ADVERTISEMENT

മനോഹരവും അതിനേക്കാളേറെ അവിശ്വസനീയവുമായ ഒട്ടനവധി പ്രകൃതിദത്ത അത്ഭുതങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഓസ്ട്രേലിയ. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു കാര്യമാണ് ബഹുവര്‍ണ്ണങ്ങളിലുള്ള ഇവിടുത്തെ തടാകങ്ങള്‍. ലവണാംശവും പായലും കാലാവസ്ഥയുമെല്ലാം സ്വാധീനിക്കുന്ന ഇത്തരം ജലാശയങ്ങളുടെ വര്‍ണ്ണക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് എന്നും അത്ഭുതമാണ്. ഇത്തരം ചില തടാകങ്ങളെക്കുറിച്ച് ഇതാ കേട്ടോളൂ

പിങ്കും പച്ചയും നീലയും നൃത്തം വയ്ക്കുന്ന ഹില്ലിയര്‍ തടാകം

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ റീചെർച്ച് ദ്വീപസമൂഹത്തിലെ മിഡിൽ ദ്വീപിലാണ് ഹില്ലിയർ തടാകം സ്ഥിതിചെയ്യുന്നത്. അതിശയകരമായ പിങ്ക് നിറമാണ് ഇതിന്‍റെ പ്രത്യേകത. തൊട്ടടുത്ത് ഇരുണ്ട നീല നിറത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്‍റെയും വനപ്രദേശങ്ങളുടെയും കാഴ്ചകള്‍ കൂടിയാകുമ്പോള്‍ ഇതിന്‍റെ ആകാശക്കാഴ്ച അതിമനോഹരമാകുന്നു. 

എസ്‌പെറൻസിൽ നിന്ന് 130 കിലോമീറ്റർ യാത്ര ചെയ്താല്‍ ഇവിടെയെത്താം. തടാകം കാണാനെത്തുന്ന സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഒരുക്കിയിട്ടുണ്ട്.  പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ വിശാലമായ തീരപ്രദേശം മുഴുവന്‍ ഗോൾഡ്ഫീൽഡ്സ് എയർ സർവീസിന്‍റെ വിമാനത്തിലും യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്. 

രാവിലെയും ഉച്ചക്കും വൈകീട്ടും വെവ്വേറെ നിറം, ഹട്ട് ലഗൂണ്‍!

ചുവന്നു കിടക്കുന്ന മലഞ്ചെരിവുകളും തിളങ്ങുന്ന നീല ജലവുമെല്ലാം ചേര്‍ന്ന പ്രകൃതിയാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ  കോറല്‍ കോസ്റ്റ് പ്രദേശത്തെ പ്രത്യേകത. പെര്‍ത്തില്‍ നിന്നും ആറു മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ ഹട്ട് ലഗൂണിലെത്താം. ഇവിടത്തെ ഏറ്റവും പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണിത്. സീസൺ, സമയം, മേഘങ്ങളുടെ സാന്നിധ്യം എന്നിവയ്ക്കനുസരിച്ച്  ചുവപ്പ്, പിങ്ക് , ലൈലാക്ക്, പർപ്പിൾ തുടങ്ങിയ നിറങ്ങളിലേക്ക് പരകായ പ്രവേശം നടത്തുന്ന ഈ തടാകം സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. ഉദയസമയത്തും അസ്തമയ സമയത്തും ഇത് കൂടുതല്‍ മനോഹരമാകും. ഈ അദ്ഭുത തടാകത്തിന്‍റെ ആകാശക്കാഴ്ചയ്ക്കായി ഷൈൻ ഏവിയേഷൻ, കൽബാരി മുതലായവയുടെ ഫ്ലൈറ്റ് സര്‍വീസും ലഭ്യമാണ്. 

lake-hillier-lake

ഉപ്പു സമതലങ്ങളുടെ അത്ഭുതം, ഐർ തടാകം

പിങ്ക്, ഓറഞ്ച്, മഞ്ഞ... ഐർ തടാകത്തിന്‍റെ മുഖങ്ങള്‍ക്ക് പലപ്പോഴും പല നിറമാണ്. ദക്ഷിണ ഓസ്ട്രേലിയയില്‍ പോർട്ട് അഗസ്റ്റയ്ക്ക് 56 കി.മീ. വടക്കായി സ്ഥിതി ചെയ്യുന്ന ഐര്‍ തടാകതീരത്തേക്ക് അഡെലെയ്ഡില്‍ നിന്നും ആറു മണിക്കൂര്‍ ഡ്രൈവ് ചെയ്തോ ഒന്നര മണിക്കൂര്‍ ഫ്ലൈറ്റില്‍ പറന്നോ ഇവിടെയെത്താം. സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന വെളുത്ത ഉപ്പുസമതലങ്ങൾ ഇവിടുത്തെ അതിശയകരമായ ഒരു കാഴ്ചയാണ്. തടാകത്തില്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് തൂവിയൊഴുകുന്ന വെള്ളപ്പൊക്ക സമയങ്ങളില്‍ ഈ കാഴ്ച ഒന്ന് കാണേണ്ടതു തന്നെയാണ്. ഈ സമയത്ത് പിങ്കും ഓറഞ്ചും നിറങ്ങളിലാണ് തടാകം കാണപ്പെടുക. കരയിലാവട്ടെ മനോഹരമായ പച്ചപ്പും വിരുന്നെത്തുന്ന പക്ഷികളും ചേര്‍ന്ന് സ്വര്‍ഗീയമായ അനുഭവമാണ് ഈ സമയത്ത്. സഞ്ചാരികള്‍ക്ക് റൈറ്റ്സെയറിന്‍റെ വിമാനത്തില്‍ കയറി ഈ തടാകത്തിന്‍റെ ആകാശക്കാഴ്ച ആസ്വദിക്കാം.  

