ADVERTISEMENT

പോക്കറ്റിന് വലിയ ആഘാതമേല്‍പ്പിക്കാതെ പോയി വരാവുന്ന വിദേശരാജ്യമെന്ന നിലയില്‍ സഞ്ചാരികള്‍ക്ക് അല്‍പ്പം ഇഷ്ടം കൂടുതലാണ് തായ്‌ലന്‍ഡിനോട്‌. യാത്രയ്ക്കു മുന്നോടിയായുള്ള സങ്കീര്‍ണതകളും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ് എന്നതും തായ്‌ലന്‍ഡിനോടുള്ള പ്രിയം കൂടാന്‍ പ്രധാന കാരണമായിരുന്നു. എന്നാല്‍ കൊറോണക്കാലത്തിനു ശേഷമുള്ള തായ്‌ലന്‍ഡ് യാത്ര എങ്ങനെയായിരിക്കും എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ?

2020 മെയ് 25 ലെ കണക്കുപ്രകാരം, തായ്‌ലൻഡിലെ കൊറോണ രോഗബാധിതരുടെ ആകെ എണ്ണം 3042 ആണ്. 2928 രോഗികൾ പൂർണമായും സുഖം പ്രാപിച്ചു. 57 രോഗികൾ ചികിത്സയിലും 57 മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. തായ് സര്‍ക്കാരും ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡും സംയുക്തമായി രോഗകാലത്ത് തായ്‌ലൻഡില്‍ കുടുങ്ങിപ്പോയ ടൂറിസ്റ്റുകള്‍ക്കും പ്രാദേശിക പൗരന്മാര്‍ക്കും വേണ്ട എല്ലാ ആരോഗ്യ സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കടുത്ത സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ ഇവിടെ ഇപ്പോഴും തുടരുന്നു. 

thailand-3

യാത്രയും ഹോസ്പിറ്റാലിറ്റിയും ഉൾപ്പെടെയുള്ള മിക്ക മേഖലകളും സേവനങ്ങൾ പതിയെ പുനരാരംഭിക്കുകയാണ് ഇപ്പോള്‍. മെയ് 17 മുതൽ രണ്ടാം ഘട്ട നിയന്ത്രണ ലഘൂകരണത്തിന് തായ് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇളവിന്‍റെ ഭാഗമായി റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ, വ്യായാമ സ്ഥലങ്ങള്‍, പാർക്കുകൾ, ഹെയർഡ്രെസ്, ക്ലിനിക്കുകൾ, മൃഗാശുപത്രികള്‍, ഗ്രൂമിംഗ് പാർലറുകൾ, ഗോൾഫ് കോഴ്സുകൾ, ഡ്രൈവിംഗ് റേഞ്ചുകൾ, ഷോപ്പിംഗ് മാളുകൾ, ഹെയർ സലൂണുകൾ എന്നിവയ്ക്ക് സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ ഈയിടങ്ങളില്‍ പ്രവേശിക്കുന്നതിനു മുന്‍പായി എല്ലാവരും ശരീര താപനില പരിശോധിക്കുകയും ഫെയ്സ് മാസ്ക് ധരിക്കുകയും സോപ്പോ സ്പിരിറ്റോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ഇവയ്ക്കുള്ളില്‍ സാമൂഹിക അകലം പാലിക്കുകയും വേണം. രാത്രി 10.00 മുതൽ പുലര്‍ച്ചെ 04.00 വരെ ഉണ്ടായിരുന്ന കർഫ്യൂ  രാത്രി 11.00 മുതൽ 04.00 വരെയാക്കി കുറയ്ക്കുന്നതായും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

വീസകളിലുള്ള മാറ്റം (മാറ്റങ്ങള്‍ക്ക് വിധേയം)

തായ്‌ ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് പ്രകാരം, വിസ ഓൺ അറൈവൽ (വിഒഎ) നൽകുന്നത് 2020 മാർച്ച് 13 മുതൽ 2020 സെപ്റ്റംബർ 30 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഇത് വിസ ഓൺ അറൈവൽ അർഹതയുള്ള 19 രാജ്യങ്ങൾക്കും മറ്റു പ്രദേശങ്ങൾക്കും ബാധകമാണ്.കോവിഡ് 19 പ്രതിസന്ധി കാരണം കുടുങ്ങിപ്പോയ വിദേശികൾക്ക് തായ്‌ലൻഡ് സര്‍ക്കാര്‍ ഓട്ടോമാറ്റിക് വിസ എക്സ്റ്റൻഷൻ അനുവദിച്ചിട്ടുണ്ട്. നിലവില്‍ വിസ സേവനങ്ങൾക്കായുള്ള അപേക്ഷകളും നിര്‍ത്തലാക്കിയിട്ടുണ്ട്.

thailandtrip-1

തായ്‌ലൻഡിലേക്കുള്ള വിമാന സര്‍വീസുകള്‍ (മാറ്റങ്ങള്‍ക്ക് വിധേയം)

തായ്‌ലൻഡിലേക്കുള്ള എല്ലാ ഇൻകമിംഗ് പാസഞ്ചർ ഫ്ലൈറ്റുകളുടെയും നിരോധനം 2020 ജൂൺ 30 വരെ നീട്ടി. തായ് എയർവേയ്‌സ് ടിജി 316 ജൂലൈ 1 ന് ഡല്‍ഹിയില്‍ നിന്നും ബാങ്കോക്കിലേക്ക് സര്‍വീസ് നടത്തും. ടിജി 332, ടിജി 324 എന്നിവ 2020 ഒക്ടോബർ 24 വരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് തായ്‌ലൻഡിലേക്കുള്ള മറ്റെല്ലാ ടിജി വിമാനങ്ങളും 2020 ഒക്ടോബർ 24 മുതൽ പുനരാരംഭിക്കും എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

ഏഷ്യയിലെ ഏറ്റവും പ്രിയങ്കരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ തായ്‌ലൻഡ് രാജ്യാന്തര സഞ്ചാരികള്‍ക്കായി വീണ്ടും ഉടന്‍ തുറക്കും എന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com