ADVERTISEMENT

തായ്‌വാന്‍ ഡേയ്‌സ് -6

എലിയു ജിയോളജിക്കല്‍ പാര്‍ക്കില്‍ 'ക്യൂട്ട്പ്രിന്‍സസ്' എന്ന,പ്രകൃതി നിർമിത ശിൽപം പകര്‍ന്നു നല്‍കിയ കൗതുകത്തോടെ ഞാന്‍ വീണ്ടും നടന്നു. ഇക്കുറി നടന്നെത്തിയത് കടല്‍ത്തീരത്താണ്. പസഫിക് സമുദ്രം വന്യമായി അലറി വിളിക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും മഴ വീഴാമെന്ന അവസ്ഥയില്‍ മേഘങ്ങള്‍ കനം തൂങ്ങി നില്‍ക്കുന്നു.

ഇവിടെ, ഞാന്‍ നില്‍ക്കുന്ന കടല്‍ക്കരയിലേക്ക് ഒരു പാറക്കൂട്ടം കയറി നില്‍പ്പുണ്ട്. പാറകളുടെ കയറ്റിറക്കങ്ങൾക്കനുസരിച്ച്, അതിനു മേലേ കൂടി അല്‍പം ദൂരേയ്ക്ക് നടപ്പാത നിര്‍മ്മിച്ചിരിക്കുന്നു. നിരവധി സന്ദര്‍ശകര്‍ തടികൊണ്ടു നിര്‍മ്മിച്ച തടിപ്പാലത്തിലൂടെ നടന്നു നീങ്ങുന്നതു കാണാം.നടപ്പാതയ്ക്കപ്പുറമുള്ള കടല്‍ത്തീരത്താണ് എലിയു ജിയോളജിക്കല്‍ പാര്‍ക്കിലെ പ്രധാന കാഴ്ചകളുള്ളത് . അവിടേക്ക് നടക്കുന്നതിനുമുമ്പ്, അവിടുത്തെ കാഴ്ചകള്‍ കാണാനായി ഒരു ഉയര്‍ത്തിക്കെട്ടിയ പ്ലാറ്റ്‌ഫോമുണ്ട്. ഞാന്‍ അത്ഭുതക്കാഴ്ചകളുടെ വിഹഗ വീക്ഷണം ലഭിക്കാനായി ആ പ്ലാറ്റ്‌ഫോമിലേക്ക് നടന്നുകയറി.

എന്തൊരു കാഴ്ച ! പ്ലാറ്റ്‌ഫോമിനപ്പുറം, കടല്‍ക്കരയില്‍ വിചിത്ര ശില്പങ്ങളുടെ ഒരു നൈസര്‍ഗിക ഗ്യാലറി ! പ്രകൃതിയുടെ ബിനാലെ ! മഞ്ഞനിറമുള്ള പാറയില്‍ പ്രപഞ്ച ശക്തികള്‍ കലാപരമായി കൊത്തിവെച്ച കല്‍ശില്പങ്ങള്‍ !അക്ഷരങ്ങളിലൂടെ ആ കാഴ്ചകള്‍ എത്രത്തോളം വിശദീകരിക്കാനാവും എന്നറിയില്ല. എങ്കിലും എന്നെക്കൊണ്ട് കഴിയുംവിധം ഇങ്ങനെ വർണിക്കാം.മഞ്ഞനിറമുള്ള വലിയൊരു ക്യാന്‍വാസ്. അതില്‍ ചെങ്കല്‍ നിറമുള്ള കൂണുകള്‍ പോലെയും അടുപ്പുകല്ലുകള്‍ പോലെയും മനുഷ്യശിരസ്സുകള്‍ പോലെയും ചെത്തിയെടുത്ത ബ്ലാക്ക്‌ഫോറസ്റ്റ് കേക്കു പോലെയും കല്ലില്‍ നിര്‍മ്മിച്ച കുറേ ശില്പങ്ങള്‍. വലപോലെ കള്ളികള്‍ വീണ കല്ലുകളും നിരവധിയുണ്ട്.

