ബുര്‍ജ് ഖലീഫ നിര്‍മിക്കും വരെ ഇതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം

taipei-1
തായ്പേയ് 101
SHARE

തായ്‌പേയ് 101. ഒരു കാലത്ത് ലോകത്തിന്റെ ശ്രദ്ധ തായ്‌വാനിലേക്ക് തിരിയാന്‍ കാരണം ഈ തലപ്പൊക്കമുള്ള കെട്ടിടമാണ്. 2010ല്‍ ദുബായ്‌യില്‍ ബുര്‍ജ് ഖലീഫ നിർമിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു, തായ്‌പേയ് 101. 2004ലാണ് തായ്‌പേയ് 101 ഉദ്ഘാടനം ചെയ്തത്. അന്ന് ഈ കെട്ടിടത്തിന്റെ പേര് തായ്‌പേയ് ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നായിരുന്നു. തായ്‌പേയ്‌യുടെ ഏതു ഭാഗത്തു നിന്നു നോക്കിയാലും കാണാന്‍ പറ്റുന്ന തായ്‌പേയ് 101 കാണാനാണ് എന്റെ അടുത്ത യാത്ര...

taipei-34
തായ്പേയ് നഗരം

തായ്‌വാന്റെ അഭിമാനസ്തംഭമായ തായ്‌പേയ് 101ലേക്കുള്ള ടാക്‌സി യാത്രയില്‍ എപ്പോഴും നമ്മളെ നയിക്കുന്നത് ആ കെട്ടിടം തന്നെയാണ്. തെരുവുകള്‍ക്കപ്പുറം തലയുയര്‍ത്തി നില്‍ക്കുന്ന ആ അംബരചുംബി ഒരു മാപ്പിന്റെ ഗുണം ചെയ്യും എന്നര്‍ത്ഥം!

taipei-32
തായ്പേയ് നഗരം

തായ്‌പേയ് 101ന്റെ മുന്നില്‍ ടാക്‌സിയില്‍ ചെന്നിറങ്ങുമ്പോള്‍ അവിടെയെങ്ങും ഉത്സവമേളമാണ്. ഈ കെട്ടിടത്തിന്റെ ചുറ്റുമുള്ള പ്രദേശം ഒരു എന്റര്‍ടെയ്ന്‍മെന്റ് ഏരിയയാക്കി മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിനുള്ളിലേക്ക് നടന്നു. വലിയ സുരക്ഷ പരിശോധനയാണ് ഞാന്‍ അവിടെ പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു മെറ്റല്‍ ഡിറ്റക്ടര്‍ പോലും അവിടെ കണ്ടില്ല. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌ക്കെന്റിലെ വലിയൊരു ടവര്‍ കാണാന്‍ പോയത് ഓർമ വന്നു. തായ്‌പേയ് 101ന്റെ പകുതി ഉയരമേ ഉള്ളൂവെങ്കിലും എന്തൊരു സുരക്ഷാ പരിശോധനയായിരുന്നു എന്നു ഞാന്‍ ഓര്‍ത്തു. മൊബൈല്‍ ഫോണ്‍ പോലും താഷ്‌ക്കെന്റ് ടവറില്‍ അനുവദിച്ചില്ല.

taipei-3
തായ്പേയ് 101 -ന്റെ പ്രവേശന കവാടം

തായ്‌പേയ് 101ന്റെ ഉള്ളിലേക്ക് കയറിയ ഞാന്‍ അത്ഭുതലോകത്തിലെത്തിയ ആലീസിനെപ്പോലെ മിഴിച്ചു നിന്നു. ഒരു തകര്‍പ്പന്‍ ഷോപ്പിങ്മാളാണ് ഉള്ളില്‍ കണ്ടത്. ലോകത്തിലെ വമ്പന്‍ ബ്രാന്റുകളെല്ലാം മാളിലുണ്ട്. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് എല്ലാത്തിനും. സാധാരണക്കാരന് ഒരു ചായപോലും കുടിക്കാനാവില്ല, ഇവിടെ നിന്ന്. നാലുനിലകളിലായി ഷോപ്പിങ്മാള്‍ പരന്നു കിടക്കുന്നു. നാലാംനിലയിലേക്ക്  എസ്‌കലേറ്റര്‍ കയറി എത്തിയപ്പോള്‍ 'ഒബ്‌സര്‍വേറ്ററി' എന്നെഴുതിയ കവാടം കണ്ടു. ഇതിനുള്ളില്‍ നിന്നാണ് ടിക്കറ്റ് വാങ്ങി, ടവറിന്റെ മേലേക്ക് പോകേണ്ട ലിഫ്റ്റിലെത്താന്‍. 1200 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റെടുത്ത് സന്ദര്‍ശകര്‍ക്ക് എത്താവുന്നത് 89-ാം നില വരെയാണ്. 101 നിലകളാണ് തായ്‌പേയ് 101നുള്ളതെങ്കിലും 89നു മേലെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. തായ്‌പേയ്‌യുടെ പ്രധാനപ്പെട്ട വാര്‍ത്താവിനിമയ ഉപകരണങ്ങളാണ് 89 മുതല്‍ 100 വരെയുള്ള നിലകളില്‍ സ്ഥാപിച്ചിരിക്കുന്നത്. 101-ാം നിലയില്‍ ഒരു പ്രൈവറ്റ് വിഐപി ക്ലബ്ബാണുള്ളത് എന്നാണ് പറയപ്പെടുന്നത്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ലത്രേ. അത്തരം ചില കാര്യങ്ങളില്‍, അഥവാ നിഗുഢ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍, തായ്‌വാനും ചൈനയുടെ മാതൃകയാണ് പിന്തുടരുന്നതെന്നു തോന്നുന്നു.

taipei-10
ലിഫ്റ്റിനെക്കുറിച്ചുള്ള വിവരണങ്ങൾ

ടിക്കറ്റെടുത്ത് മുന്നോട്ടു നടക്കുമ്പോള്‍ ആ ലോകമഹാത്ഭുതം കാണാം-ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വേഗതയുണ്ടായിരുന്ന ലിഫ്റ്റ്. കൃത്യമായി പറഞ്ഞാല്‍ 2004 മുതല്‍ 2015 വരെ ലോകത്തിലെ ലിഫ്റ്റുകളിലെ ഉസൈന്‍ബോള്‍ട്ടായിരുന്നു ഇവന്‍. ജപ്പാനിലെ തോഷിബ കമ്പനി നിര്‍മ്മിച്ചു നല്‍കിയ ലിഫ്റ്റാണിത്. മിനുട്ടില്‍ 1010 മീറ്ററാണ് വേഗത. മണിക്കൂറില്‍ 60കി.മീ വേഗത എന്നു പറയാം. ഇത്തരത്തിലുള്ള രണ്ടു ലിഫ്റ്റുകളാണ് കെട്ടിടത്തിലുള്ളത്. ഒന്നിന്റെ നിർമ്മാണച്ചെലവു പോലും 2.4 കോടി ഡോളറാണ് എന്നും  അറിയുക. 

taipei-4
തായ്പേയ് 101 -നുള്ളിലെ ഷോപ്പിംഗ് മാൾ

തായ്‌പേയ് 101ന്റെ ആകെ ഉയരം 509 മീറ്ററാണ്. ഒബ്‌സര്‍വേറ്ററിയുള്ളത് 89-ാം നിലയില്‍:അതായത് 382 മീറ്റര്‍ ഉയരത്തില്‍. ഈ ഉയരത്തിലേക്ക് പറന്നു കയറാന്‍ ലിഫ്റ്റിനു വേണ്ടത് 37 സെക്കന്റ് മാത്രം! ഞാന്‍ ലിഫ്റ്റിനുള്ളില്‍ കയറി. ഞാനുള്‍പ്പടെ പത്തുപേര്‍ മാത്രം. 'വെല്‍ക്കം ടു തായ്‌പേയ് 101' : ലിഫ്റ്റ് ഓപ്പറേറ്റര്‍ യുവതി സ്വാഗതമോതി. എന്നിട്ട് അവള്‍ സ്വിച്ചില്‍ വിരലമര്‍ത്തി. ലിഫ്റ്റിന്റെ ചുവരില്‍ ഡിജിറ്റല്‍ കൗണ്ടര്‍ തെളിഞ്ഞു. ലിഫ്റ്റിന്റെ വേഗത, കയറുന്ന നിലകളുടെ എണ്ണം, ഒരു നില കയറാൻ എത്ര സെക്കന്റ് എന്നിവയെല്ലാം കൗണ്ടറില്‍ തെളിയുന്നുണ്ട്. 50 നിലയെത്തുന്നതുവരെ വേഗത താരതമ്യേന കുറവായിരുന്നു എന്നു തോന്നി. എന്നാല്‍ 50 മുതല്‍ 80 നിലവരെ മാക്‌സിമം വേഗത കൈവരിച്ചു, ലിഫ്റ്റ്. വായുസമ്മര്‍ദ്ദം മൂലം ചെവി അടഞ്ഞു. തല പെരുക്കുന്നതു പോലെ. 80 നില മുതല്‍ വേഗത കുറഞ്ഞു. 37-ാം  സെക്കന്റില്‍ ലിഫ്റ്റ് 89-ാം നിലയില്‍ സ്മൂത്തായി 'ലാന്‍ഡ്' ചെയ്തു. അപ്പോഴാണ്, കോട്ടയം ഭാഷയില്‍ പറഞ്ഞാല്‍, തലയ്‌ക്കൊരു 'വെളിവ്' വന്നത്!

taipei-5
തായ്പേയ് 101 -നുള്ളിലെ ഷോപ്പിംഗ് മാൾ

തായ്‌പേയ് സിറ്റിയുടെ 360 ഡിഗ്രി വ്യൂ ലഭിക്കുന്ന, കണ്ണാടി ജനലുകളുള്ള എയര്‍കണ്ടീഷന്‍ഡ് ഒബ്‌സര്‍വേഷന്‍ ഡെക്കാണ് 89-ാം നിലയിലുള്ളത്. നഗരത്തിലെ പിന്നിലെ കുന്നുകള്‍, കാടുകള്‍, ഹൗസിങ് ഏരിയകള്‍, കടല്‍, അംബരചുംബികള്‍, നേര്‍വര പോലെയുള്ള റോഡുകള്‍ - ഇങ്ങനെ അവിസ്മരമീയമായ ദൃശ്യങ്ങളാണ് ഒബ്‌സര്‍വേഷന്‍ ഡെക്ക് തുറന്നു തരുന്നത്. ഇവിടെ ഒരു കോഫി ഷോപ്പും റെസ്റ്റോറന്റുമുണ്ട്. കൂടാതെ, തായ്‌പേയ് 101ന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി, ടവറുമായി ബന്ധപ്പെട്ട സുവനീറുകള്‍ വില്‍ക്കുന്ന ഒരു ഷോപ്പും ഈ ഡെക്കിലുണ്ട്.

taipei-11
ഒബ്‌സർവേഷൻ ഡെക്ക്

തായ്‌പേയ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് ആര്‍ക്കിടെക്ടുമാരാണ് തായ്‌പേയ് 101 ഡിസൈന്‍ ചെയ്തത്. ഈ മേഖലയില്‍ വര്‍ഷത്തില്‍ രണ്ടു മാസത്തോളം ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റാണ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ ആശങ്ക സൃഷ്ടിച്ചത്. വിമാനഗതാഗതം പോലും നിര്‍ത്തിവെക്കേണ്ടി വരുന്നത്ര രൂക്ഷമാണ് ചില വര്‍ഷങ്ങളിലെ ചുഴലിക്കാറ്റ്. നിര്‍മ്മാണത്തിനിടെ മേലെ സ്ഥാപിച്ചിരുന്ന ക്രെയിന്‍ താഴെ വീണ് അഞ്ചു പേര്‍ മരിച്ച സംഭവമുണ്ടായതിനു കാരണം ചുഴലിക്കാറ്റായിരുന്നു. 

taipei-13
89-ാം നിന്നു കൊണ്ട് തായ്പേയ് നഗരം കാണുമ്പോൾ

ഈ ചുഴലിക്കാറ്റ് കെട്ടിടത്തെ തകര്‍ത്തെറിയാതിരിക്കാന്‍ അതിഗംഭീരമായ സാങ്കേതിക വിദ്യയാണ് എഞ്ചിനീയര്‍മാര്‍ പ്രയോഗിച്ചത്. 87-ാം നിലയ്ക്കും 91-ാം നിലയ്ക്കുമിടയില്‍ സസ്‌പെന്‍ഷന്‍ സിസ്റ്റമെന്ന ആ അത്ഭുതം കാണാം . 210 കി.മീ./മണിക്കൂര്‍ വേഗതയില്‍ കാറ്റടിച്ചാലും കെട്ടിടത്തെ 'സ്റ്റെബിലൈസ്' ചെയ്തു നിര്‍ത്തും, ഈ സസ്‌പെന്‍ഷന്‍. വാഹനങ്ങളുടേതുപോലെയുള്ള ഡാമ്പറുകളോടു കൂടിയ ഈ സിസ്റ്റത്തിന്റെ ഒരു ഡാമ്പറിനു മാത്രം 660 മെട്രിക് ടൺ  തൂക്കമുണ്ട്. കഴിഞ്ഞ 2500 വര്‍ഷത്തിനിടെ ഉണ്ടായ ഏതൊരു ഭൂകമ്പത്തെ അതിജീവിക്കാനും തായ്‌പേയ് 101 നെ പ്രാപ്തനാക്കുന്നുണ്ട്, ഈ സസ്‌പെന്‍ഷന്‍ സിസ്റ്റം.

taipei-18
കെട്ടിടത്തിന്റെ സസ്‌പെൻഷൻ സിസ്റ്റം

ഒരു വലിയ ഭൂഗോളം പോലെയുള്ള ഭാഗവും അതില്‍ നിന്ന് പുറപ്പെടുന്ന ഏതാനും കാലുകളും- അതാണ് ഈ സസ്‌പെന്‍ഷന്റെ രൂപം. 89-ാം നിലയില്‍ നിന്ന് പടികളിറങ്ങിയാല്‍ ഈ ഭീകരന്റെ അടുത്തെത്താം. ഞാന്‍ അവിടെയെത്തി ഏതാനും ചിത്രങ്ങളെടുത്തു. 

taipei-19
കെട്ടിടത്തിന്റെ സസ്‌പെൻഷൻ സിസ്റ്റം

2015 ഓഗസ്റ്റ് 6നുണ്ടായ വലിയൊരു ചുഴലിക്കാറ്റില്‍ ഡാമ്പറുകള്‍ ഒരു മീറ്റര്‍ വലിഞ്ഞു നിന്നത്രേ. അത്ര ഭയങ്കരമായിരുന്നു അന്നത്തെ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റ് ശക്തമാകുമ്പോള്‍ 'കംപ്ലീറ്റ് ലോക്ക്ഡൗണി'ലാകും തായ്‌വാന്‍. വീടുകളുടെ വാതില്‍ മണല്‍ച്ചാക്കുകള്‍ അട്ടിയായി വെച്ച് അടയ്ക്കുമത്രേ. ഇല്ലെങ്കില്‍ വാതിലുകള്‍ തകര്‍ത്ത് കാറ്റ് ഉള്ളില്‍ കയറും. ഇനി കയറാവുന്നത് 'ഓപ്പണ്‍ ഒബ്‌സര്‍വേറ്ററി'യിലേക്കാണ്. 89-ാം നിലയില്‍ 382 മീറ്ററിൽ കണ്ടത് ഗ്ലാസ് ജനലുകളുള്ള ഒബ്‌സര്‍വേറ്ററിയാണെങ്കില്‍, 442 മീറ്ററില്‍ തുറന്ന ഒബ്‌സര്‍വേറ്ററിയാണ് കാണാന്‍ കഴിയുക. ഇവിടെയും ഗ്ലാസ് ജനലുണ്ട്. പക്ഷേ മേല്‍ഭാഗം തുറന്നിരിക്കുന്നു. മേലോട്ടു നോക്കുമ്പോള്‍ കാണുന്നത് ബാക്കിയുള്ള പത്തോളം നിലകള്‍ ആകാശത്തേക്ക് തുറന്നിരിക്കുന്നതാണ്. ഇവിടുത്തെ ഗ്ലാസ് ജനലുകള്‍ യു വി കോട്ടഡാണ്. അതുകൊണ്ട്  വെയിലത്തു നിന്നാലും ചൂടിന്റെ ശക്തി കുറച്ചേ തോന്നുകയുള്ളു.

