sections
MORE

മണ്ണിനടിയിൽ മറഞ്ഞു കിടന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം

borobudur-temple-3
SHARE

ഇന്തോനേഷ്യയിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബുദ്ധമതക്കാരുടെ പ്രധാന ആരാധനാലയമാണ് ബോറോബുദൂർ. എന്നാൽ ഈ ക്ഷേത്രം വ്യത്യസ്തമാകുന്നത് മറ്റൊരു കാരണം കൊണ്ടാണ്. കാലങ്ങളോളം മണ്ണിനടിയിൽ മൂടി കിടക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഈ ബുദ്ധ ക്ഷേത്രം. ക്ഷേത്രം പൂർണമായി ഒന്ന് കാണണമെങ്കില്‍ 9 നിലകളിലായി 5 കിലോമീറ്റര്‍ നടക്കണം.

borobudur-temple

ഇന്തോനേഷ്യയിലെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക പൈതൃക സൈറ്റുകളിൽ ഒന്നാണിത്. പല പ്രത്യേകതകളാൽ ഈ ക്ഷേത്രം വേറിട്ടു നിൽക്കുന്നു. അതിലൊന്നാണ് ഈ ക്ഷേത്രത്തിന്റെ നിർമ്മാണം. നൂതന ഉപകരണങ്ങളില്ലാതെ 23 വർഷമെടുത്താണ് ഭീമാകാരമായ ക്ഷേത്രം നിർമ്മിച്ചത്. ഇന്ന്,25 നിലകളുള്ള ഒരു കെട്ടിടം ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു വർഷം കൊണ്ട് നിർമിക്കാൻ കഴിയും.

ബോറോബുദൂർ ക്ഷേത്രത്തിന്റെ വലുപ്പം 10 നില കെട്ടിടത്തിന് തുല്യമാണ്. ബോറോബുദൂർ നിർമിക്കുമ്പോൾ, നിലം നിരപ്പാക്കാൻ ബുൾഡോസർ ഇല്ല. പാറകൾ വഹിക്കാൻ ട്രക്കുകളൊന്നുമില്ല. കല്ല് മുകളിലേക്ക് ഉയർത്താൻ ക്രെയിനും ഇല്ല. ഇതൊന്നുമില്ലാതിരുന്നിട്ടും ഈ ക്ഷേത്രം നിർമ്മിച്ച അന്നുള്ളവരുടെ വൈദഗ്ദ്യം ഒന്നാലോചിച്ചു നോക്കൂ.

borobudur1

ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍ വൃത്താകൃതിയിലുള്ള ഒരു പ്ലാറ്റ്‌ഫോം കാണാം. ഇതിന് ചുറ്റിലുമായി 72 സ്തൂപങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഓരോ സ്തൂപങ്ങളിലും ബുദ്ധന്റെ പ്രതിമ കാണാം. ഇവിടത്തെ വാസ്തു വിദ്യ ആരെയും ആശ്ചര്യപ്പെടുത്തും.ക്രിസ്തുവിന് മുമ്പ് 778 നും 850 നും ഇടയിലായിരുന്നു ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് ചരിത്രരേഖകളില്‍ പറയുന്നു. എന്നാല്‍ പിന്നീടെപ്പോഴോ ഉണ്ടായ വലിയൊരു അഗ്നിപര്‍വത സ്ഫോടനത്തിൽ ഈ ക്ഷേത്രം മുങ്ങിപ്പോവുകയായിരുന്നു. നൂറ്റാണ്ടുകളോളം ചാരത്തില്‍ മൂടി മറഞ്ഞു കിടന്നു ഈ അതുല്യ വാസ്തുവിദ്യ.

borobudur-temple-2

1970 ല്‍ യുനെസ്‌കോയുടെ സഹായത്തോടെ ഈ ക്ഷേത്രം കണ്ടെത്തുകയായിരുന്നു.

തോമസ് സ്റ്റാംഫോര്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ക്ഷേത്രം ആദ്യമായി കണ്ടെത്തുന്നത്. 1814ലായിരുന്നു മണ്ണിനടിയില്‍ ഇങ്ങനെ ഒരു ക്ഷേത്രമുള്ളതായി കണ്ടെത്തിയത്. എന്നാല്‍ മണ്ണ് മാറ്റുന്നതടക്കമുള്ള ജോലികള്‍ ആരംഭിച്ചത് 1907ലായിരുന്നു.

borobudur-temple-1

സമൃദ്ധമായ പച്ചപ്പാടങ്ങളെയും വിദൂര കുന്നുകളെയും മറികടന്ന് ഒരു കുന്നിൻ മുകളിൽ ഈ ക്ഷേത്രം ഗംഭീരമായി തലയുയർത്തി നിൽക്കുന്നു.  ചാരനിറത്തിലുള്ള ആൻ‌സൈറ്റ് കല്ലുകൊണ്ടാണ് ബോറോബുദൂർ നിർമ്മിച്ചിരിക്കുന്നത്. 

ക്ഷേത്രത്തിലെ കാഴ്ചകൾ അനേകമാണ്. കല്ലില്‍ കൊത്തിവെച്ചിരിക്കുന്ന അത്ഭുതങ്ങളും ബുദ്ധ പ്രിതിമകളുമെല്ലാം നിറഞ്ഞ ഒമ്പതു നിലകളാണ് ക്ഷേത്രത്തിനുള്ളത്. ഘടികാര സൂചികള്‍ കറങ്ങുന്ന അതേ ദിശയില്‍ വേണം മുകളിലേക്ക് കയറാന്‍. കമ്പോഡിയയിലെ അങ്കോർ വാട്ടിനും നൂറ്റാണ്ടുകൾക്ക് മുമ്പേ നിർമ്മിച്ചതാണീ ഗംഭീര ബുദ്ധക്ഷേത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA