'മുകിലിൻ മകളേ...' എന്ന ഗാനമാണ് മലയാള സിനിമാപിന്നണിഗാന രംഗത്തു മഞ്ജരി എന്ന ഗായികയെ അടയാളപ്പെടുത്തിയത്. 2005ൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന ചിത്രത്തിലെ ആ ഗാനം മഞ്ജരിയെ സംസ്ഥാന സർക്കാരിന്റെ മികച്ച ഗായിക പുരസ്കാരത്തിന് അർഹയാക്കി. പിന്നീടിങ്ങോട്ട് പതിനഞ്ച് വർഷങ്ങൾ, മലയാളത്തിലും തമിഴിലുമൊക്കെയായി എണ്ണം പറഞ്ഞ നിരവധി മനോഹരഗാനങ്ങൾ, കൂടെ ആൽബങ്ങളും ഹിന്ദുസ്ഥാനി ഗസലുകളും. വേറിട്ട ആലാപന ശൈലിയാൽ പിന്നണിഗാനരംഗത്തു സ്ഥാനമുറപ്പിച്ച പ്രിയ ഗായികയുടെ ഇഷ്ടങ്ങളിൽ സംഗീതത്തോടൊപ്പം സ്ഥാനമുണ്ട് യാത്രകൾക്കും. ഓരോ യാത്രകളും തനിക്കു മാനസികമായ ഉണർവും സന്തോഷവും പ്രദാനം ചെയ്യുന്ന പുത്തൻ അനുഭവങ്ങളാണെന്നാണ് മഞ്ജരി പറയുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായും അല്ലാതെയും ധാരാളം സ്ഥലങ്ങൾ സന്ദർശിക്കുന്ന മഞ്ജരി തന്റെ യാത്രാവിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുന്നു.

യാത്രകൾ, ഓർമയിൽ എന്നുമുണ്ടായിരിക്കേണ്ട അതിമനോഹരമായ അനുഭവങ്ങളാകണം
ഇന്ത്യയിലും വിദേശത്തുമായി നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പമുള്ള യാത്രകളാണ് ഏറെ പ്രിയം. ഒരുപാട് സ്ഥലങ്ങൾ കണ്ടു തീർക്കുക എന്നതിനപ്പുറം വളരെ കുറച്ചു സ്ഥലങ്ങൾ തിരഞ്ഞെടുത്തു അവിടെ മാത്രമായി പോയി വരാനാണ് കൂടുതലും ശ്രമിക്കുക. എന്തുകൊണ്ടെന്നാൽ കാണുന്ന നാടുകൾ... അവ സമ്മാനിക്കുന്ന ഓർമകൾ, അത് എക്കാലവും മനസിൽ സൂക്ഷിക്കണമെന്നാണ് ആഗ്രഹം. ഓരോ നാടും പറയുന്ന ചരിത്രവും സംസ്കാരവും കഥകളും അറിയാൻ കൂടുതലായി ശ്രമിക്കാറുണ്ട്. അത്തരം കഥകളാണ് ഓരോ യാത്രകളിലും എന്നെ കൂടുതൽ ആകർഷിക്കാറ്.

