ADVERTISEMENT

കയ്യിലുള്ള മാപ്പ് നോക്കി എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുള്ളവരായിരിക്കും എല്ലാ സഞ്ചാരികളും. എന്നാല്‍ മാപ്പിലുള്ള എല്ലാ സ്ഥലങ്ങളും യഥാര്‍ത്ഥത്തില്‍ ഉള്ളതാവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. ചിലപ്പോള്‍ കഥകളില്‍ കേട്ട സ്ഥലങ്ങള്‍ വരെ മാപ്പുകളില്‍ പ്രത്യക്ഷപ്പെടാം! അതിന്‍റെ പിന്നാലെ തപ്പിപ്പോയാല്‍ ഒരിക്കലും എവിടെയും എത്താന്‍ പറ്റില്ല എന്നതാണ് സത്യം!

ന്യൂയോര്‍ക്കിന്‍റെ ഭൂപടത്തില്‍ ഇത്തരത്തില്‍ കടന്നു കൂടിയ ഒരു സങ്കല്‍പ്പിക നഗരമാണ് ആഗ്ലോ. 1930കളിലായിരുന്നു ന്യൂയോര്‍ക്ക് മാപ്പില്‍ ഈ നഗരം പ്രത്യക്ഷപ്പെട്ടത്. ക്യാറ്റ്സ്കിൽ‌സില്‍ NY 206 എന്ന പേരിടാത്ത റോഡിലായിരുന്നു മാപ്പില്‍ ഈ നഗരത്തിന്‍റെ സ്ഥാനം.

എന്നാല്‍ ഇതൊരിക്കലും ഒരു അബദ്ധമായിരുന്നില്ല എന്നതാണ് വാസ്തവം! മാപ്പ് നിര്‍മാതാക്കളുടെ ബുദ്ധിയായിരുന്നു ഇതിനു പിന്നില്‍. കഷ്ടപ്പെട്ട് ഉണ്ടാക്കിയ മാപ്പ് തങ്ങളുടെ എതിരാളികൾ കോപ്പിയടിച്ച് അതേ പോലെ പുറത്തിറക്കുന്നുണ്ടോ എന്നറിയാനായി ജനറല്‍ ഡ്രാഫ്റ്റിംഗ് കമ്പനി എന്ന സ്ഥാപനം പരീക്ഷിച്ച വിദ്യയായിരുന്നു ഇത്. കമ്പനി ഡയറക്ടറായ ഓട്ടോ ജി ലിന്‍ഡ്ബര്‍ഗും സഹായിയായ ഏണസ്റ്റ് ആല്‍പ്പേഴ്സും ചേര്‍ന്നാണ് മാപ്പില്‍ ഈ 'സ്ഥല'ത്തിന് സ്ഥാനം നല്‍കിയത്. തങ്ങളുടെ പേരില്‍ നിന്നും കടമെടുത്ത അക്ഷരങ്ങള്‍ ചേര്‍ത്തു വച്ച് അവര്‍ ഈ സ്ഥലത്തിന് ആഗ്ലോ എന്ന് പേരിടുകയായിരുന്നു.

നൂറ്റാണ്ടുകളായി കോപ്പിയടി പ്രശ്നം നേരിടുകയായിരുന്നു മാപ്പ് നിര്‍മാതാക്കള്‍. കാർട്ടോഗ്രാഫിക് കൃത്യത വർദ്ധിക്കുന്നതിനനുസരിച്ച് പ്രശ്നം കൂടുതൽ രൂക്ഷമായി. യഥാര്‍ത്ഥത്തില്‍ ഉള്ള സ്ഥലങ്ങള്‍ മാത്രമാണ് മാപ്പില്‍ ഉപയോഗിക്കുന്നത് എങ്കില്‍ മാപ്പ് മോഷണം ഒരിക്കലും തെളിയിക്കാനാവില്ല. ഇതിനൊരു പരിഹാരമായാണ് മാപ്പില്‍ ഒരല്‍പം ഫാന്റസി കൂടെ ചേര്‍ക്കുക എന്ന ആശയം വന്നത്. 'പേപ്പര്‍ ടൗണ്‍' എന്നറിയപ്പെടുന്ന, ഇങ്ങനെയുള്ള വ്യാജ സ്ഥലങ്ങള്‍ അതേ പോലെ ഈച്ചക്കോപ്പിയടിച്ച് പ്രിന്‍റ് ചെയ്തു വില്‍ക്കുന്ന എതിരാളികളെ പിടികൂടുക ഇതോടെ എളുപ്പമായി.

സാങ്കൽപ്പികമായ റോഡുകളും ഇങ്ങനെ പലപ്പോഴും മാപ്പുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. 'ട്രാപ്പ് സ്ട്രീറ്റുകൾ' എന്നാണ് അവയെ വിളിക്കുന്നത്.

ആഗ്ലോ അടയാളപ്പെടുത്തിയ ന്യൂയോർക്ക് സ്റ്റേറ്റ് മാപ്പ് പ്രസിദ്ധീകരിച്ച് കുറച്ച് വർഷങ്ങൾക്ക് ശേഷം, ജനറൽ ഡ്രാഫ്റ്റിംഗ് കമ്പനി അതിന്റെ പ്രധാന എതിരാളികളിൽ ഒരാളായ റാൻഡ് മക്നാലിയുടെ മാപ്പിലും ഈ നഗരം ചേര്‍ത്തതായി കണ്ടുപിടിച്ചു. എന്നാല്‍ റാൻഡ് മക്നാലി തന്‍റെ നിരപരാധിത്വം തെളിയിക്കാനായി റെക്കോഡുകളില്‍ നിന്ന് ആഗ്ലോയുടെ അക്ഷാംശ-രേഖാംശങ്ങള്‍ അടക്കം ശക്തമായി വാദിച്ചു.

പിന്നീട് സത്യം പരിശോധിച്ച ജനറൽ ഡ്രാഫ്റ്റിംഗ് കമ്പനി ഞെട്ടി! ആഗ്ലോ എന്ന് അടയാളപ്പെടുത്തിയ അതേ സ്ഥലത്ത്, അപ്പോഴേക്കും 'ആഗ്ലോ ജനറൽ സ്റ്റോർ' എന്ന പേരില്‍ ഒരു സ്ഥാപനം പ്രത്യക്ഷപ്പെട്ടിരുന്നു!

പിന്നീട് നടന്ന അന്വേഷണത്തില്‍ തങ്ങളുടെ ക്ലയന്‍റ് എസ്സോ പ്രസിദ്ധീകരിച്ച മാപ്പില്‍ നിന്നാണ് സ്റ്റോറിന് ആ പേര് കിട്ടിയതെന്ന് കമ്പനി കണ്ടെത്തി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജനറൽ ഡ്രാഫ്റ്റിംഗ് കമ്പനി പൂട്ടിപ്പോയതോടെ ആഗ്ലോയും ജനറല്‍ സ്റ്റോറുമെല്ലാം പതിയെപ്പതിയെ അപ്രത്യക്ഷമായി.

ജോണ്‍ ഗ്രീനിന്‍റെ പ്രശസ്തമായ 'പേപ്പര്‍ ടൌണ്‍സ്' എന്ന നോവലാണ്‌ ഈ സ്ഥലത്തിന് ഓണ്‍ലൈന്‍ ലോകത്ത് കൂടുതല്‍ പ്രചാരം നേടിക്കൊടുത്തത്. നോവലിലെ നായികയായ മാര്‍ഗോ നടന്നെത്തുന്ന സ്ഥലത്തിനും നോവലിസ്റ്റ് പേരിട്ടിരിക്കുന്നത് ആഗ്ലോ എന്നാണ്. അതുകൊണ്ടുതന്നെ ഇന്നും ഈ സ്ഥലം തിരയുന്നവര്‍ ധാരാളമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com