ADVERTISEMENT

ഏറ്റവും കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പാരീസിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് 90 മിനിറ്റിനുള്ളിൽ യാത്രക്കാരെ എത്തിക്കാൻ കഴിയുന്ന അതിവേഗ ട്രെയിൻ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഹാർട്ട് ഹൈപ്പർലൂപ്പ് എന്ന ഡച്ച് കമ്പനി.

നഗരങ്ങളിലെ തിരക്ക്, അമിത ജനസംഖ്യ എന്നിവ നിയന്ത്രിക്കുകയും ഗ്രാമ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം ആയാസരഹിതമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നതെന്ന് ഹാർട്ട് ഹൈപ്പർ‌ലൂപ്പ് വെബ്‌സൈറ്റ് പറയുന്നു. മനുഷ്യന്‍റെ കഴിവിനെ പരിമിതപ്പെടുത്തുന്ന ഘടകങ്ങളാണ് ഇവയെന്നും കമ്പനി പറയുന്നു.

നിരവധി യാത്രക്കാർക്ക് ഉപകാരമാകാന്‍ പോകുന്ന ഈ പുതിയ ട്രെയിൻ 2028 ല്‍ യാഥാർത്ഥ്യമാകുമെന്നാണ് കമ്പനിയുടെ ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. . ദിവസേന ആളുകൾ യാത്ര ചെയ്യുന്ന അഞ്ച് പ്രധാന റൂട്ടുകളിലാണ് ഇപ്പോള്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

“ഉയർന്ന ശേഷി, കുറഞ്ഞ ഊർജ്ജ ഉപയോഗം, യാത്രാസമയം ഗണ്യമായി കുറയ്ക്കാനുതകുന്ന മികച്ച വേഗത എന്നിവയാണ് ഇതിന്‍റെ ഗുണങ്ങള്‍. ഉദാഹരണത്തിന് ആംസ്റ്റർഡാമും പാരീസും തമ്മിലുള്ള യാത്രക്ക് വെറും 90 മിനിറ്റ് മാത്രമേ എടുക്കൂ”ഹാർഡ് ഹൈപ്പർലൂപ്പ് പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ദേശീയ, അന്തർദേശീയ റൂട്ടുകളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് . പുതിയ ട്രെയിൻ പാരീസിനെയും ആംസ്റ്റർഡാമിനെയും മാത്രമല്ല, ആംസ്റ്റർഡാമിനെ ഗ്രോനിൻഗെൻ, ഹേഗ് എന്നിവയുമായും ബന്ധിപ്പിക്കും. ആംസ്റ്റർഡാമിനെ ഡ്യൂസെൽഡോർഫ്, ഫ്രാങ്ക്ഫർട്ട് എനിവയുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.  

കാറില്‍ യാത്ര ചെയ്‌താല്‍ ഏകദേശം ഒന്നര മണിക്കൂര്‍ എടുക്കുന്ന ആംസ്റ്റർഡാം- ഐൻഡ്‌ഹോവന്‍ യാത്രക്ക് ഏകദേശം 15 മിനിറ്റ് മാത്രമേ എടുക്കൂ. അതേപോലെ ആംസ്റ്റർഡാമില്‍ നിന്ന് ഡ്യൂസെൽഡോർഫിലേക്ക് കാറിലെത്താന്‍ രണ്ടര മണിക്കൂറിലധികം സമയം വേണം. പുതിയ ട്രെയിനില്‍ ഇത് അരമണിക്കൂറിൽ താഴെയേ എടുക്കൂ. വീടും ജോലിസ്ഥലവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ഇത് സഹായിക്കും എന്നും കമ്പനി പറഞ്ഞു.

പുതിയ പദ്ധതി നടപ്പില്‍ വരാന്‍ ഏകദേശം ഒരു പതിറ്റാണ്ട് കഴിയുമെങ്കിലും പരിസ്ഥിതി സ്നേഹികള്‍ക്കും പ്രതിദിന യാത്രക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്ര ലക്ഷ്യമിടുന്നവര്‍ക്കുമെല്ലാം മികച്ച ഒരു അവസരമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com