കുട്ടിക്കാല യാത്രകളിലെ ഓർമകളെ തുന്നിച്ചേർക്കുന്നതു മഴയായിരുന്നു
ബാല്യത്തിലെ യാത്രകളെ സമ്പന്നമാക്കിയിരുന്നത് മഴയും മാമ്പഴക്കാലവുമായിരുന്നു. ആ സമയത്തെ മറക്കാൻ കഴിയാത്ത യാത്രകൾ മസ്ക്കറ്റിൽ നിന്നും കേരളത്തിലേക്കുള്ള അവധിക്കാല യാത്രകളായിരുന്നു. ജൂൺ, ജൂലൈ മാസമായിരുന്നു അവിടെ സ്കൂൾ അവധി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കണ്ണൂർ, തളിപ്പറമ്പിലുള്ള അമ്മവീട്ടിലേക്കുള്ള യാത്രകൾ.. തോരാത്ത മഴയും മാമ്പഴങ്ങളും വ്യത്യസ്ത സുഗന്ധം പരത്തുന്ന പൂക്കളും കൊണ്ടായിരുന്നു അമ്മവീട്, ഞങ്ങളെ സ്വാഗതം ചെയ്തിരുന്നത്. മഴ നനഞ്ഞും മാമ്പഴം കഴിച്ചും പൂക്കൾ പറിച്ചും രണ്ടുമാസത്തോളം നീളുന്ന അവധിക്കാലം ആസ്വദിക്കുമായിരുന്നു. ഓർമകളിൽ ഇത്രയേറെ സുഗന്ധം നിറച്ച മറ്റു യാത്രകൾ കുറവാണ്.

എയർപോർട്ടിൽ നിന്ന് കണ്ടാസ്വദിച്ച നാടുകൾ
കോളേജ് പഠനം തിരുവനന്തപുരത്തായിരുന്നു. ആ സമയത്തു തന്നെ ഞാൻ സിനിമകളിൽ പാടി തുടങ്ങിയിരുന്നു. അക്കാലത്തെ യാത്രകളെല്ലാം തന്നെ സ്റ്റേജ് ഷോകൾക്കു വേണ്ടിയും റെക്കോർഡിങ്ങിനു വേണ്ടിയുള്ളതുമായിരുന്നു. അത്തരം യാത്രകളിൽ കൂടുതൽ സമയവും ചെലവഴിച്ചിരുന്നതു എയർപോർട്ടുകളിൽ ആയിരുന്നു. സ്ഥലങ്ങൾ കാണാനും ആസ്വദിക്കാനും വേണ്ടിയുള്ള യാത്രകളായിരുന്നില്ല. അതുകൊണ്ടു തന്നെ ആ യാത്രകളിൽ മറക്കാൻ കഴിയാത്തത് എന്നൊന്നില്ല എന്ന് പറയേണ്ടി വരും.

ഷോകൾക്കു വേണ്ടിയുള്ള ആദ്യത്തെ യാത്ര, ഒരു മാസം നീണ്ടു നിൽക്കുന്ന, ഇരുപതു രാജ്യങ്ങളിലൂടെ നീളുന്നതായിരുന്നു. എന്റെ ഹിന്ദുസ്ഥാനി കച്ചേരിയും ശോഭന മാമിന്റെ നൃത്തവും. സ്വിറ്റ്സർലാൻഡിലാണ് ചെന്നിറങ്ങിയത്. അവിടുത്തെ കാലാവസ്ഥ നമ്മുടേതിൽ നിന്നും ഏറെ വ്യത്യസ്തമായതു കൊണ്ട് തന്നെ ശബ്ദത്തെ അത് ബാധിക്കാതിരിക്കാനായി ഏറെ കരുതലുകളെടുത്തിരുന്നു. ഷോയ്ക്കു ശേഷമുള്ള സമയം മുഴുവൻ മുറിയിൽ വിശ്രമിക്കുകയായിരുന്നു. യൂറോപ്പും മിഡിൽ ഈസ്റ്റും സിംഗപ്പൂരും തുടങ്ങി ഒരുപാട് രാജ്യങ്ങളിൽ ഷോയുടെ ഭാഗമായി പോകാൻ സാധിച്ചിട്ടുണ്ട്. ഒരു യാത്രയിൽ വത്തിക്കാൻ സിറ്റിയിൽ കുറച്ചേറെ നേരം ചെലവഴിച്ചിട്ടുണ്ട്. അവിടെ വെച്ച് ആദ്യകാല മൈക്രോഫോൺ മുതൽ പിന്നീട് ഇങ്ങോട്ട് കണ്ടുപിടിക്കപ്പെട്ട എല്ലാ തരം മൈക്രോഫോണുകളുടെയും പ്രദർശനം കാണുവാൻ സാധിച്ചു. ഓരോ മൈക്രോഫോണിന്റെയും കാലഘട്ടവും സവിശേഷതകളുമെല്ലാം അവിടെയുള്ളവർ വിവരിച്ചു തരുകയും ചെയ്തു. ഒരു ഗായിക എന്ന നിലയിൽ എന്നെയേറെ സ്വാധീനിച്ച കാഴ്ചയായിരുന്നുവത്. ജർമനി, പാരീസ്, യുഎസിലെ പതിനേഴോളം സംസ്ഥാനങ്ങൾ, നെതർലാൻഡ്സിലെ ആംസ്റ്റർഡാം, ലണ്ടൻ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ് തുടങ്ങി ഒത്തിരിയേറെ രാജ്യങ്ങളിൽ ഇതിനോടകം പോകാൻ കഴിഞ്ഞിട്ടുണ്ട്.
