ADVERTISEMENT

പണ്ട് സ്കൂളില്‍ പോകാനായി കിലോമീറ്ററുകളോളം നടന്ന കഥകള്‍ മുതിര്‍ന്നവര്‍ പറഞ്ഞു നമ്മള്‍ പലരും കേട്ടിട്ടുണ്ട്. ഇന്ന് നമ്മുടെ നാട്ടില്‍ അത്തരം കാര്യങ്ങള്‍ കാണാന്‍ പാടാണ്. എന്നാല്‍ അതിലും ഭീകരമായ അവസ്ഥകളുള്ള സ്ഥലങ്ങള്‍ ഇന്നും ലോകത്ത് പലയിടങ്ങളിലുമുണ്ട് എന്നതാണ് സത്യം.

സ്കൂള്‍ വിട്ടു വീട്ടിലെത്താനായി ഒരു കിലോമീറ്ററോളം കുത്തനെയുള്ള വള്ളി ഗോവണിയില്‍ പിടിച്ചു മുകളിലേക്ക് കയറേണ്ടി വരുന്ന കുട്ടികളുടെ കഥ കേട്ടിട്ടുണ്ടോ? ചൈനയിലെ സിഷ്വാന്‍ പ്രവിശ്യയിലുള്ള ഷാവോജു കൌണ്ടിയില്‍ 'അതുലിയെര്‍' എന്നൊരു പര്‍വ്വത ഗ്രാമമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 1,400 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് ചെന്നെത്തുക എന്നത് വളരെ ദുര്‍ഘടം പിടിച്ച പണിയാണ്. 

ഇരുന്നൂറു വര്‍ഷമുള്ള ഈ ഗ്രാമത്തില്‍ എഴുപത്തി രണ്ടോളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. വിവിധ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കാനായിരുന്നു ഗ്രാമവാസികളുടെ പൂര്‍വികര്‍ ഇവിടെ താമസമുറപ്പിച്ചത്. കഴിഞ്ഞ വർഷം വരെ ഗ്രാമത്തിൽ നിന്ന് പുറം ലോകത്തേക്കുള്ള ഏക വഴി ചൂരല്‍ ഗോവണിയിലൂടെ പിടിച്ചു കയറുക എന്നത് മാത്രമായിരുന്നു. അപകടകരമായ ഈ യാത്രയില്‍ ഗ്രാമീണരും ടൂറിസ്റ്റുകളുമടക്കം എട്ടു പേര്‍ താഴെ വീണു മരിച്ചു എന്നാണ് കണക്ക്.

Atuleer-village
Image from Youtube

സ്കൂളില്‍ പോകാനായി മുകളിലെ ഗ്രാമത്തില്‍ നിന്നും താഴ്‌വരയിലേക്ക് പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ഇറങ്ങി വന്നിരുന്നതും ഈ ഗോവണിയിലൂടെയായിരുന്നു. ആറു മുതല്‍ പതിനഞ്ചു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കൊപ്പം അവരുടെ മാതാപിതാക്കളും ഇറങ്ങും. അപകടകരമായതിനാല്‍ സ്കൂളില്‍ തന്നെ ഇവര്‍ക്കായി താമസ സൗകര്യവും ഒരുക്കിയിരുന്നു. രണ്ടാഴ്ച കൂടുമ്പോഴായിരുന്നു വീണ്ടും ഗോവണിയില്‍ വലിഞ്ഞു കയറി വീട്ടിലേക്കുള്ള തിരിച്ചു പോക്ക്. ഒരു വശത്തേക്കുള്ള യാത്രക്ക് രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ സമയം എടുക്കുമായിരുന്നു.

2015ൽ ബീജിംഗ് ന്യൂസ് ഫോട്ടോഗ്രാഫറായ ചെൻ ജി, ഇങ്ങനെ ഗോവണി കയറുന്ന കുട്ടികളുടെ ഫോട്ടോ എടുത്തു. ഈ ചിത്രങ്ങൾ‌ ഇൻറർ‌നെറ്റിൽ‌ വൈറലായി. ഇതോടെ വിദ്യാർത്ഥികള്‍ക്കായി കോണിപ്പടികള്‍ കെട്ടുമെന്ന് പ്രാദേശിക അധികാരികള്‍ അറിയിച്ചു. ഈ സ്റ്റീൽ ഗോവണിയുടെ പണി 2016 നവംബറിൽ പൂർത്തിയായി, തുടര്‍ന്ന് ലിയാങ്‌ഷാനിലെ സമാനമായ 19 ക്ലിഫ് വില്ലേജുകളിലും സർവേ നടത്തി. 19 ക്ലിഫ് വില്ലേജുകളിൽ നിന്നുള്ള 2,900ൽ അധികം കുട്ടികൾ സ്കൂളിൽ സൗജന്യ താമസത്തിന് യോഗ്യത നേടി. 2017 ജൂണ്‍ ആയതോടെ ഈ ഗ്രാമത്തില്‍ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. പുതുതായി നവീകരിച്ച ലിയർ പ്രൈമറി സ്കൂൾ ഏകദേശം പണി പൂര്‍ത്തിയായി. 300 ദശലക്ഷം യുവാൻ (44 മില്യൺ ഡോളർ) ടൂറിസം വ്യവസായ നിക്ഷേപ കരാർ ഒപ്പിട്ട് ഗ്രാമത്തിലേക്ക് 4 ജി നെറ്റ്‌വർക്ക് കൊണ്ടുവന്നു.

2020ൽ ചൈനീസ് സർക്കാർ അതുലിയെറിലെ ഭൂരിഭാഗം നിവാസികളെയും ഷാവോജുവിന്‍റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാർപ്പിച്ചു. പുതിയ സ്ഥലത്ത് മെച്ചപ്പെട്ട സ്കൂള്‍, ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമാണ്. ബാക്കി ഗ്രാമത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പരിപാടികളും ആരംഭിച്ചു.മുപ്പതോളം വീട്ടുകാര്‍ ഇപ്പോഴും ഇവിടെത്തന്നെ താമസിക്കുന്നുണ്ട്. 2019- ൽ ഏകദേശം 100,000 ആളുകളാണ് അതുലിയെര്‍ സന്ദർശിച്ചത്. ഇതിലൂടെ ഗ്രാമത്തിന് 140,000 ഡോളർ വരുമാനം ലഭിച്ചു എന്നാണ് കണക്ക്. ടൂറിസം വികസിക്കുമ്പോള്‍ സാമ്പത്തിക നില മെച്ചപ്പെടുമെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു.

കന്നുകാലികളെ വളർത്തിയും ധാന്യം, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾ നട്ടുപിടിപ്പിച്ചുമാണ് ഗ്രാമവാസികൾ വരുമാനം കണ്ടെത്തുന്നത്. രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇവയുടെ വില്‍പ്പനയിലൂടെയുള്ള വരുമാനം ലഭിക്കില്ല.

English Summary: atuleer village in zhaojue county china

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com