നിറം മാറുന്ന തീരം- ബുംബുംഗ തടാകം 

തെക്കന്‍ ഓസ്ട്രേലിയയില്‍ ഏറ്റവും എളുപ്പത്തില്‍ ചെന്നെത്താവുന്ന പിങ്ക് തടാകം ആണ് ക്ലെയര്‍ താഴ്വരയിലുള്ള ബുംബുംഗ. അഡെലെയ്ഡില്‍ നിന്നും രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്ത് ഇവിടെയെത്താം. മജന്ത നിറത്തിലുള്ള തടാക തീരം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എന്നും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ജലത്തിന്‍റെ ലവണത മാറുന്നതനുസരിച്ച് ഇതിന്‍റെ നിറം പിങ്ക്, വെള്ള, നീല നിറങ്ങളിലേക്ക് മാറും. 

ബബിള്‍ഗം പോലെ മക്ഡോണല്‍ തടാകം!

തെക്കന്‍ ഓസ്ട്രേലിയയിലെ ഐര്‍ പെനിസുലയില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന് പിങ്ക് നിറമാണ്‌. ഉയര്‍ന്ന ലവണത കാരണം രാജ്യത്തെ ഏറ്റവും തെളിഞ്ഞ പിങ്ക് നിറം കാണുന്ന തടാകമാണ് ഇത്. ഒരു വശത്ത് പിങ്ക് നിറത്തിലുള്ള മക്ഡോണല്‍ തടാകവും മറുവശത്ത് നീലയും പച്ചയും നിറത്തിലുള്ള ജലാശയവുമുള്ള റോഡിലൂടെ കാക്ടസ് ബീച്ചിലേക്കുള്ള യാത്ര ഇന്‍സ്റ്റഗ്രാം ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രത്യക്ഷപ്പെട്ട മനോഹര കാഴ്ചയാണ്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ സമുദ്ര വിഭവങ്ങള്‍ ലഭിക്കുന്ന 'കോഫിന്‍ ബേ' യും ഈ യാത്രയില്‍ സന്ദര്‍ശിക്കാം.

bumbunga-lake

രാത്രി നക്ഷത്രങ്ങളെ നെഞ്ചിലേറ്റി ഹാര്‍ട്ട് തടാകം 

ആഴമില്ലാത്ത പിങ്ക് തടാകമായ ഹാര്‍ട്ട് തെക്കന്‍ ഓസ്ട്രേലിയയിലെ മനോഹരമായ മറ്റൊരു കാഴ്ചയാണ്. ഉയര്‍ന്ന ലവണ സാന്ദ്രതയുള്ള ഇവിടുത്തെ ജലത്തിനടിയില്‍ ഉപ്പു പരലുകള്‍ കാണാം. പകലും രാത്രിയും ഒരുപോലെ സുന്ദരമായ തടാകമാണിത്. രാത്രിയില്‍ ഈ ജലത്തില്‍ തെളിയുന്ന നക്ഷത്രങ്ങളുടെ പ്രതിബിംബക്കാഴ്ച അഭൗമമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഇവ വെയിലില്‍ തിളങ്ങുന്ന കാഴ്ചയും മനോഹരമാണ്. സിഡ്നിക്കും പെർത്തിനും ഇടയിലുള്ള ട്രെയിൻ യാത്രയില്‍ കാണുന്ന ഹാര്‍ട്ട് തടാകത്തിന്‍റെ കാഴ്ച സഞ്ചാരികളെ സംബന്ധിച്ച് അവിസ്മരണീയമായ അനുഭവമായിരിക്കും.

നാഷണല്‍ പാര്‍ക്കിനുള്ളിലെ ദി പിങ്ക് ലേക്സ്

വിക്ടോറിയക്ക് വടക്ക് പടിഞ്ഞാറായി മുറേ സണ്‍സെറ്റ് നാഷണല്‍ പാര്‍ക്കിലാണ് പിങ്ക് ലേക്സ് ഉള്ളത്. മെല്‍ബണില്‍ നിന്നും അഞ്ചു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ ഇവിടെയെത്താം. പിങ്കില്‍ നിന്നും തിളക്കമാര്‍ന്ന വെളുത്ത നിറത്തിലേക്കും തിരിച്ചും ഈ തടാകത്തിന്‍റെ നിറം മാറിക്കൊണ്ടിരിക്കും. മേഘാവൃതമായ ദിനങ്ങളിലാണ് ഇത് കൂടുതല്‍ മനോഹരമാകുന്നത്. ഒരു ദിവസം ഈ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത് മികച്ച അനുഭവമായിരിക്കും. സഞ്ചാരികള്‍ക്ക് പരിസരം മുഴുവന്‍ രണ്ടു മണിക്കൂര്‍ ചുറ്റി നടന്നു കാണാവുന്ന ക്ലൈന്‍ നേച്ചര്‍ വാക്ക്, മുക്കാല്‍ മണിക്കൂര്‍ സമയത്തേക്കുള്ള ബെക്കിംഗ് നേച്ചർ വാക്ക് എന്നിവണ് ഇവിടുത്തെ പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com