കടല്‍ തീരത്ത് പ്രകൃതി ഒരുക്കിയ വിചിത്ര ശില്പങ്ങള്‍

taiwan-trip11
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ
SHARE

തായ്‌വാന്‍ ഡേയ്‌സ് -5

പ്രകൃതി തന്റെ ലീലാവിലാസങ്ങളെല്ലാം പ്രകടമാക്കുന്ന ദ്വീപ് രാജ്യമാണ് തായ്‌വാന്‍. കഴിഞ്ഞ അദ്ധ്യായത്തില്‍ സൂചിപ്പിച്ച, രണ്ടു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന, എല്ലാവര്‍ഷവും ആഞ്ഞടിക്കുന്ന ,ചുഴലിക്കാറ്റാണ് അത്തരം ലീലാവിലാസങ്ങളിലൊന്ന്. പിന്നെ, കടലിന്റെ നടുവില്‍ കഴിയുന്നതുകൊണ്ട്, കടല്‍ ഭൂമിയില്‍ വരുത്തുന്ന ചിത്രപ്പണികള്‍ വേറെയും. കടലും കരയും നിരന്തരമായി ഏറ്റുമുട്ടി, കരയില്‍ സൃഷ്ടിക്കുന്ന അത്ഭുത സൃഷ്ടികള്‍ തായ്‌വാനിലെ തീരപ്രദേശങ്ങളില്‍ നിരവധിയുണ്ട്. അവയില്‍ പലതും 'ജിയോളജിക്കല്‍ പാര്‍ക്കു'കളായി നിലനിര്‍ത്തിയിട്ടുമുണ്ട്. അവയില്‍ പ്രധാനപ്പെട്ട ജിയോപാര്‍ക്കുകളിലൊന്നായ 'എലിയു ജിയോളജിക്കല്‍ പാര്‍ക്കി'ലേക്കാണ്  ഇന്നത്തെ എന്റെ യാത്ര. തായ്‌പേയ് നഗരത്തില്‍ നിന്ന് 25 കി.മീ അകലെയാണ് എലിയു.

taiwan-trip4
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ

തലേന്ന് ഒരു നഗരയാത്രയില്‍ പരിചയപ്പെട്ട ടാക്‌സിക്കാരനോട് ഞാന്‍ എലിയുവിനെക്കുറിച്ച് സംസാരിച്ചിരുന്നു. കാഴ്ചയില്‍ മാന്യനെന്നു തോന്നിക്കുന്ന ഒരു 60കാരന്‍. എലിയുവില്‍ പോയി തിരികെ കൊണ്ടുവരാനുള്ള ഒരു 'ഡേ ട്രിപ്പി'ന് അദ്ദേഹം 4000 രൂപയാണ് ആവശ്യപ്പെട്ടത്. രാത്രിയിൽ വിളിക്കാമെന്നു പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങി വെച്ചു. എന്നിട്ട് മറ്റ് രണ്ടു ടാക്‌സിക്കാരോടു കൂടി ചോദിച്ചു. അവര്‍ രണ്ടുപേരും 6000 രൂപ ആവശ്യപ്പെട്ടതോടെ ആദ്യത്തെ സഖാവിനെ തന്നെ വിളിച്ച്, യാത്ര ഉറപ്പിച്ചു.

രാവിലെ 7.30ന് ഡ്രൈവറും കാറും റെഡി. തട്ടിമുട്ടി ഇംഗ്ലീഷ് പറയുന്നുണ്ട്, ഡ്രൈവര്‍. വലിയ തോതില്‍ ആശയവിനിമയം വേണ്ടിവരുമ്പോള്‍ ഞങ്ങള്‍ ഇരുവരും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററെ ആശ്രയിക്കും.നീണ്ട ഒരു ചൈനീസ് പേരാണ് ഡ്രൈവറിന്റേത്. തല്‍ക്കാലം 'ബാബു' എന്നു വിളിച്ചുകൊള്ളാന്‍ നമ്മുടെ നാട്ടില്‍ പറയുന്നതുപോലെ, 'ചാങ്' എന്ന് വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹം എന്നോടു പറഞ്ഞു.

taiwan-trip3
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ

ചാങ്ങിനോട് സംസാരിക്കുമ്പോഴാണ് ചൈന എന്ന വല്യേട്ടന്‍ തായ്‌വാനെ സാമ്പത്തികമായി തകര്‍ക്കാനുള്ള എത്ര വലിയ ശ്രമങ്ങളാണ് നടത്തുന്നതെന്ന് മനസ്സിലായത്. തങ്ങളുടെ വരുതിക്ക് നില്‍ക്കാത്തതിന്റെ പേരില്‍ തായ്‌വാനെതിരെ മറഞ്ഞും തെളിഞ്ഞും പലവിധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചൈന. അതിന്റെ ഭാഗമായി ചൈന ഈയിടെയായി തായ്‌വാനിലേക്ക് ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് വിസ കൊടുക്കുന്നില്ല. തായ്‌വാന്റെ ടൂറിസ്റ്റുകളില്‍ 90 ശതമാനവും ചൈനക്കാരായിരുന്നു. അവരാകട്ടെ, നന്നായി പണം ചെലവാക്കുന്നവരും സംഘം ചേര്‍ന്ന് യാത്ര ചെയ്യുന്നവരുമാണ്.  അങ്ങനെ തായ്‌വാന്റെ ടൂറിസം മേഖല ശക്തിപ്പെടുന്നു, നന്നായി വരുമാനം ലഭിക്കുന്നു എന്നൊക്കെ കണ്ടപ്പോള്‍ ചൈന, തങ്ങളുടെ പൗരന്മാര്‍ക്ക് തായ്‌വാനിലേക്ക് ടൂറിസ്റ്റ് വിസ കൊടുക്കാതായി. ഇപ്പോള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി മാത്രമേ ചൈനക്കാര്‍ക്ക് തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ കഴിയൂ.

taiwan-trip
ക്യൂട്ട് പ്രിൻസസ്

ചൈനക്കാര്‍ വരാതായതോടെ  തായ്‌വാന്റെ ടൂറിസം മേഖല തകര്‍ന്ന് തരിപ്പണമായി. 'എനിക്ക് പ്രതിമാസം ഒന്നരലക്ഷം രൂപയോളം വരുമാനമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ മൂന്ന് ടാക്‌സികള്‍ വാങ്ങി. ചൈനക്കാര്‍ വരാതായതോടെ പ്രതിമാസ വരുമാനം, 35,000 രൂപയായി കുറഞ്ഞു. ഇപ്പോള്‍ കാറുകളുടെ ലോണ്‍ അടയ്ക്കാന്‍ കഴിയാതെ ഞാന്‍ കഷ്ടപ്പെടുകയാണ്'- ചാങ് പറഞ്ഞു.

taiwan-trip8
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ

എന്നാല്‍ വ്യവസായ രംഗത്തെ വന്‍ മുന്നേറ്റം കാരണം, എത്ര പിടിച്ച് ഞെരുക്കിയാലും തായ്‌വാനെ ചൈനയ്ക്ക് തോല്‍പ്പിക്കാനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സൈനിക നീക്കത്തിലൂടെ ചൈനയ്ക്ക് തായ്‌വാനെ പിടിച്ചടക്കാന്‍ കഴിയുമായിരിക്കും. പക്ഷേ, സാമ്പത്തിക ഉപരോധത്തിലൂടെ അവര്‍ക്കതിന് കഴിയില്ല.

taiwan-trip9

തായ്‌പേയ് നഗരം വിട്ട് ഞാനാദ്യമായി സഞ്ചരിക്കുകയാണ്. പക്ഷേ, വന്‍ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും നഗരം വിട്ടാലും നമുക്ക് അനുഭവിക്കാൻ കഴിയും. നാലുവരിപാതകള്‍, തുരങ്കങ്ങള്‍, ഫ്‌ളൈഓവറുകള്‍, എലിവേറ്റഡ് ഹൈവേകള്‍ എന്നിവ ഏത് ഗ്രാമത്തിലും അടിസ്ഥാന ജീവതസൗകര്യമൊരുക്കുന്നു.

ഏതാണ്ട് 15 കി.മീ. ഓടിക്കഴിയുമ്പോള്‍ നമ്മളെ പസഫിക് സമുദ്രം സ്വാഗതം ചെയ്യുന്നു. കലിയിളകിയ കടലാണ് പസഫിക് സമുദ്രം. ഞാന്‍ കണ്ടിട്ടുള്ള എല്ലാ രാജ്യങ്ങളിലും പസഫിക്കിന്റെ അവസ്ഥ ഇതുതന്നെ. രൗദ്രഭാവങ്ങളാണ് കക്ഷിക്ക്, എപ്പോഴും. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. തന്നെയുമല്ല, മഴക്കാലവുമാണ്. ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട്.

taiwan-trip5
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ

കടലോരത്തെ പറക്കെട്ടുകളില്‍ കടല്‍ വന്യമായി അടിച്ച് തിര തെറിപ്പിക്കുന്നു. റോഡില്‍ സ്‌പ്രേ ചെയ്തതു പോലെ വെള്ളത്തുള്ളികള്‍ നിറഞ്ഞു നില്‍ക്കുന്നു. കടലിന്റെ ഓരത്തു കൂടിയാണ് റോഡ് നീങ്ങുന്നത്.അല്പദൂരം ചെന്നപ്പോള്‍ കടലോരത്ത് ഒരു പാര്‍ക്കിങ് സ്ഥലവും ഏതാനും ഷോപ്പുകളും കണ്ടു. ഇവിടെ കാര്‍ നിര്‍ത്തി അല്‍പനേരം വിശ്രമിക്കാം. പക്ഷേ കടകളൊന്നും തുറന്നിട്ടില്ല. കാറുകള്‍ നിര്‍ത്തിയിട്ട് ഏതാനും കുടുംബങ്ങള്‍ കടലിന്റെ കാഴ്ച കണ്ടുകൊണ്ട് നില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ളൊരു  പൊതുസ്ഥലത്തെ വൃത്തിയും വെടിപ്പും നമ്മളെ അത്ഭുതപ്പെടുത്തും. അതുപോലെ, ആള്‍ക്കൂട്ടത്തിന്റെ അച്ചടക്കവും വിസ്മയാവഹമാണ്. എത്ര പേര്‍ കൂട്ടം കൂടി നിന്നാലും ഒച്ചപ്പാടും ബഹളവുമൊന്നുമില്ല. ഇന്ത്യയിലെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളില്‍ നിന്ന് ഇത്തരം രാജ്യങ്ങളിലേക്ക് പറന്നിറങ്ങുന്നവര്‍ക്ക് ഇത്രയും അച്ചടക്കം തുടക്കത്തിലൊന്നും ഉള്‍ക്കൊള്ളാനാവില്ല!

taiwan-trip7
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ

വീണ്ടും യാത്ര തുടര്‍ന്നു. ഇപ്പോള്‍ കാണുന്നത് ഒരു ഹാര്‍ബറാണ്. ഇത് പ്രാചീനകാലത്ത് വലിയ പ്രാധാന്യമുള്ള ഹാര്‍ബറായിരുന്നത്രേ. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ മെയിന്‍ലാന്റ് ചൈനയില്‍ നിന്ന് തായ്‌വാനിലേക്കുള്ള കപ്പലുകള്‍ വന്നടുത്തിരുന്ന ഹാര്‍ബറാണിത്. പാറക്കൂട്ടങ്ങള്‍ ധാരാളമുള്ളതുകൊണ്ട് പലപ്പോഴും കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും മുങ്ങുകയുമൊക്കെ ചെയ്തിരുന്നു.തുടര്‍ന്ന് എലിയു എന്ന ടൗണെത്തി. ജിയോപാര്‍ക്കുള്ളതുകൊണ്ട് വികസിച്ച സ്ഥലമാണിത്. ദിവസവും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇവിടെ വരുന്നത്. അതുകൊണ്ടു തന്നെ റെസ്റ്റോറന്റുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് എലിയു. ഇപ്പോള്‍ ചൈനീസ് ടൂറിസ്റ്റുകള്‍ വരാത്തതുകൊണ്ട് തിരക്ക് അല്പം കുറവാണ് എന്നു പറയാം.പാര്‍ക്കിങ് ഗ്രൗണ്ടില്‍ കാര്‍ നിര്‍ത്തിയശേഷം ചാങ് എനിക്ക് ടിക്കറ്റ് കൗണ്ടര്‍ കാണിച്ചു തന്നു. ഏതാനും ഷോപ്പുകള്‍ക്കിടയിലൂടെ വേണം കൗണ്ടറിലെത്താന്‍. 

taiwan-trip6
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ

ടിക്കറ്റെടുത്ത് ജിയോ പാര്‍ക്കില്‍ പ്രവേശിച്ചു. തുടക്കം ഒരു പാര്‍ക്ക് പോലെ തന്നെയാണ്. ചെടികളും മരങ്ങളും നിറഞ്ഞുനില്‍ക്കുന്ന, ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡനെ ഓര്‍മ്മിപ്പിക്കുന്ന പാര്‍ക്ക്. അതില്‍ മനോഹരമായ റോഡും നിര്‍മ്മിച്ചിരിക്കുന്നു. വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. പാര്‍ക്ക് നിറഞ്ഞ് സന്ദര്‍ശകര്‍ ഒഴുകുന്നുണ്ട്.എല്ലായിടത്തും കൃത്യമായി ചൂണ്ടുപലകകളുണ്ട്. 

taiwan-trip13
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ

ഞാന്‍ ആദ്യത്തെ വിസ്മയദൃശ്യത്തിലേക്കാണ് നടന്നെത്തിയത്. 'ക്യൂട്ട് പ്രിന്‍സസ്' എന്നൊരു,'കല്ല് കൊണ്ടുണ്ടാക്കിയ ശിരസ്' ആണത്. അതായത്, കടല്‍ കരയിലേക്കടിച്ച്, കരയിലെ പാറകളില്‍ ഒരു ശില്പി ശിലയിലെന്ന പോലെ കൊത്തിയെടുത്ത കലാരൂപം. നിരന്തരമായി കടല്‍ കരയില്‍ അടിച്ചുകയറി പാറയില്‍ രൂപപ്പെട്ട സുന്ദര ശിൽപം .  സൂക്ഷിച്ചു നോക്കിയാല്‍ ഒരു സ്ത്രീയുടെ ശിരസ്സുപോലെ തോന്നും. ഇതിലും വലിയ ഒരു ശില്പം കടല്‍ ഇതേ പാര്‍ക്കില്‍ നിര്‍മ്മിച്ചുവെച്ചിട്ടുണ്ട്. അതാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണവും. 'ക്വീന്‍സ് ഹെഡ്' അഥവാ 'രാജ്ഞിയുടെ ശിരസ്' എന്നാണ് ആ പ്രകൃതിശില്പം അറിയപ്പെടുന്നത്. ഇതാകട്ടെ 'ക്യൂട്ട് പ്രിന്‍സസ്' അഥവാ 'ഓമനത്തമുള്ള രാജകുമാരി' എന്നാണ് അറിയപ്പെടുന്നത്.

ശരിയാണ്, വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ ബ്രിട്ടീഷ് ശൈലിയിലുള്ള തലപ്പാവ് വെച്ച രാജകുമാരിയാണ് നില്‍ക്കുന്നതെന്നു തോന്നും. ഈ പ്രകൃതിജന്യ  ശിൽപം കടലില്‍ നിന്ന് അല്പം അകലെയാണെങ്കില്‍, ക്വീന്‍സ് ഹെഡ് കടല്‍ക്കരയില്‍ത്തന്നെയാണുള്ളത്.ക്യൂട്ട് പ്രിന്‍സസിന്റെ ചുറ്റും ഉദ്യാനം നിര്‍മ്മിച്ച് മനോഹരമാക്കിയിട്ടുണ്ട്. 'ഓമനത്തമുള്ള കുമാരി' യോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ നല്ല തിരക്കുണ്ട്.ഏറെത്താമസിയാതെ ഈ ശിരസ് നാമാവശേഷമാകും എന്നതാണ് ദുഃഖിപ്പിക്കുന്ന കാര്യം. കാരണം ഇപ്പോഴും ഈ ശിലകളില്‍ പ്രകൃതി ശക്തികള്‍ 'ഇടപെട്ടു കൊണ്ടിരിക്കുക'യാണല്ലോ. അതായത്, കാറ്റും മഴയും അന്തരീക്ഷ മലിനീകരണവും ഈര്‍പ്പവുമെല്ലാം മൂലം ശിലകള്‍ എപ്പോഴും പൊടിഞ്ഞുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ കൊണ്ട് പ്രകൃതി നിര്‍മ്മിച്ച ശില്പം ദിവസേനയെന്നോണം പ്രകൃതി തന്നെ പൊടിച്ച് നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നും പറയാം. തലപ്പാവും ശിരസും കഴുത്തുമൊക്കെ അല്പാല്‍പമായി പൊടിഞ്ഞ്, ഒരുനാള്‍ 'ഓമനത്തമുള്ള രാജകുമാരി' ഓര്‍മ്മയായി മാറും.

taiwan-trip2
എലിയു ജിയോളജിക്കൽ പാർക്കിലെ ദൃശ്യങ്ങൾ

പാറകള്‍ ഇങ്ങനെ ശില്പങ്ങള്‍ സൃഷ്ടിക്കുന്നത് അമേരിക്കയിലെ ഗ്രാന്റ് കാന്യനിലുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ജോര്‍ദ്ദാനിലെ 'വാദി റാമി'ല്‍ ഇതിനു സമാനമായ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. ലോകപ്രശസ്ത ചരിത്രശേഷിപ്പായ പെട്രയിലേക്ക്, ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമ്മാനില്‍ നിന്ന് പോകുമ്പോഴാണ് മരുഭൂമിയില്‍, വാദി റാം എന്ന പ്രദേശം കാണുന്നത്. പല രൂപത്തിലും ഭാവത്തിലുമുള്ള,  മണ്ണില്‍ പ്രകൃതി തീര്‍ത്ത ശില്പങ്ങളാല്‍ സമ്പന്നമാണ് വാദിറാം. ഇപ്പോള്‍ പ്രിഥ്വിരാജ് നായകനായ, ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' എന്ന സിനിമ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത് വാദിറാമിലാണ്. ആ സിനിമയിലൂടെ വാദി‌റാമിന്റെ  കാഴ്ചകള്‍ നിങ്ങൾക്കും കാണാനാവും എന്ന് പ്രതീക്ഷിക്കാം.

ഞാന്‍ രാജകുമാരിയുടെ മുന്നില്‍ നിന്നും എലിയു ജിയോപാര്‍ക്കിന്റെ മറ്റു കാഴ്ചകളിലേക്ക് നടന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA