sections
MORE

കൊറോണ ഭീതിയുണ്ടെങ്കിലും ലോക്ഡൗൺ ഇല്ലാത്ത അമേരിക്കയിലെ ഒരിടം

mount-rushmore
SHARE

വളഞ്ഞു പുളഞ്ഞു കിടക്കുന്ന മൗണ്ട് റഷ്‌മോറിലേക്കുള്ള പാതകളെല്ലാം ഇപ്പോൾ വിജനമാണ്. അമേരിക്കയുടെ ചരിത്രം പറയുന്ന, സന്ദർശകരിൽ  അഭിമാനവും അതിനൊപ്പം തന്നെ കൗതുകവും ഉണർത്തുന്ന ഇവിടം വിനോദ സഞ്ചാരികളുടെ മക്ക എന്നാണറിയപ്പെടുന്നത്. യു എസിലെ തെക്കൻ ഡക്കോട്ടയിലാണ് മൗണ്ട് റഷ്‌മോർ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നായ ഈ  മലനിരകളിൽ വിരലിൽ എണ്ണാവുന്നത്രയും യാത്രികർ മാത്രമാണ് ഇപ്പോഴെത്തുന്നത്. കോവിഡ് 19 രോഗത്തിന്റെ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ലോക്ഡൗൺ ഇല്ലാത്ത യു എസിലെ വളരെ കുറച്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് തെക്കൻ ഡക്കോട്ട. 

അതിസുന്ദരമായ കാഴ്ചകളുടെ പറുദീസയാണ് റഷ്‌മോർ മലനിരകൾ. നഗരത്തിന്റെ പ്രൗഢിയും പത്രാസുമൊന്നുമില്ലാത്ത, നാടൻ സുന്ദരി. മനോഹരമായ പ്രകൃതിയാണ്  പ്രധാന ആകർഷണം. തിക്കും തിരക്കും ബഹളവുമൊക്കെ മടുക്കുമ്പോൾ കുറച്ചേറെ ശുദ്ധവായു ശ്വസിക്കാൻ നഗരവാസികളെല്ലാം ഓടിയണയുന്നത് ഈ സുന്ദര ദേശത്തിലേക്കാണ്. 

ലോക്ഡൗൺ ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിച്ചു കൊണ്ടാണ് സഞ്ചാരികളെല്ലാം മൗണ്ട് റഷ്‌മോർ സന്ദർശിക്കാനെത്തുന്നത്. കൂടാതെ, മാസ്കുകളും ഗ്ലൗസുകളും ധരിക്കാനും അകലം പാലിക്കാനും അധികാരികളുടെ ഭാഗത്തു നിന്നും കർശന നിർദേശങ്ങളുമുണ്ട്. 

അമേരിക്കയുടെ ചരിത്രവും രാഷ്ട്രീയവും ഓർമിപ്പിക്കുന്ന, അതിമഹത്തരമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന കല്ലിൽ കൊത്തിയെടുത്ത കലാസൃഷ്ടിയാണ് മൗണ്ട് റഷ്‌മോറിലെ പ്രധാന കാഴ്ച. ഒരു രാഷ്ട്രമായി ആ നാടിനെ ഉയർത്തിയ, അവരുടെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയ, നൂറ്റമ്പതു വർഷത്തെ അവരുടെ ചരിത്രത്തിന്റെ പ്രതിനിധികൾ....നാലു രാഷ്ട്രത്തലവന്മാർ. അമേരിക്കയുടെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന, ആദ്യ രാഷ്ട്രപതി ജോർജ് വാഷിംഗ്‌ടൺ, ഫ്രാൻ‌സിൽ നിന്നും ലൂസിയാന മോചിപ്പിച്ച യു എസിന്റെ മൂന്നാം തലവൻ തോമസ് ജെഫേഴ്സൺ, സിവിൽ യുദ്ധകാലത്തു രാജ്യത്തെ വിജയകരമായി മുന്നോട്ടു നയിച്ച, അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിലെ നായകനായിരുന്ന പതിനാറാമത്തെ പ്രസിഡന്റ് എബ്രഹാം ലിങ്കൺ, അമേരിക്കയെ ലോകത്തിലെ തന്നെ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാക്കാൻ മുന്നിൽ നിന്നും നയിച്ച മുപ്പത്തിരണ്ടാം പ്രസിഡന്റ് തിയോഡർ റൂസ്‌വെൽറ്റ്. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് ശില്പങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നാനൂറോളം തൊഴിലാളികളുടെ അത്യധ്വാനവും കരവിരുതുമാണ് മൗണ്ട്‌ റഷ്‌മോർ മലമുകളിലെ രാഷ്ട്രത്തലവന്മാരുടെ ശില്പങ്ങളുടെ പിറവിയ്ക്കു പുറകിൽ. സമുദ്രനിരപ്പിൽ നിന്നും 5725 അടി മുകളിലായാണ് ഈ പർവത നിരകൾ. അതിന്റെ ഉച്ചസ്ഥായിയിലാണ്  രാജ്യത്തിൻറെ അഭിമാനം വാനോളമുയർത്തിയവർ തലയുയർത്തി നിൽക്കുന്നത്.  

പത്തുഡോളറാണ് റഷ്‌മോറിലേയ്ക്കു ഒരു വാഹനത്തിനുള്ള പ്രവേശന ഫീസ്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്നുണ്ടായിരുന്ന വിലക്കുകളെല്ലാം നീക്കിയെങ്കിലും ഇവിടെയുള്ള ഇൻഫർമേഷൻ സെന്റർ, കഫറ്റേരിയ, ഗിഫ്റ്റ് ഷോപ്പ് എന്നിവ പ്രവർത്തിക്കുന്നില്ല. സന്ദർശകർക്ക് അതിരാവിലെ അഞ്ചു മണി മുതൽ രാത്രി പതിനൊന്നു മണി പ്രവേശനാനുമതിയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA