ADVERTISEMENT

സമതലങ്ങളും തടാകങ്ങളും പർവതങ്ങളുമാണ് തുർക്കിയുടെ സൗന്ദര്യം. ധാരാളം സഞ്ചാരികൾ ആ നാട്ടിലേക്ക് എത്തിയിരുന്നതും പ്രകൃതി സമ്മാനിച്ച ഈ മായിക കാഴ്ചകൾ ആസ്വദിക്കാനായിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം തുർക്കിയിലെ വിനോദ സഞ്ചാരമേഖലയെ പിടിച്ചുലച്ചപ്പോൾ രാജ്യത്തിന്റെ സാമ്പത്തികമേഖലയും താറുമാറായി. സ്ഥിതിഗതികൾ ഒരു പരിധിവരെ നിയന്ത്രണ വിധേയമായതോടെ, മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് സഞ്ചാരികൾക്കു രാജ്യം സന്ദർശിക്കാമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് തുർക്കി.

ഏതു രാജ്യത്തു നിന്നുള്ളവർക്കും തുർക്കിയിലേക്ക് പ്രവേശനമുണ്ട്. പക്ഷേ, കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിലുണ്ടാകണം. കൂടാതെ, രാജ്യത്തിലേയ്ക്കു പ്രവേശിക്കുന്നതിന് മുൻപ് വിദഗ്ധ പരിശോധനയ്ക്കു ഹാജരാകേണ്ടതുമാണ്. മെയ് രണ്ടാം വാരത്തോടെ രാജ്യം പൂർവസ്ഥിതിയിലെത്തുമെന്നും സഞ്ചാരികൾക്കു തുർക്കിയിലേക്ക് പ്രവേശിക്കാമെന്നും പ്രഖ്യാപിച്ചത് കൾച്ചർ ആൻഡ് ടൂറിസം മന്ത്രി മെഹ്മദ് നൂറി എർസോയ് ആണ്.

വളരെ വൃത്തിയുള്ള നാടാണ് തുർക്കി. പഴമയും പുതുമയും ഒത്തുചേരുന്ന കാഴ്ചകളുമായാണ് തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബുൾ സഞ്ചാരികളെ സ്വീകരിക്കുക. പേർഷ്യൻ വാസ്തു വിദ്യയുടെയും യൂറോപ്യൻ നിർമ്മാണകലയുടെയും സങ്കലനമായ നിരവധി കൊട്ടാരകെട്ടുകളും പള്ളികളും ഇവിടെയുണ്ട്. ഏഷ്യാഭൂഖണ്ഡത്തെയും യൂറോപ്യൻ ഭൂഖണ്ഡത്തെയും ബന്ധിപ്പിക്കുന്ന, കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ബോസ്‌ഫോറസ് പാലം സഞ്ചാരികളിൽ ആശ്ചര്യമുണർത്തും. ഹഗിയ സോഫിയ, സുൽത്താൻ അഹമ്മദ് പള്ളി, ഗ്രാൻഡ് ബസാർ, തോത്കാപി മ്യൂസിയം തുടങ്ങി പ്രശസ്തവും അപ്രശസ്തവുമായ ചരിത്രമുറങ്ങുന്ന നിർമിതികളും സുന്ദര കാഴ്ചകളും ഇസ്താംപൂളിൽ കാണാവുന്നതാണ്.

തുർക്കിയിലെ പ്രധാന സുഖവാസ കേന്ദ്രമായ ബോർസ, നഗര കാഴ്ചകളുടെ മോടിയില്ലാത്ത ഗ്രാമത്തിന്റെ ലാളിത്യവുമായി അതിഥികളെ സ്വീകരിക്കുന്ന നാടാണ്. ഇവിടുത്തെ മഞ്ഞുമൂടി കിടക്കുന്ന മലനിരകളും തടാകങ്ങളുമൊക്കെ ക്യാനവാസിൽ പകർത്തിയ ചിത്രങ്ങളോട് കിടപിടിക്കും. ഇത്തരം മനോഹര കാഴ്ച്ചകളുടെ പറുദീസയിലേക്കാണ് തുർക്കി സഞ്ചാര പ്രിയരെ സ്വാഗതം ചെയ്യുന്നത്. താത്പര്യമുള്ള, യാത്രാപ്രിയർക്കു  മെയ് മാസത്തിലെ രണ്ടാമത്തെ ആഴ്ച മുതൽ തുർക്കിയിലേയ്ക്ക് പ്രവേശനമുണ്ട്. കോവിഡ് ഭീതിയൊഴിഞ്ഞ നാടുകളിൽ നിന്നുള്ളവർ തുർക്കി കാണാൻ പോകാൻ ഒരുങ്ങിക്കോളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com