പ്രാർത്ഥനകൾ ആകാശത്തിനുമപ്പുറമുള്ള ദൈവം കേൾക്കുന്നു എന്നാണല്ലോ വിശ്വാസം. അതുകൊണ്ടാണല്ലോ പ്രാർത്ഥിക്കുമ്പോൾ മുകളിലേക്ക് നോക്കുന്നതും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ആരാധനാലയത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ ഭൂമിയിൽ അങ്ങനെ ഒരു അദ്ഭുതമുണ്ട്. ആകാശം മുട്ടി നിൽക്കുന്ന വലിയൊരു കല്ലിന്റെ മുകളിലായി പണിതുയർത്തിയ കാറ്റ്സ്കി പില്ലർ മൊണാസ്ട്രി. ജോർജിയയിലെ കാറ്റ്സ്കി പില്ലർ ലോകത്തിലെ ഏറ്റവും ഉയരമുള്ളതും ഒറ്റപ്പെട്ടതുമായ മൊണാസ്ട്രിയാണ് .130 അടി ഉയരത്തിലായി ഉയർന്നുനിൽക്കുന്നൊരു പ്രകൃതിദത്ത ചുണ്ണാമ്പു കല്ലാണിത്.
ജോർജിയയുടെ തലസ്ഥാന നഗരമായ ടിബിലിസിക്ക് 200 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്, ഇവിടെയെത്തുക എളുപ്പമല്ല. വാഹനത്തിലാണ് യാത്രയെങ്കിലും പില്ലറിന് 20 മിനിറ്റ് കാൽനടയായി എത്തുന്ന ദൂരത്ത് വാഹനംയാത്ര അവസാനിക്കും. പിന്നീടുള്ള വഴി കാൽനടയാത്ര മാത്രം. പില്ലറിന്റെ മുകളിൽ മാത്രമല്ല താഴെയും ഒരു മഠമുണ്ട്, വലതുവശത്ത് ഒരു ചെറിയ ചാപ്പൽ. ഇടതുവശത്ത് 130 അടി ഉയരമുള്ള ചുണ്ണാമ്പുകല്ല് നിരയും.
ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിൽ നിർമിച്ചതാണി കാറ്റ്സ്കി സമുച്ചയം. ഓരോ ദിവസവും, പ്രാർത്ഥനക്കായി താഴെ താമസിക്കുന്ന സന്യാസിമാർ പാറയുടെ വശങ്ങളിലൂടെ പിടിപ്പിച്ചിരിക്കുന്ന നേർത്ത ലോഹ ഗോവണിയിലൂടെ മുകളിലേക്ക് കയറും.ദിവസേനയുള്ള ഇൗ തീർത്ഥാടനം അവരെ ദൈവവുമായി കൂടുതൽ അടുപ്പിക്കുമെന്നാണ് വിശ്വാസം. ഈ ഉരുക്ക് ഗോവണിയിൽ നിന്ന് മുകളിലേക്ക് 20 മിനിറ്റ് കയറാൻ അനുമതിയുള്ള ഒരേയൊരു ആളുകൾ പ്രാദേശിക സന്യാസിമാർ മാത്രമാണ്.
ഇതൊരു വിനോദസഞ്ചാരകേന്ദ്രമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇവിടെ സന്യാസിമാർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനവുമില്ല. സ്ത്രീകൾക്കും പ്രവേശനം നിഷിദ്ധമാണ്.
താഴത്തെ നിലയിലെ അലങ്കാര കലയും മതപരമായ പുരാവസ്തുക്കളും കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ചാപ്പലായ സിമിയോൺ സ്റ്റൈലൈറ്റ് ചർച്ച് സന്ദർശകർക്ക് പ്രാർത്ഥിക്കാനായി തുറന്നുകൊടുത്തിട്ടുണ്ട്. അതിശയകരമായ ഫ്രെസ്കോ പെയിന്റിങ്ങുകളുടെ ശേഖരവും ഇവിടുത്തെ ആകർഷണമാണ്. ചാപ്പലിൽ നിന്ന് നോക്കിയാൽ അതിമനോഹരമായ ജോർജിയൻ ഗ്രാമപ്രദേശങ്ങളുടെ വിസ്മയകരമായ പനോരമിക് വ്യൂ ലഭിക്കും.