ADVERTISEMENT

ദോഹ∙ പോയ വർഷം ഏറ്റവും കൂടുതൽ ഇന്ത്യാക്കാർ സഞ്ചരിച്ച രാജ്യങ്ങളിലൊന്നായി ഖത്തർ.  ഏപ്രിലിൽ സീസൺ അവസാനിച്ചപ്പോൾ കഴിഞ്ഞ ഒരു വർഷം മാത്രം  4,00,661 ഇന്ത്യൻ വിനോദസഞ്ചാരികളാണു ഖത്തറിലെത്തിയത്. ഒക്ടോബറിൽ അടുത്ത സീസൺ ആരംഭിക്കുന്നതിനു മുൻപ് ലോകത്തു നിന്ന് കോവിഡ് പ്രതിസന്ധി നീങ്ങിയാൽ കഴിഞ്ഞ സീസണിലെപ്പോലെ കൂടുതൽ സഞ്ചാരികൾ ഇക്കുറിയും എത്തുമെന്നാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. 

qatar-11
ഖത്തറിലെ മരുഭൂമിയും കടൽത്തീരവും

സിംഗപ്പൂർ, ക്വാലലംപൂർ, ബാങ്കോക്ക്, ഫുക്കെറ്റ് തുടങ്ങിയവയ്ക്കൊപ്പം സഞ്ചാരികളുടെ ഇഷ്ടനഗരമായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയും ഇടം നേടിക്കഴിഞ്ഞു. അടുത്തിടെ ഫോബ്സ് മാസിക പുറത്തിറക്കിയ പട്ടികയിൽ ലോകത്തിൽ സന്ദർശിക്കേണ്ട നഗരങ്ങളുടെ പട്ടികയിൽ ദോഹ 15ാം സ്ഥാനത്തുണ്ട്.

കടൽത്തീരങ്ങൾ,കടൽയാത്രകൾ, ഡെസേർട്ട് ഡ്രൈവിങ്, മരുഭൂമിയിലെ രാത്രി താമസവും ക്യാംപുകളും, പൈതൃക സന്ദർശന കേന്ദ്രങ്ങൾ, തനതു ഭക്ഷണ രുചികൾ തുടങ്ങി യാത്രകളെ സ്നേഹിക്കുന്നവർക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്.

qatar-8
ഖത്തറിലെ മരുഭൂമി

കടലിൽ മണ്ണിട്ടു നിർമിച്ച കൃത്രിമ ദ്വീപായ പേൾ, പൗരാണിക വാണിജ്യ കേന്ദ്രമായ സൂക്ക് വോക്കിഫ്, അറേബ്യൻ കുതിരകളുടെ പ്രജനനത്തിനും പരിശീലനത്തിനുമുള്ള  അൽ ഷാക്കബ് റേസിങ് അക്കാദമി, ഇസ്‍ലാമിന്റെ ചരിത്രം പറയുന്ന ഇസ്‍ലാമിക് മ്യൂസിയം, ഖത്തറിന്റെ ചരിത്രവും ജീവിതവും പറയുന്ന നാഷനൽ മ്യൂസിയം, കൾച്ചറൽ വില്ലേജ്, 2022ലെ ലോകകപ്പ് നടക്കാനൊരുങ്ങുന്ന സ്റ്റേഡിയങ്ങൾ, മരുഭൂമികവിലെ രാത്രി യാത്രയും ജീവിതവും ... തുടങ്ങി കാഴ്ചകളേറെ.

ഇന്ത്യ അടക്കമുള്ള 80ലേറെ രാജ്യങ്ങളിൽ നിന്നുള്ളവർക്കു ഖത്തർ സന്ദർശിക്കാൻ വിസ ആവശ്യമില്ലെന്ന തീരുമാനമാണു സഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ഇടയാക്കിയത്.  വിമാനത്താവളത്തിൽ ഇറങ്ങി വിസ ഓൺ അറൈവൽ  സേവനം മാത്രം തേടിയാൽ മതി. വിമാനക്കമ്പനികളുടെ ഓഫറിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്തു കുുടംബസമേതം യാത്ര ചെയ്തവരേറെ.

qatar-6
ദോഹയിലെ കൃത്രിമ ദ്വീപായ േപേൾ ദ്വീപിെനെറ ആകാശക്കാഴ്

ഖത്തർ എയർവേയ്സ് വഴി യാത്ര ചെയ്ത യൂറോപ്യൻ സ‍ഞ്ചാരികൾ ഇടത്താവളമെന്ന നിലയിൽ(സ്റ്റോപ് ഓവർ)  ഖത്തർ തിരഞ്ഞെടുക്കുന്നതും പതിവാണ്. 5–6 മണിക്കൂറുകൾ കൊണ്ട് തലസ്ഥാന നഗരമായ ദോഹയുടെ സൗന്ദര്യം നുകരുന്ന സിറ്റി ടൂർ മുതൽ ഒരാഴ്ച നീളുന്ന സന്ദർശനമാണു മിക്കവരും നടത്തിയത്. പോയവർഷം ഇന്ത്യക്കാരായ വൻ ബിസിനസ് കുടുംബങ്ങൾ വിവാഹ ഡസ്റ്റിനേഷനായും ഖത്തറിനെ തിരഞ്ഞെടുത്തിരുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, താമസത്തിനും ഭക്ഷണത്തിനും ഏതു തരക്കാർക്കും അനുയോജ്യമായ ഹോട്ടലുകളും റസ്റ്ററന്റുകളും ഖത്തറിലെത്തുന്നവരുടെ പ്രധാന ആകർഷണമായിരുന്നു.  വ്യത്യസ്തമായ ഷോപ്പിങ് അനുഭവങ്ങളുമായി വൻകിട മാളുകളും ധാരാളം. മറ്റു ഗൾഫ് രാജ്യങ്ങളിലെപ്പോലെ സ്ത്രീകൾക്കു സഞ്ചാരത്തിനോ വസ്ത്രധാരണത്തിനോ കടുത്ത നിയന്ത്രണങ്ങളുമില്ല. സ്ത്രീകൾക്കു തനിച്ചു സഞ്ചരിക്കാവുന്ന സുരക്ഷിതമായ ഇടം കൂടിയാണ്.  

qatar-10

ഒക്ടോബറിൽ ആരംഭിച്ച് ഏപ്രിൽ മാസത്തോടെ അവസാനിക്കുന്നതാണു ഖത്തറിലെ ടൂറിസം സീസൺ.  2022ലെ ലോകകപ്പിനെ ഖത്തർ വളരെ പ്രതീക്ഷയോടെയാണു കാണുന്നത്. ലോകത്തെമ്പാടുമുള്ള സഞ്ചാരികൾക്കു മുൻപിൽ എന്താണു ഖത്തർ എന്നു പറയാൻ കിട്ടുന്ന അവസരമായി അവരതു കാണുന്നു. അത് ഏറ്റവും മനോഹരമാക്കാനുള്ള അണിയറ പ്രവർത്തനങ്ങളാണു ഖത്തറിൽ ഇപ്പോൾ നടക്കുന്നത്.  

English Summary: Qatar Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com