ADVERTISEMENT

ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് ഇഷ്ടമല്ലാത്തവര്‍ ചുരുക്കമായിരിക്കും. യാത്രകളില്‍ കരുതാന്‍ പറ്റിയ ഭക്ഷണമാണ് ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ്. ഉപയോഗിക്കാൻ എളുപ്പമാണ് എന്നു മാത്രമല്ല, അനവധി രുചിഭേദങ്ങളില്‍ ലഭ്യമാണ് എന്നതും ഇത് തിരഞ്ഞെടുക്കാന്‍ കാരണമാണ്. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ന്യൂഡില്‍സ് തയാറാക്കുന്നത്. ഓരോ രാജ്യത്തിന്‍റെയും ഭക്ഷണരീതി അനുസരിച്ച് രുചിയിലും മാറ്റം വരും. അതുകൊണ്ടുതന്നെ മുഴുവന്‍ രുചികളും ട്രൈ ചെയ്ത് നോക്കാന്‍ ഒരു ജീവിതകാലം മതിയായെന്നു വരില്ല! എന്നാല്‍ എല്ലാത്തരം രുചികളെപ്പറ്റിയും അറിയാന്‍ ഒരു സ്ഥലത്ത് പോയാല്‍ മതിയെങ്കിലോ? ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് പ്രേമികള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലത്തെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. 

cup-noodles-museum

ജപ്പാനിലെ ഒസാകയില്‍ ന്യൂഡില്‍സിനു മാത്രമായി ഒരു മ്യൂസിയം തന്നെയുണ്ട്‌! 1999- ല്‍ സ്ഥാപിക്കപ്പെട്ട ഒസാക്ക ഇകെഡ എന്ന ഈ മ്യൂസിയത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 800- ലധികം ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് വെറൈറ്റികള്‍ സൂക്ഷിച്ചിട്ടുണ്ട്. കാണുക മാത്രമല്ല, വേണമെങ്കില്‍ രുചിക്കാനും സൗകര്യമുണ്ട്!

കപ്പ് ന്യൂഡിൽസിന്‍റെ ചരിത്രം പഠിപ്പിക്കുന്ന സംവേദനാത്മക മ്യൂസിയമാണ് ഒസാക്ക ഇകെഡ കപ്പ് ന്യൂഡിൽസ് മ്യൂസിയം. ഇകെഡയ്ക്ക് പുറമെ യോകോഹാമയിലും ഒരു കപ്പ് നൂഡിൽസ് മ്യൂസിയമുണ്ട്.

കപ്പ്‌ ന്യൂഡില്‍സ് ഉണ്ടായത് എങ്ങനെ എന്നറിയാമോ?

1958- ലാണ് ലോകത്തിലെ ആദ്യത്തെ ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് ആയ ‘ചിക്കന്‍ റേമന്‍’ ഉണ്ടാക്കപ്പെട്ടത്. മോമോഫുകു ആൻഡോ എന്ന ആളായിരുന്നു ഇതിനു പിന്നില്‍. പിന്നീട്, 1971- ൽ ആദ്യത്തെ കപ്പ് ന്യൂഡിൽസും ഇദ്ദേഹം തന്നെയാണ് കണ്ടുപിടിക്കുന്നത്. തീര്‍ന്നില്ല, 2005- ല്‍ ബഹിരാകാശത്തുവച്ചു കഴിക്കാന്‍ പറ്റുന്ന ‘സ്പേസ് റേമന്‍’ എന്ന ന്യൂഡില്‍സും മോമോഫുകു ലോകത്തിനു പരിചയപ്പെടുത്തി!

cup-noodles-museum1

മ്യൂസിയത്തിലെ കാഴ്ചകള്‍

ജപ്പാനിലെ കപ്പ്‌ ന്യൂഡില്‍സ് മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കായി വിവിധ ആക്റ്റിവിറ്റികളും ഒരുക്കിയിട്ടുണ്ട്. മൈ കപ്പ്‌ ന്യൂഡിൽസ് ഫാക്ടറി വർക്ക്‌ഷോപ്പ്, കപ്പ് ന്യൂഡിൽസ് ഡ്രാമ തിയേറ്റർ, ഇന്‍സ്റ്റന്‍റ്  ന്യൂഡില്‍സ് എക്സിബിഷൻ, ടേസ്റ്റിങ് റൂം, മ്യൂസിയം ഷോപ്പ് എന്നിവ അവയില്‍ ഉള്‍പ്പെടും. 

വിവിധതരം സൂപ്പ് രുചികളും 12 തരം ടോപ്പിങ്ങുകളും ഇട കലർത്തി ഓരോ ആളുടെയും താല്‍പര്യമനുസരിച്ച് കപ്പ് ന്യൂഡിൽസ് ഉണ്ടാക്കാനുള്ള ഇടമാണ് മൈ കപ്പ്‌ ന്യൂഡിൽസ് ഫാക്ടറി വർക്ക്‌ഷോപ്പ്.  ‘ചിക്കൻ റാമെൻ ഫാക്ടറി’യാണ് മറ്റൊരു പ്രത്യേകത. ഇവിടെ സന്ദര്‍ശകര്‍ക്ക് റാമെൻ‌ നൂഡിൽ‌സ് ഉണ്ടാക്കാനും കഴിക്കാനും സൗകര്യമുണ്ട്.

ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സ് ടണല്‍ ആണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഏകദേശം 800 തരം ന്യൂഡില്‍സ് വകഭേദങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വെറും അര നൂറ്റാണ്ടു മുന്‍പ് മാത്രം പിറവിയെടുത്ത ഒരു ഭക്ഷണ സാധനത്തിന്‍റെ ആഗോളതലത്തിലുള്ള വളര്‍ച്ചയും സ്വീകാര്യതയും ഇവിടെ കണ്ടറിയാം. ഇവിടത്തെ ‘മാജിക്കൽ ടേബിളിൽ’ ഇന്‍സ്റ്റന്‍റ് നൂഡിൽസുമായി ബന്ധപ്പെട്ട ചോദ്യങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. 

കാണുക മാത്രമല്ല, ഇഷ്ടപ്പെട്ട രുചിയിലുള്ള ഇന്‍സ്റ്റന്‍റ് നൂഡിൽസ് വാങ്ങിക്കാനും ഇവിടെ സൗകര്യമുണ്ട്. ഇതിനായാണ് ‘മ്യൂസിയം ഷോപ്പ്' ഒരുക്കിയിരിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com