കുമരകവും ലുധിയാനയും, ഈ നാടുകളും ഇവിടുത്തെ കായലുകളും ഏറെ ഭംഗി
കേരളത്തിൽ ഒരുപാട് തവണ പോയിട്ടുള്ളതും ഏറെ ഇഷ്ടമുള്ളതുമായ സ്ഥലം കുമരകം ആണ്. കുടുംബവുമൊന്നിച്ചു ഒന്നിലേറെ തവണ കുമരകത്തു പോയിട്ടുണ്ട്. കായലും സുന്ദരമായ പ്രകൃതിയും അതിമനോഹാരിയാക്കുന്ന നാടാണ് കുമരകം. അവിടുത്തെ ഭക്ഷണത്തോടും എനിക്കേറെ ഇഷ്ടമാണ്.

ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ രാജസ്ഥാൻ, ലുധിയാന, ബനാറസ്, ആഗ്ര, കൊൽക്കത്ത തുടങ്ങി ഒത്തിരി സ്ഥലങ്ങളുണ്ട്. ഓരോ രാജവംശങ്ങളുടെയും കഥകൾ പറയുന്ന രാജസ്ഥാനിലെ കൊട്ടാരങ്ങൾ ഇന്ത്യയുടെ പൈതൃകത്തിന്റെ നേർകാഴ്ചകളാണ്. കൊട്ടാരക്കെട്ടുകളുടെ വാസ്തുശില്പ ശൈലിയ്ക്കൊപ്പം അവിടുത്തെ രാജാക്കന്മാരുടെ വീര സാഹസികകഥകളും ചരിത്രവും എന്നെ ആകർഷിക്കാറുണ്ട്. ഡൽഹിയും എനിക്ക് അത്തരത്തിൽ ഏറെ പ്രിയയിടമാണ്. ഷിംലയും അവിടുത്തെ സുന്ദരിയായ പ്രകൃതിയും തണുപ്പുമൊക്കെ എന്നെ ആ നാടിന്റെ ആരാധികയാക്കി മാറ്റി. ലുധിയാന കനാലുകളുടെ നാടാണ്. കൃഷി ധാരാളമായുള്ള സ്ഥലമാണത്. കനാലുകളും വിളവെടുക്കാറായ കൃഷിയുമൊക്കെ കാണാൻ ഒരു പ്രത്യേക സൗന്ദര്യമാണ്. റോഡ് മാർഗം സൂറത്തിലേയ്ക്കു ഒരു യാത്ര പോയിട്ടുണ്ട്. സ്ഥലങ്ങളൊന്നും കാണാൻ പറ്റിയില്ലെങ്കിലും രസകരമായിരുന്നു ആ യാത്ര. ബനാറസിലെ യാത്രയിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോകാൻ സാധിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ പോയത് ഒരു ഷോയുടെ ഭാഗമായിട്ടായിരുന്നു, ഞായറാഴ്ചയായതു കൊണ്ട് തന്നെ കടകളെല്ലാം അടച്ചിരിക്കുകയിരുന്നു. രസഗുള കഴിക്കാൻ പറ്റിയില്ല എന്നൊരു നിരാശയാണ് കൊൽക്കത്തയെന്ന മഹാനഗരത്തെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസിൽ വരുക. ചെന്നൈ, ബെംഗളൂരു, ഗോവ, മുംബൈ തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്കയിടങ്ങളിലേയ്ക്കും യാത്രകൾ പോയിട്ടുണ്ട്.
പുതിയ പെട്ടി വാങ്ങേണ്ടി വരുമോ?
ഷോപ്പിംഗ് ഏറെ ഇഷ്ടപ്പെടുന്നൊരു വ്യക്തിയാണ് ഞാൻ. കോസ്മെറ്റിക്സും വസ്ത്രങ്ങളുമാണ് കൂടുതലായി വാങ്ങുക. യുഎസ് യാത്രയിൽ ന്യൂയോർക്കിൽ നിന്നും വാങ്ങിക്കൂട്ടിയ സാധനങ്ങൾ വയ്ക്കാൻ വേറൊരു പെട്ടി വാങ്ങിക്കേണ്ടി വരുമോ എന്നൊരു അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എവിടെ യാത്ര പോയാലും ആ സ്ഥലത്തെ ഓർമകളുമായി മടങ്ങണമെന്നു നിർബന്ധമുള്ളതു കൊണ്ട് തന്നെ എന്നെ ആകർഷിക്കുന്ന എന്തെങ്കിലും ഒരു വസ്തുവുമായിട്ടായിരിക്കും മിക്കവാറും തിരികെ വരുക.

ഭക്ഷണം, ഇത്രയേറെ സന്തോഷം നൽകുന്ന മറ്റൊന്നുമില്ല
ഒരു യാത്രയ്ക്കു പദ്ധതികൾ തയ്യാറാക്കുമ്പോഴേ ഞാൻ ഏറ്റവുമാദ്യം തിരയുക അവിടുത്തെ ഏറ്റവും വിശേഷപ്പെട്ട ഭക്ഷണമേതെന്നാണ്. ഏറ്റവും രുചികരമായ, വ്യത്യസ്തമായ ഭക്ഷണങ്ങൾ കണ്ടുപിടിച്ചു കഴിക്കാൻ എനിക്കേറെ ഇഷ്ടമാണ്. അത്തരത്തിൽ എന്നെ കൊതിപ്പിക്കുന്ന ഭക്ഷണങ്ങളിൽ ചെന്നൈയിലെ ഊണിനൊപ്പം കിട്ടുന്ന രസവും പൊരിയലും മുതൽ ന്യൂയോർക്കിലെ ഐ ഹോപ്പിൽ നിന്നും ലഭിക്കുന്ന പാൻകേക്കിനു വരെ സ്ഥാനമുണ്ട്. രാജസ്ഥാനിലെ മട്ടൻ വിഭവങ്ങൾ, ഹൈദരാബാദി ബിരിയാണി തുടങ്ങി എന്നെ ആകർഷിച്ച ഒത്തിരി വിഭവങ്ങളുണ്ട്. യാത്രകളിൽ എന്നെ ഏറ്റവും കൂടുതൽ സന്തോഷവതിയാക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ല. പത്തുവയസുള്ളപ്പോഴാണ് കുടുംബവുമൊന്നിച്ചു ഒരു വിദേശയാത്ര പോയത്. ജർമ്മനി, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര. അവിടെ മ്യൂണിക്കിൽ വെച്ച് ഒരു പോർക്ക് ഡിഷ് കഴിച്ചതിന്റെ ഓര്മ ഇന്നും നാവിലുണ്ട്. പോർക്കിന്റെ ബെല്ലി, അവിടുത്തെ വിശേഷപ്പെട്ട ഒരു വിഭവമായിരുന്നു അത്. വളരെ മാർദ്ദവമുള്ളതും ഇത്രയധികം രുചികരവുമായ മറ്റൊരു പോർക്ക് വിഭവം ഞാൻ പിന്നീട് ഇതുവരെ കഴിച്ചിട്ടേയില്ല.
പൂക്കൾ...പനിനീർപ്പൂക്കൾ
റോസ്പുഷ്പങ്ങൾ എനിക്കേറെ ഇഷ്ടമാണ്. വ്യത്യസ്ത നിറത്തിലുള്ള പുഷ്പങ്ങൾ വിരിഞ്ഞു നിൽക്കുന്ന കാഴ്ച എന്നെ ഏറെ സന്തോഷിപ്പിക്കും. അതുകൊണ്ടു തന്നെ ഒരു സ്വപ്നയാത്രയെ കുറിച്ച് ചോദിച്ചാൽ പുഷ്പങ്ങൾ ധാരാളമായി കാണാൻ സാധിക്കുന്ന ഒരു സ്ഥലത്തേയ്ക്ക് പോകാനാണ് ആഗ്രഹം. ധാരാളം പൂക്കളും വ്യത്യസ്തമായ ഭക്ഷണവും ലഭിക്കുന്ന സ്ഥലങ്ങളാണ് എന്റെ സ്വപ്ന യാത്രയിലുള്ളത്.
ന്യൂയോർക്ക്, സിഡ്നി, സിംഗപ്പൂർ വീടിനോളം തന്നെ ഇഷ്ടം ഈ നാടുകളോടും
യാത്ര പോയതിൽ മനസിനേറ്റവും അടുപ്പം തോന്നിയ സ്ഥലങ്ങൾ ന്യൂയോർക്കും സിഡ്നിയും സിംഗപ്പൂരുമാണ്. ഒരു ഷോയ്ക്കു വേണ്ടി പോയതാണ് ന്യൂയോർക്കിൽ. അവിടെ ചെന്നപ്പോൾ രണ്ടാഴ്ചയോളം അവധി ലഭിച്ചു. കുറെ ദിവസം ആ നഗരത്തിന്റെ സൗന്ദര്യം ആസ്വദിച്ചും ഷോപ്പിങ് നടത്തിയും ചെലവഴിച്ചതു കൊണ്ടാണെന്നു തോന്നുന്നു. ആ നാടിനോട് മാനസികമായി വളരെ അടുപ്പമുണ്ട്. ന്യൂയോർക്കിനോളം തന്നെ എന്നെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു നാടാണ് സിഡ്നി. ധാരാളം പൂക്കളുള്ള നാട്, കൂടെ അതിമനോഹരമായ പ്രകൃതിയും. സിഡ്നിയുടെ സൗന്ദര്യമാണ് ആ നാടിന്റെ ആരാധികയാക്കിയത്. വളരെ പ്ലാൻ ചെയ്തും സമയബന്ധിതമായുമാണ് സിംഗപ്പൂരിൽ ഓരോ സ്ഥലങ്ങളും സന്ദർശിച്ചത്. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും സന്ദർശിക്കുകയുണ്ടായി. ഓരോ സ്ഥലങ്ങളുടെയും സവിശേഷതകൾ വിവരിച്ചു തരാൻ ഒരു ഗൈഡുണ്ടായിരുന്നു. എല്ലാ പ്രത്യേകതകളും അറിഞ്ഞുകൊണ്ട് ഒരു നാടിന്റെ സൗന്ദര്യം ആസ്വദിക്കുക എന്നതു അതിമനോഹരമായ അനുഭവമാണ്. ആ അനുഭവത്തിലൂടെ കടന്നുപോയത് കൊണ്ടുതന്നെയാകും സിംഗപ്പൂരിനോടും എനിക്ക് ഏറെ ഇഷ്ടമാണ്.