ADVERTISEMENT

പ്രണയിച്ച ആളെ തന്നെ ജീവിതകാലം മുഴുവന്‍ കൂടെ കൂട്ടാനാവുക എന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. പ്രണയബന്ധങ്ങളുടെ ആയുസ്സ് ദൈവത്തിനു പോലും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. ഓരോ ദിവസവും എത്രയെത്ര പേരാണ് ഈ ഭൂമിയില്‍ പ്രണയത്തിലാകുന്നത്...! അതേപോലെ തന്നെയാണ് ബ്രേക്കപ്പിന്‍റെ കാര്യവും. തുടങ്ങുന്നത് പോലെ തന്നെ ഓരോ ദിവസവും അടിച്ചു പിരിയുന്ന എത്രയെത്ര കാമുകീകാമുകന്മാരുണ്ടാവും ഈ ലോകത്ത്!

Museum-of-Broken-Relationships2

എത്ര വലിയ ശക്തനായിരുന്നാലും പ്രണയനൈരാശ്യം സംഭവിക്കുമ്പോള്‍ ഒന്നു പതറും. മാനസിക നിലയ്ക്ക് കാര്യമായ തകരാറു സംഭവിക്കുന്നത് സാധാരണയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിഷമം പങ്കു വയ്ക്കാനായി കൂടെ ഏതെങ്കിലും സുഹൃത്ത് ഉണ്ടെങ്കില്‍ അത്രത്തോളം ആശ്വാസകരമായ ഒരു കാര്യം വേറെയില്ല. ഇത്തരം വികാരങ്ങള്‍ ലോകത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞാല്‍ എങ്ങനെയിരിക്കും എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? അങ്ങനെയുള്ള നിരാശ കാമുകികാമുകര്‍ക്ക് വേണ്ടി ക്രോയേഷ്യയില്‍ ഒരു മ്യൂസിയം തന്നെ ഒരുക്കിയിട്ടുണ്ട്.

'ദി മ്യൂസിയം ഓഫ് ബ്രോക്കണ്‍ റിലേഷന്‍ഷിപ്‌സ്' എന്ന് പേരുള്ള ഈ മ്യൂസിയം മുഴുവന്‍ പിരിഞ്ഞു പല വഴിക്കായ കാമുകീകാമുകന്മാരുടെ ഓര്‍മകളാണ്. തകര്‍ന്നു പോയ ബന്ധങ്ങളുടെ ഓര്‍മക്കുറിപ്പുകളായി സൂക്ഷിച്ചിരുന്ന പല വസ്തുക്കളും ഇവിടേക്ക് ആളുകള്‍ സംഭാവന ചെയ്യുന്നു. ഇത്തരം ധാരാളം പുരാവസ്തുക്കള്‍ ഇവിടെ കാണാന്‍ സാധിക്കും.

മ്യൂസിയത്തിന്‍റെ പിറവിക്കു പിന്നിലും പ്രണയം

ഒലിങ്ക വിസ്റ്റിക്ക, ഡ്രാസെൻ ഗ്രുബിക് എന്നീ ക്രോയേഷ്യന്‍ കമിതാക്കളുടെ ആശയമാണ് ബ്രോക്കണ്‍ റിലേഷന്‍ഷിപ്‌ മ്യൂസിയം. തങ്ങളുടെ ബന്ധം അവസാനിച്ചതിനുശേഷം വേർപിരിഞ്ഞ ഇവര്‍ പരാജയപ്പെട്ട മറ്റു ബന്ധങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിക്കാൻ തുടങ്ങി. നാലു വര്‍ഷം നീണ്ട പ്രണയം 2003- ലായിരുന്നു അവസാനിച്ചത്. തങ്ങളുടെ പ്രണയത്തിന്‍റെ സ്മാരകമായി അവശേഷിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഒരു മ്യൂസിയം സ്ഥാപിക്കാം എന്നത് ആദ്യം അവര്‍ക്കൊരു തമാശയായിരുന്നു. 

Museum-of-Broken-Relationships1

ബ്രേക്കപ്പ് കഴിഞ്ഞ് മൂന്നു വര്‍ഷത്തിനു ശേഷം ഈ ആശയവുമായി ഗ്രുബിക്, ഒലിങ്കയ്ക്കടുത്തെത്തി. മുന്‍പ്രണയങ്ങളുടെ അവശിഷ്ടങ്ങള്‍ വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ സംഭാവനയായി നൽകാന്‍ അവര്‍ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഈ പ്രണയശേഖരത്തിന്‍റെ പിറവി.

അതിനുശേഷം, ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, ഷാങ്ഹായ്, ലോസ് ഏഞ്ചൽസ് എന്നിവയുൾപ്പെടെ 50 ലധികം സ്ഥലങ്ങളിൽ അവർ പ്രദർശനങ്ങൾ നടത്തി. ഒടുവിൽ 2010 ൽ ക്രൊയേഷ്യയിലെ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

വേര്‍പിരിയലിന്‍റെ ഓര്‍മകള്‍

ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഈ മ്യൂസിയത്തിലേക്ക് സംഭാവനകള്‍ നല്‍കുന്നുണ്ട്. പേരറിയാത്ത ആളുകള്‍ സംഭാവന ചെയ്ത 4,000 ത്തോളം വസ്തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സ്പെയിനില്‍ നിന്നുള്ള യുവാവിന് മുന്‍ കാമുകി സ്വന്തം കൈകൊണ്ടു നിര്‍മിച്ച്‌ നല്‍കിയ പാവ, മുന്‍ കാമുകന്‍റെ വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കാന്‍ കാമുകി ഉപയോഗിച്ച മഴു തുടങ്ങി രസകരമായ അനേകം വസ്തുക്കള്‍ ഇവിടെ കാണാം. കൂടാതെ മൊബൈല്‍ ഫോണുകള്‍, മോതിരങ്ങള്‍, തുണികള്‍ തുടങ്ങിയ സ്ഥിരം പ്രണയ സമ്മാനങ്ങളും ഇവിടെയുണ്ട്. ഓരോ വസ്തുവിനരികിലും അതിന്‍റെ കഥയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മ്യൂസിയത്തിലെ ചില രസികന്‍ പ്രദര്‍ശന വസ്തുക്കള്‍

1. കൈവിലങ്ങുകള്‍: 2005 മുതലാണ്‌ ഇവ ശേഖരത്തില്‍ എത്തിയത്. സ്പാനിഷില്‍ 'എന്നെ കെട്ടിയിടൂ' എന്നര്‍ത്ഥം വരുന്ന 'അടിമ' എന്നാണ് ഇതിനെപ്പറ്റി വിവരണത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

2. 'പ്രണയത്തിന്‍റെ സുഗന്ധം': ക്യാനിലാക്കി സൂക്ഷിച്ചിരിക്കുന്ന ഒരു ധൂപവസ്തുവാണ് ഇത്. 'പ്രവര്‍ത്തിക്കില്ല' എന്ന് ഇവിടെ പ്രത്യേകം ഒരു നോട്ടും എഴുതി വച്ചിട്ടുണ്ട്.

3. രണ്ടാം നമ്പര്‍ പ്രതിമ: 2007 ലെ വേനല്‍ക്കലത്താണ് ഈ പ്രതിമ ഇവിടെയെത്തുന്നത്. "അവനു മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു. അവന് എന്നെ ഒന്നാം നമ്പര്‍ ആക്കാന്‍ സാധിച്ചില്ല. എനിക്കാണെങ്കില്‍ രണ്ടാം നമ്പര്‍ ആയി നില്‍ക്കാനും കഴിഞ്ഞില്ല" എന്നൊരു നോട്ട് കൂടി ഉണ്ടായിരുന്നു ആ പ്രതിമയ്ക്കൊപ്പം.

മ്യൂസിയം കാണാം, ഒപ്പം ഷോപ്പിങ്

മ്യൂസിയത്തിലെ കാഴ്ചകള്‍ കണ്ടു ക്ഷീണിച്ചാല്‍ ഒരു കാപ്പിയൊക്കെ കുടിച്ച് ക്ഷീണം മാറ്റാന്‍ തോന്നുകയാണെങ്കില്‍ അതിനും വഴിയുണ്ട്. ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരു കഫെയും ഒരുക്കിയിട്ടുണ്ട്. കൂടാതെ തുണിത്തരങ്ങള്‍, സ്റ്റേഷനറി, ആക്സസറികള്‍ മുതലായവ ലഭിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സും ഇവിടെയുണ്ട്. ബ്രേക്കപ്പിനെ തമാശയാക്കി മനസിന്‍റെ ഭാരം കുറയ്ക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നവയാണ് ഇവയില്‍ അധികവും.

ക്രോയേഷ്യ കൂടാതെ ലോസ് ആഞ്ചലസിലും ഇപ്പോള്‍ ഇതേ പോലെ ഒരു മ്യൂസിയം തുറന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com