taipei-15
89-ാം നിന്നു കൊണ്ട് തായ്പേയ് നഗരം കാണുമ്പോൾ

കുറച്ചുനേരം ഓപ്പണ്‍ ഒബ്‌സര്‍വേറ്ററിയില്‍ നിന്നു. നല്ല കാറ്റുണ്ട്. സ്വസ്ഥമായി നിന്ന് കാഴ്ചകള്‍ കാണാന്‍ കാറ്റ് അനുവദിക്കുന്നില്ല. അതുകൊണ്ട് തിരിച്ച് ലിഫ്റ്റിലെത്തി, അതിവേഗം ബഹുദൂരം സഞ്ചരിച്ച് താഴെയുമെത്തി. തായ്‌പേയ്101നു ചുറ്റും ഒരു എന്റര്‍ടെയ്ന്‍മെന്റ് ഏരിയയാണെന്നു പറഞ്ഞല്ലോ. ഇവിടെ 'ലവ്'എന്നൊക്കെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ എഴുതിവെച്ച്, ഫോട്ടോ എടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. പൂക്കള്‍ കൊണ്ടുള്ള പന്തലും ഇല്യൂമിനേഷനുമൊക്കെ പരിസരത്ത് ഒരുക്കിയിട്ടുണ്ട്. തായ്‌പേയ് 101 കാണാനായി ബസ്സിലും കാറിലുമൊക്കെ എത്തുന്നവരുടെ തിരക്കാണ് എവിടെയും.

taipei-25
കെട്ടിടത്തിന് ചുറ്റുമുള്ള എന്റർടെയ്‌ൻമെന്റ് ഏരിയ

ഇന്നിനി തിരികെ മുറിയില്‍ പോയി വിശ്രമിക്കാനാണ് പരിപാടി. രാവിലെ തുടങ്ങിയ നടപ്പാണ്. യൂട്യൂബ് ചാനലിനു വേണ്ടിയുള്ള വീഡിയോയും യാത്രാവിവരണത്തിനുവേണ്ടിയുള്ള ഫോട്ടോകളും എടുത്തു കഴിയുമ്പോൾ അവശനായിപ്പോകും!

taipei-29
കെട്ടിടത്തിന് ചുറ്റുമുള്ള എന്റർടെയ്‌ൻമെന്റ് ഏരിയ

ടാക്‌സിയില്‍ കയറി പോകുംവഴി തായ്‌വാനിലെ വാഹന മേഖലയെക്കുറിച്ച് നോക്കി പഠിച്ചു. ഫോര്‍ഡ്, ഹോണ്ട, ക്രൈസ്‌ലര്‍, മിത്‌സുബിഷി , ടൊയോട്ട, നിസാന്‍ എന്നിവയുടെ കാറുകളാണ് ഏറെയും കാണുന്നത്. നിരവധി ചൈനീസ് കാറുകളുമുണ്ട്.  ടൊയോട്ടയാണ് ഈ രാജ്യത്തും ഏറ്റവുമധികം വിൽപന നേടുന്ന കമ്പനി . മൊത്തം കാര്‍ വിൽപനയുടെ 28.8 ശതമാനവും ടൊയോട്ടയാണ്. പ്രതിവര്‍ഷം 4 ലക്ഷം കാറുകളാണ് തായ്‌വാനില്‍ വിറ്റഴിയുന്നത്. 41 ശതമാനം കാറുകള്‍ ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് എന്ന കാര്യവും എടുത്തുപറയേണ്ടതുണ്ട്. ഇപ്പോള്‍ രാജ്യത്താകമാനം 70 ലക്ഷം കാറുകള്‍ തലങ്ങും വിലങ്ങും ഓടുന്നുണ്ടത്രേ.

taipei-34
തായ്പേയ് നഗരം

ഇരുചക്ര വാഹനങ്ങളുടെ എണ്ണവും മോശമല്ല. ആകെ രണ്ടു കോടിയിലധികം ഇരുചക്രവാഹനങ്ങള്‍ തായ്‌വാനിലുണ്ട്. ഇതില്‍ 20 ലക്ഷത്തിലധികം എൻജിന്‍ കപ്പാസിറ്റി കുറഞ്ഞ മോപ്പഡ് മോഡലുകളാണ് എന്നതും ശ്രദ്ധേയം.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA