ADVERTISEMENT

പ്രകൃതിദത്തവും അല്ലാത്തതുമായ ഒട്ടനവധി മഹാദ്ഭുതങ്ങള്‍ നിറഞ്ഞ ഇടമാണ് നമ്മുടെ ഭൂമി. യൂറോപ്യന്‍ രാജ്യമായ ക്രോയേഷ്യയില്‍ സ്ഥിതി ചെയ്യുന്ന അത്തരമൊരു അദ്ഭുത ദ്വീപിന്‍റെ കഥയാണ്‌ ഇനി പറയാന്‍ പോകുന്നത്. പുരാതനമായ പാര്‍ക്കുകളും കടൽത്തീര റിസോർട്ടുകളും ദ്വീപുകളുമടക്കം എണ്ണമറ്റ വിസ്മയങ്ങള്‍ നിറഞ്ഞ രാജ്യമാണ് ക്രോയേഷ്യ. 79 വലിയ ദ്വീപുകളും 500 ലധികം ചെറിയ ദ്വീപുകളും അടങ്ങിയ ക്രോയേഷ്യയില്‍ 'ബൽജെനാക്' എന്ന പേരില്‍ വളരെ പ്രശസ്തമായ ഒരു ദ്വീപുണ്ട്. ഇതിന്‍റെ പ്രത്യേകത എന്താണെന്നല്ലേ? മുകളില്‍ നിന്ന് നോക്കിയാല്‍ ശരിക്കും ഒരു ഭീമന്‍ വിരലടയാളം പോലെയാണ് ഇതിന്‍റെ രൂപഘടന! 

ഡാൽമേഷ്യൻ തീരത്ത് ഓവൽ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന ബൽജെനാക് ദ്വീപി(ബാവ്‌ജെനാക് എന്നും അറിയപ്പെടുന്നു)ന് 1.4 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമേയുള്ളൂ. ഈ ദ്വീപ്‌ മുഴുവന്‍ കല്‍മതിലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. മുകളില്‍ നിന്ന് നോക്കിയാല്‍ വിരലുകളിലെ വരകള്‍ പോലെയാണ് ഈ മതിലുകള്‍ കാണപ്പെടുക. 

Croatian-island

കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ദ്വീപാണ് ബൽജെനാക്. മുന്തിരിയും മറ്റു ഫലവര്‍ഗങ്ങളുമാണ് പ്രധാന കൃഷി. ഇവക്കിടയില്‍ പൂർണ്ണമായും കൈകൊണ്ട് നിർമിച്ചവയാണ് ഈ മതിലുകള്‍. സിമന്‍റ് ഉപയോഗിക്കാതെ, കല്ലുകള്‍ ഒന്നിന് മുകളില്‍ ഒന്നായി ചേര്‍ത്തു വച്ചാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. വിവിധ തരം വിളകള്‍ തരം തിരിക്കുന്നതിനും അവയെ കഠിനമായ കാറ്റിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി കര്‍ഷകരാണ് ഇവ നിര്‍മിച്ചത്. 

ഐതിഹ്യമനുസരിച്ച് പത്തൊൻപതാം നൂറ്റാണ്ടിലാണ് ഈ മതിലുകള്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശത്തെ എല്ലാ ക്രൊയേഷ്യൻ ദ്വീപുകളും കൂടി ചേർത്താൽ 300 ഓളം കർഷകർ ചേര്‍ന്ന്, 12 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ  106 കിലോമീറ്റർ നീളത്തില്‍ ഇങ്ങനെ മതിലുകൾ നിർമ്മിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്.

Croatian-island1

യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി ബൽജെനാകിനെ ചേര്‍ക്കണമെന്നും ഈ മതിലുകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രകൃതിസ്നേഹികള്‍ അടക്കമുള്ളവര്‍ സര്‍ക്കാരിനോട്‌ നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്‌. കെട്ടിടനിര്‍മ്മാതാക്കളുടെയും മറ്റും ചൂഷണം തടയാന്‍ ഇതുവഴി സാധിക്കും. 

English Summary: croatian island looks like a giant fingerprint

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com