ADVERTISEMENT

ഒറ്റക്കിരിക്കാന്‍ ഇഷ്ടമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ഈ സ്ഥലത്തെക്കുറിച്ച് തീര്‍ച്ചയായും അറിയേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻസുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം!

 

1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ്  ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്നതും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു. 

 

പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി. ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്നതിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്. 

 

വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി. 

 

സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു. കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനില്ക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868 ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു. 

 

പിന്നീട് 1882- ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്.

 

ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com