പ്രകൃതി സ്വയം ഒരുക്കിയ 'ഇന്‍റര്‍ലോക്കിങ്' അദ്ഭുതം

GiantsCauseway
SHARE

വീടുകളില്‍ മുറ്റത്ത് പാകുന്ന ഇന്‍റര്‍ലോക്കിംങ് ടൈലുകള്‍ കണ്ടിട്ടില്ലേ? ഒന്നിനോടൊന്ന് ചേരുമ്പോള്‍ ഇടയില്‍ വിടവുകള്‍ വരാത്ത രീതിയില്‍ കൃത്യമായിട്ടാണ് അവ നിര്‍മിക്കുന്നത്. ഇത്തരത്തില്‍ പ്രകൃതി സ്വയം ഒരുക്കിയ ഒരു പ്രദേശമുണ്ട്, അളവുകള്‍ കൃത്യമായി ഒത്ത ഏകദേശം 40,000 ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയ 'ജയന്‍റ്സ് കോസ് വേ' എന്ന ഈ പ്രദേശം കാണുന്നവര്‍ക്കെല്ലാം അദ്ഭുതമാണ്.

വടക്കൻ അയർലണ്ടിന്‍റെ വടക്കൻ തീരത്ത്, ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കുകിഴക്കായി കൗണ്ടി ആൻട്രിമിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ നാലാമത്തെ 'പ്രകൃതിദത്ത മഹാദ്ഭുതമായാണ് ഇവിടം കണക്കാക്കുന്നത്. 1986ല്‍ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തിയ ഈ സ്ഥലം ഇന്ന് അയർലണ്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

ജയന്‍റ്സ് കോസ്‌വേയുടെ ഭൂരിഭാഗവും നാഷണൽ ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇവിടേക്കുള്ള സന്ദര്‍ശനം സൗജന്യമാണ്. ബാക്കിയുള്ള ഭാഗം ക്രൗൺ എസ്റ്റേറ്റിന്റെയും നിരവധി സ്വകാര്യ ഭൂവുടമകളുടെയും കയ്യിലാണ്. പ്രവേശന കവാടത്തിൽ നിന്ന് അര മൈൽ നടന്ന് കടലിന്‍റെ അറ്റത്തുള്ള ബസാൾട്ട് സ്തംഭങ്ങള്‍ക്ക് മുകളിലൂടെ സന്ദർശകർക്ക് നടക്കാം.ഇവിടെയുള്ള ഭൂരിഭാഗം സ്തംഭങ്ങളും മിക്ക നിരകളും ഷഡ്ഭുജാകൃതിയിലുള്ളവയാണ്. നാലോ അഞ്ചോ ഏഴോ എട്ടോ വശങ്ങളുള്ളവയും ഇടയ്ക്ക് കാണാം. 12 മീറ്റർ വരെ ഉയരമുള്ള സ്തംഭങ്ങള്‍ ഇവിടെയുണ്ട്.

Giants-Causeway2

സ്കോട്ടിഷ് ഭീമന്‍ നിര്‍മിച്ച പാത

സെല്‍റ്റിക് മിത്തോളജിയില്‍ പറയുന്ന ഫിന്‍ മക്കൂള്‍ എന്ന ഭീമാകാരനായ മനുഷ്യനാണ് ഈ പ്രദേശം നിര്‍മ്മിച്ചത് എന്നാണ് ഐതിഹ്യം. സ്കോട്ടിഷ് ഭീമനായ ബെനാന്‍ഡോണറിന്‍റെ യുദ്ധത്തിനായുള്ള വെല്ലുവിളി സ്വീകരിച്ച മക്കൂള്‍, ഇരുവര്‍ക്കും പരസ്പരം കണ്ടുമുട്ടാനായി നിര്‍മിച്ച പാതയാണ് ഈ കോസ്‌വേ എന്ന് കഥയില്‍ പറയുന്നു.

ഈ കഥയ്ക്ക് രണ്ടു ക്ലൈമാക്സുകള്‍ ഉണ്ട്. ഒരു കഥയില്‍ പറയുന്നത്  മക്കൂള്‍ ബെനാന്‍ഡോണറിനെ തോല്‍പ്പിച്ചു എന്നാണ്. എന്നാല്‍ എതിരാളിയുടെ വലുപ്പം തന്നെക്കാള്‍ ഒരുപാട് വലുതാണെന്ന് മനസിലാക്കിയ മക്കൂള്‍ ഭയചകിതനായി എന്ന് മറ്റൊരു കഥയുമുണ്ട്. മക്കൂളിന്‍റെ ഭാര്യയായ ഉനാഗ്, അയാളെ ഒരു കുഞ്ഞാക്കി വേഷം രൂപം മാറ്റി തൊട്ടിലില്‍ കിടത്തി. കുഞ്ഞിന്‍റെ വലുപ്പം കണ്ട ബെനാന്‍ഡോണര്‍ ഇങ്ങനെ ചിന്തിച്ചു, കുഞ്ഞിന് ഇത്ര വലുപ്പമെങ്കില്‍ ഇവന്‍റെ പിതാവ് ഭീമന്മാരില്‍ ഭീമനായിരിക്കും. തുടര്‍ന്ന് മക്കൂള്‍ വരാതായപ്പോള്‍ ബെനാന്‍ഡോണര്‍ പിന്‍വാങ്ങുകയും പിന്നീട് തന്നെ ആരും പിന്തുടരാതിരിക്കാന്‍ കോസ്‌വേ തകര്‍ക്കുകയും ചെയ്തു എന്നാണ് ഈ കഥ.

ശാസ്ത്രത്തിന്‍റെ വിശദീകരണം

50-60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, പാലിയോസീൻ യുഗം എന്നറിയപ്പെടുന്ന കാലഘട്ടത്തിൽ, ഇപ്പോൾ ആൻട്രിം കൌണ്ടി ഉൾപ്പെടുന്ന പ്രദേശം ധാരാളം അഗ്നിപർവ്വത പ്രവർത്തനങ്ങൾക്ക് വിധേയമായിരുന്നു. ഉരുകി ദ്രാവകരൂപമായ ബസാൾട്ട് ഒഴുകി വലിയ ഒരു ലാവ പീഠഭൂമി സൃഷ്ടിച്ചു. ലാവ തണുത്തപ്പോള്‍ അത് ചുരുങ്ങുകയും ഇടയ്ക്കിടെ വിള്ളലുകൾ ഉണ്ടാവുകയും ചെയ്തു. ഈ വിള്ളലുകൾ താഴേക്ക് വ്യാപിക്കുകയും സ്തംഭം പോലുള്ള ശിലാഘടനകൾ രൂപീകരിക്കപ്പെടുകയും ചെയ്താണ് ഈ സ്തംഭങ്ങള്‍ രൂപപ്പെട്ടതെന്ന് ശാസ്ത്രം പറയുന്നു.

English Summary : The myth and legend of the giants causeway

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA