നദി തണുത്തുറഞ്ഞ് ഐസ് പാളികളായി മാറിയതുപോലെ ;വിസ്മയിപ്പിക്കും ഇൗ കാഴ്ച

Pamukkale1
SHARE

ഭൂപ്രകൃതിയിലെ വിശേഷതകൾകൊണ്ട് ലോകാദ്ഭുതമായ സ്ഥലങ്ങളുടെ പട്ടിക ഉണ്ടാക്കിയാൽ അതിൽ ആദ്യ സ്ഥാനങ്ങളിലൊന്ന് നിശ്ചയമായും കൈവശപ്പെടുത്തുന്ന സ്ഥലമാണ് തുർക്കിയിലെ പാമുഖലി. വിശാലമായി പരന്നൊഴുകുന്ന നദി പെട്ടന്നൊരു നിമിഷം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറിയതുപോലെ ഒരു പ്രദേശം. തട്ടു തട്ടുകളായി കിടക്കുന്ന സ്ഫടികസമാനമായ വെട്ടിത്തിളങ്ങുന്ന പരലുകൾ...

ആദ്യ കാഴ്ചയിൽ ധ്രുവപ്രദേശത്തിനു സമീപത്തോ ഹിമാനിയുടെ സമീപത്തോ ചെന്നുപെട്ടോ എന്നു തോന്നുമെങ്കിലും ഇവിടെ കാര്യമായ തണുപ്പൊന്നും ഇല്ല, വർഷത്തിൽ അധികകാലവും ഉഷ്ണം തന്നെ. മാത്രമല്ല വെൺമ പൊഴിക്കുന്ന ഈ പാളികളുടെ സമീപത്തുതന്നെ ഒട്ടേറെ ചൂടുനീരുറവകളും കാണാം. തുർക്കിയിൽ ഏറ്റവും അധികം വിനോദസഞ്ചാരികൾ എത്തുന്ന ഒരു സ്ഥലംകൂടിയാണ് പാമുഖലി.

Pamukkale

ഒഴുക്കുവെള്ളം ഉറഞ്ഞുരൂപപ്പെട്ടതല്ല ഈ ഭൗമവിസ്മയം. ഒഴുക്കിനിടയിൽ നദി നിക്ഷേപിച്ച ധാതുമണ്ണാണ് ഈ സവിശേഷ സൃഷ്ടിക്കു കാരണം. പ്രത്യേകതരം ചുണ്ണാമ്പുകല്ലാണ് ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഈ പാളികൾ. തുർക്കി ഭാഷയിൽ ‘പഞ്ഞിക്കോട്ട’ (കോട്ടൺ കാസിൽ) എന്നർഥമുള്ള പാമുഖലി ഒരു യുനെസ്കോ പൈതൃകസ്ഥാനമാണ്.

ചൂടു നീരുറവകളുടെ സമ്മാനം

തുർക്കിയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഡെനിസ്‌ലിയിലാണ് പാമുഖലി പ്രദേശം. ഈ പ്രദേശത്തെ പ്രകൃതിദത്തമായ 17 ചൂടുനീരുറവകളിലെ ജലം ഒരുമിച്ചു ചേർന്ന് ഒഴുകി, അതിലെ ധാതുക്കൾ അടിഞ്ഞുചേർന്ന് ചില രാസ, ഭൗതികമാറ്റങ്ങൾക്കു വിധേയമായതാണ് ഈ വെൺപാളികൾ. കാൽസ്യം ധാതുക്കളാൽ സമ്പന്നമായ ഈ ചൂടുനീരുറവകളിലെ ജലം പുറത്തേക്ക് ഒഴുകുംവഴി കാൽസ്യം കാർബണേറ്റും കാർബൺ ഡൈ ഒക്സൈഡും അടങ്ങുന്ന ഒരു മിശ്രിതം ജെൽരൂപത്തിൽ സമീപത്തുള്ള പാറകളിൽ അടിയും. ക്രമേണ കാർബൺ ഡൈ ഒക്സൈഡ് അന്തരീക്ഷവായുവിൽ ലയിക്കുന്നതോടെ കാൽസ്യം കാർബണേറ്റ് പരലുകൾ അടിയുകയും അത് ട്രാവർടീൻ എന്ന അവസാദശിലയായി മാറുകയും ചെയ്യുന്നു. ബിസി 8–ാം നൂറ്റാണ്ടിനും 6–ാം നൂറ്റാണ്ടിനും ഇടയിലുള്ള കാലം മുതൽ ഈ ശിലാരൂപീകരണം നടക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA