചയുടെ വേദി.

1653 ലാണ് ചേതംസ് ലൈബ്രറി സ്ഥാപിതമായത്. ഓക്ക് മരത്തടികള്‍ കൊണ്ട് ചട്ടമിട്ടതട്ടോടു കൂടിയ മുറികൾ,  ഉയർന്നും താഴ്ന്നുമായി ക്രമീകരിച്ചിട്ടുളള ബുക്ക് ഷെൽഫുകൾ, മധ്യകാല വാസ്തുവിദ്യ, രഹസ്യ പാതകൾ, മറഞ്ഞിരിക്കുന്ന മുറ്റം എന്നിവയാൽ സമ്പന്നമായ  ഇവിടം  ഹാരി പോട്ടർ സിനിമയിലെ ഒരു രംഗത്തിന്റെ സെറ്റിനെ തീർത്തും അനുയോജ്യമായ സ്ഥലമായാണ് ഒറ്റ നോട്ടത്തിൽ അനുഭവപ്പെടുക.ചേതംസ് ലൈബ്രറി ബ്രിട്ടനിലെ അതിപുരാതനമായ പബ്ലിക് ലൈബ്രറിയാണ്. സമ്പന്നനായ മാഞ്ചസ്റ്റർ തുണി വ്യാപാരിയും ബാങ്കറും ഭൂവുടമയുമായ ഹംഫ്രി ചേതമാണ് പാവപ്പെട്ട വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളിൻറെ ഭാഗമായി ഈ വായനശാല സ്ഥാപിച്ചത്.  സംഗീത ക്ലാസുകൾക്ക് കൂടി പ്രശസ്തമാണ്  ഇന്ന് ഇവിടം.മാഞ്ചസ്റ്റർ അരീന, മാഞ്ചസ്റ്റർ കത്തീഡ്രൽ എന്നിവയ്ക്കൊപ്പമാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. ഐസക് ന്യൂട്ടന്റെ പ്രിൻസിപിയ മാത്തമാറ്റിക്കയുടെയും ജോൺ മിൽട്ടന്റെ പാരഡൈസ് ലോസ്റ്റിന്റെയും ആദ്യ പതിപ്പുകൾ അടക്കം അനേകം അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരം ഇവിടെക്കാണാം.

ചരിത്രം പിറവിയെടുത്ത മേശപ്പുറം

ലൈബ്രറിയുടെ ഒന്നാം നിലയില്‍ ജനലിനോട് ചേർന്ന് മൂലയിലായി തുകൽ കലറോടു കൂടിയ പുസ്തകങ്ങൾ കുമുഞ്ഞു കൂടിയ ഒരു മേശയും അതിനോടു ചേർന്ന് ഇരിപ്പിടങ്ങളുമുണ്ട്. 1850 കളിൽ . കാൾ മാർക്സും ഏംഗൽസും തങ്ങളുടെ അഭിപ്രായങ്ങളും ചിന്തകളും പങ്കുവച്ചത് ആ മേശയ്ക്ക് ഇരുപുറവുമിരുന്നായിരുന്നു. കാൾ മാർക്സ് ലണ്ടനിലായിരുന്നു താമസിച്ചിരുന്നത്, മാഞ്ചസ്റ്ററിലെ പതിവ് സന്ദർശകനായിരുന്നു. 1845 ലാണ് ഇരുവരും ചേതംസിലെ റീഡിംഗ് റൂമിലെ ജനലിനോടു ചേർന്ന് ഒരു മൂലയിലുള്ള മേശക്ക് ഇരുപുറവുമിരുന്ന്  ചർച്ചകളിലും പഠനങ്ങളിലും ഏർപ്പെട്ടിരുന്നത്.

പിന്നീട്, 1870-ൽ മാർക്സിന് എഴുതിയ കത്തിൽ ലൈബ്രറി തനിക്ക് എത്രത്തോളും പ്രാധാന്യമുള്ളതും പ്രിയങ്കരവുമാണെന്ന് ഏംഗൽസ്  വിവരിക്കുന്നുണ്ട്. . ഏംഗൽസിൻ്റെ വാക്കുകളിലൂടെ... “ഇരുപത്തിനാല് വർഷം മുമ്പ് നമ്മൾ ഒരുമിച്ചിരുന്ന ലൈബ്രറിയിലെ മൂലയിലെ നാല് വശങ്ങളുള്ള മേശയോടു ചേര‍്ന്നുള്ള ഇരിപ്പിടങ്ങളിൽ  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ഏറെ നേരം ഇരുന്നു. എനിക്കീ സ്ഥലം അത്രമേൽ പ്രിയപ്പെട്ടതാണ്"

ചരിത്രത്തിന്റെ അമൂല്യ നിമിഷങ്ങൾ പിറന്ന ആ ഇടം ലൈബ്രറി  ഇന്നും പരിപാവനമായി കാത്തു സൂക്ഷിക്കുന്നു.1875 ൽ ഒരു കൊടുങ്കാറ്റിൽ ആ ജനലിൻ്റ വർണ്ണ ഗ്ലാസ് ജാലകങ്ങൾ തകർന്നു പോയി. അവ ഇപ്പോൾ പ്ലെയിൻ ഗ്ലാസാണ്, പക്ഷേ ജനലിനോട് ചേർന്നുള്ള മൂലയിൽ ആ മേശയും ഇരിപ്പിടങ്ങളും അതുപോലെ നിലനിർത്തിയിട്ടുണ്ട്. . രണ്ടുപേരും വായിച്ചിരുന്നു പുസ്തകങ്ങൾ ഇന്നും സന്ദർശകർക്ക് അവിടെ കാണാം.ഏംഗൽസും മാർക്സും കണ്ടുമുട്ടിയ സ്ഥലങ്ങളിൽ ചേതത്തിന്റെ ലൈബ്രറി മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ എന്നുള്ളത് ഈ ഗ്രന്ഥശാലയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com