ADVERTISEMENT

ഗെയിം ഓഫ് ത്രോണ്‍സ്' ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഇടമാണ് ഏഴു നൂറ്റാണ്ട് പഴക്കമുള്ള റോയല്‍ അല്‍കാസര്‍. സ്പെയിനിലെ സെവില്ലേയിലുള്ള രാജകീയ പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ പുരാതന കെട്ടിടമായിരുന്നു മാര്‍ട്ടല്‍ രാജവംശത്തിന്‍റെ സണ്‍സ്പിയര്‍ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായ ഡോണ്‍ ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആ മനോഹരമായ വാട്ടര്‍ഗാര്‍ഡനുകളും മൂറിഷ് ശൈലിയില്‍ പണിത കൊട്ടാരവുമെല്ലാം പ്രേക്ഷകര്‍ എങ്ങനെ മറക്കും!

ഇപ്പോഴിതാ റോയല്‍ അല്‍കാസര്‍ യാത്രയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിരിക്കുകയാണ് നടി റിമ കല്ലിങ്ങല്‍. ഇവിടുത്തെ ഓരോ നിമിഷവും താന്‍ ആസ്വദിച്ചു എന്നാണ് റിമ ഇവിടെ നിന്നുള്ള തന്‍റെ വീഡിയോക്കൊപ്പം കുറിച്ചത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും റിമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

alcazar-of-seville

യൂറോപ്പില്‍ ഇന്നും ഉപയോഗത്തിലുള്ള ഏറ്റവും പുരാതനമായ രാജകൊട്ടാരങ്ങളില്‍ ഒന്നാണ് റോയല്‍ അല്‍കാസര്‍. യുനെസ്കോയുടെ ലോക പൈതൃക ഗൃഹങ്ങളില്‍ ഒന്നു കൂടിയായ ഈ കെട്ടിടത്തിന്‍റെ മുകള്‍നിലയിലെ മുറികളില്‍ ഇന്നും സ്പാനിഷ്‌ രാജകുടുംബാംഗങ്ങള്‍ താമസിക്കുന്നുണ്ട്.

മുഡെജാര്‍ അഥവാ മൂറിഷ് വാസ്തുവിദ്യ അനുസരിച്ചാണ് ഇതിന്‍റെ നിര്‍മ്മാണം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്പെയിന്‍ ഭരിച്ചിരുന്ന അല്‍മൊഹേദ് എന്ന അറബിക് സാമ്രാജ്യമാണ് ഈ കൊട്ടാരത്തിന്‍റെ ആദ്യരൂപമായ അല്‍- മുവാരക് നിര്‍മ്മിച്ചത്. പിന്നീട് 1364-ല്‍ പെഡ്രോ ഒന്നാമന്‍ രാജാവിന്‍റെ ഉത്തരവനുസരിച്ച് ഇന്നത്തെ രൂപത്തിലേക്ക് കെട്ടിടം മാറ്റി പണിഞ്ഞു. നിര്‍മ്മാണത്തിനു ശേഷം പിന്നീട് നിരവധി തവണ പുനര്‍നിര്‍മ്മാണത്തിനും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കൊട്ടാരം വിധേയമായി. 

തറയിലെയും ചുവരുകളിലെയും മേല്‍ത്തട്ടിലെയും അലങ്കാരപ്പണികള്‍, സങ്കീര്‍ണ്ണമായ വിശദാംശങ്ങളോടു കൂടിയ അസുലെജോസ് സെറാമിക് ടൈലുകള്‍ എന്നിവയെല്ലാം ഈ കൊട്ടാരത്തെ കൂടുതല്‍ മനോഹരമാക്കുന്നു. കൂടാതെ റോസാപ്പൂക്കളും ഓറഞ്ച് മരങ്ങളും ജലധാരകളും നിറഞ്ഞ ഇവിടുത്തെ ഉദ്യാനങ്ങളുടെ ഭംഗിയും എടുത്തു പറയേണ്ടതാണ്.

ഒറിജിനല്‍ അറബിക് കൊട്ടാരത്തിന്‍റെ സിംഹാസന മുറി എന്നറിയപ്പെട്ടിരുന്നതും സ്വര്‍ണ്ണനിറത്തിലെ കൊത്തുപണികളോട് കൂടിയതുമായ 'അംബാസഡേഴ്സ് ഹാള്‍', നടുവില്‍ ബുധദേവ പ്രതിമയോടുകൂടിയ ഫൗണ്ടന്‍ ഉള്ള 'മെര്‍ക്കുറീസ് പോണ്ട്', ലാവയുറഞ്ഞുണ്ടായ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച 'ഇറ്റാലിയന്‍ ഗ്രോട്ടോ ഗാലറി', പെഡ്രോ രാജാവിന്‍റെ പ്രണയിനിയായിരുന്ന മരിയയുടെ പേരില്‍ നിര്‍മ്മിച്ച 'ബാത്ത്സ് ഓഫ് ലേഡി മരിയ ഡി പാഡില' തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.

'ഗെയിം ഓഫ് ത്രോണ്‍സ്' കൂടാതെ കിംഗ്ഡം ഓഫ് ഹെവന്‍, ലോറന്‍സ് ഓഫ് അറേബ്യ, സ്റ്റാര്‍ വാര്‍സ്: അറ്റാക്ക് ഓഫ് ദി ക്ലോണ്‍സ് മുതലായ സിനിമകളിലും സെവില്ലേ നഗരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

English Summary:celebrity travel Rima Kallingal Game of Thrones Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com