taiwan-trip612
എലിയു ജിയോളജിക്കൽ പാർക്ക് ദൃശ്യങ്ങൾ

എല്ലായിടത്തും നിറയെ ജനങ്ങളാണ് .കാരണം, ഈ കാഴ്ച വളരെ ദുര്‍ല്ലഭമാണ്. കടല്‍തീരത്ത് വിവിധ രൂപങ്ങളിലുള്ള കല്ലുകള്‍ കിടക്കുന്നത് നമ്മുടെ നാട്ടിലും കണ്ടിട്ടുണ്ട്. അവയില്‍ ചിലത് നമ്മള്‍ പെറുക്കി വീട്ടില്‍ കൊണ്ടുപോകാറുമുണ്ട്. പക്ഷേ ഇങ്ങനെ, ഇത്രയും വലുപ്പത്തില്‍ ഭൂമിയില്‍ നിന്ന് മുളപൊട്ടിയതുപോലെ അവ നില്‍ക്കുന്നത് മറ്റൊരിടത്തും ഞാന്‍ കണ്ടിട്ടില്ല.അല്പനേരം പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രധാനകാഴ്ചകള്‍ വീക്ഷിച്ച ശേഷം ഞാന്‍ താഴേക്ക് നടന്നു. ഇവിടെ കടലിനോടു ചേര്‍ന്നു പാറപ്പുറത്താണ് പ്രകൃതി ഒരുക്കിയ വിസ്മയമുള്ളത്. 

taiwan-trip64
എലിയു ജിയോളജിക്കൽ പാർക്ക് ദൃശ്യങ്ങൾ

കടലിന്റെ സമീപത്തേക്ക് നടക്കരുതെന്ന് പലയിടത്തും എഴുതിവെച്ചിട്ടുണ്ട്. ചുവന്ന വരയും വരച്ചിട്ടുണ്ട്. വരയ്ക്കപ്പുറത്ത് പസഫിക് സമുദ്രം പാറയില്‍ത്തട്ടി ഇരമ്പിനില്‍ക്കുകയാണ്. അവിടെയെല്ലാം വഴുക്കലുള്ള പാറയാണ്. അതുകൊണ്ടാണ് വീണ്ടും മുന്നിലേക്ക് നടക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.. കാല്‍വഴുതി കടലിലേക്ക് വീണാല്‍ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന, കൂര്‍ത്ത കത്തിമുന പോലെ നില്‍ക്കുന്ന പാറകളില്‍ പതിച്ച്, വീരമൃത്യു വരിക്കാം.

taiwan-trip611
എലിയു ജിയോളജിക്കൽ പാർക്ക് ദൃശ്യങ്ങൾ

പലതരത്തിലുള്ള, നിറത്തിലുള്ള, ആകൃതിയിലുള്ള പാറകളാണ് ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് സമുദ്രം ആഞ്ഞടിച്ച്, നൂറ്റാണ്ടുകളോ, സഹസ്രാബ്ദങ്ങളോ കൊണ്ടാണ് ഈവിധം കല്ലില്‍ കലാശില്പങ്ങള്‍ മെനഞ്ഞെടുത്തത്. ഇപ്പോഴും സമുദ്രം സ്‌നേഹിച്ചും കലഹിച്ചു തഴുകുന്നതു കൊണ്ട് ഇവ മണ്ണോട് ചേരാനും വര്‍ഷങ്ങള്‍ മതി എന്നും ഓർക്കുക. വീണ്ടും ഇത്തരം അത്ഭുതങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ പ്രകൃതിക്ക് സഹസ്രാബ്ദങ്ങള്‍ വേണ്ടി വന്നേക്കാം!

taiwan-trip63
എലിയു ജിയോളജിക്കൽ പാർക്ക് ദൃശ്യങ്ങൾ

പലതരത്തിലുള്ള 'റോക്ക് ഫോര്‍മേഷനു'കളാണ് ഇവിടെ കാണാനാവുന്നത്. ഒരറ്റം ഉയര്‍ന്നു നില്‍ക്കുന്ന പാറകള്‍ (ക്വസ്റ്റ എന്നാണ് ഇവ അറിയപ്പെടുന്നത്. പാറയുടെ ഒരറ്റം തിരകള്‍ മുറിച്ചെടുക്കുന്നതു കൊണ്ടാണ് അവയ്ക്ക് ഈ രൂപം) വെതറിങ് റിങ്ങുകള്‍ (കാലാവസ്ഥ ഭേദത്തില്‍ പാറയ്ക്കുമേല്‍ പല ആകൃതിയിലുള്ള രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്). ഹണികോംബ് റോക്ക് (തേനീച്ചക്കൂടുകള്‍ പോലെ, പാറയില്‍ ചെറു ദ്വാരങ്ങള്‍ വരുന്നത്) മഷ്‌റൂം റോക്ക് (കൂണുകള്‍ മുളച്ചു നില്‍ക്കുന്നതു പോലെ മേല്‍ഭാഗം വിടര്‍ന്നും താഴത്തെ ഭാഗം മെലിഞ്ഞുമിരിക്കുന്നത്) ജിഞ്ചര്‍ റോക്ക് (ഇഞ്ചിയുടെ രൂപത്തിലുള്ള പാറകള്‍) കാന്‍ഡ്ല്‍ റോക്ക് (വണ്ണമുള്ള മെഴുകുതിരിയുടെ രൂപമുള്ള പാറകള്‍), സീ കേവ് (പാറയില്‍ വെള്ളം അടിച്ചു കയറി സൃഷ്ടിക്കപ്പെടുന്ന  ഗുഹകള്‍) മെല്‍റ്റിങ് എറോഷന്‍ പാനല്‍ (പാറകളില്‍ കുഴികള്‍ സൃഷ്ടിക്കപ്പെടുന്നത്) - ഇങ്ങനെ നിരവധിയുണ്ട് പാറകളിന്മേല്‍ സമുദ്രവും പ്രകൃതിശക്തികളും ചേര്‍ന്നു നടത്തിയ ക്രിയാത്മക പരീക്ഷണങ്ങള്‍ !

taiwan-trip66
എലിയു ജിയോളജിക്കൽ പാർക്ക് ദൃശ്യങ്ങൾ

ഞാന്‍ കലാശില്പങ്ങള്‍ക്കിടയിലൂടെ ക്യാമറയുമായി നടന്നു. ചിലയിടങ്ങളില്‍,കുട വിരിച്ചതു പോലെ നിൽക്കുന്ന പാറകൾക്കിടയിലൂടെ നടക്കുമ്പോൾ ഏതോ ഹോളിവുഡ് സയന്റിഫിക് ത്രില്ലറിലെ വിഷ്വലുകൾ ഓർമ വരും. നനഞ്ഞു കുതിര്‍ന്ന പാറയിലൂടെ, കുതിരവട്ടം പപ്പു മണിച്ചിത്രത്താഴില്‍ വെള്ളം ചവിട്ടാതെ നടക്കുന്നതുപോലെ, കുഴികളില്‍ ചവിട്ടാതെ നടന്നു. മഷ്‌റൂം റോക്കിന്റെ തണലില്‍ അല്പനേരം നിന്നും, തേനീച്ചക്കൂടു പോലുള്ള പാറകളെ തഴുകിയും അവിടെ ചുറ്റി നടന്ന ശേഷം തിരക്കില്‍ അല്പനേരം അലിഞ്ഞു.ഈ ശില്പങ്ങൾക്കിടയിൽ നിന്ന് പോകേണ്ടത് മറ്റൊരു പാറയുടെ മുമ്പിലേക്കാണ്.അവിടം കൊണ്ട് പാറക്കെട്ടുകള്‍ അവസാനിക്കുകയാണ്. അവിടേക്ക് നടക്കാനായി തടികൊണ്ടുള്ള നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. ആ നടപ്പാത, പാറകള്‍ക്കിടയിലൂടെ കയറിയിറങ്ങി പോവുകയാണ്.അത് പാറകള്‍ക്കിടയ്ക്ക് പാലമായി രൂപപ്പെടുന്നുമുണ്ട്.

ഞാന്‍ നടപ്പാതയിലൂടെ നടന്നു. ഒരു വശത്ത് പസഫിക് സമുദ്രവും പാറക്കെട്ടുകളുമുണ്ട്. മറുവശത്ത് സമുദ്രതീരത്ത് പ്രകൃതി തീര്‍ത്ത ശില്പങ്ങളുടെ മാസ്മരിക ലോകവും കണ്ടുകൊണ്ട് അങ്ങനെയങ്ങ് നടക്കാം!

taiwan-trip65
എലിയു ജിയോളജിക്കൽ പാർക്ക് ദൃശ്യങ്ങൾ

 

taiwan-trip610
എലിയു ജിയോളജിക്കൽ പാർക്ക് ദൃശ്യങ്ങൾ

നടപ്പാത അവസാനിക്കുന്നിടത്തു നിന്ന് കലാശില്പങ്ങളുടെ വിഹഗവീക്ഷണം നടത്തിയ ശേഷം തിരികെ നടന്നു. ആ വഴിയില്‍ നിന്ന് വലതുവശത്തേക്ക് നോക്കുമ്പോള്‍ കലാശിൽപങ്ങളില്‍ നിന്ന് തെല്ലുമാറി ഒരിടത്ത് ആള്‍ത്തിരക്ക് കണ്ടു. അവിടെയാണ് പാറയില്‍ പ്രകൃതി കൊത്തിയെടുത്ത കലാശിൽപങ്ങളിലെ സൂപ്പര്‍താരമുള്ളത്- ക്വീന്‍സ് ഹെഡ് എന്ന രാജ്ഞിയുടെ ശിരസ്. അവിടേക്ക് നടക്കാന്‍ നടപ്പാത വിട്ട് താഴേയ്ക്കിറങ്ങണം.

taiwan-trip6-1
എലിയു ജിയോളജിക്കൽ പാർക്ക് ദൃശ്യങ്ങൾ

ക്വീന്‍സ് ഹെഡിനു മുമ്പില്‍ ജനം ബീവറേജസ് കോര്‍പ്പറേഷന്‍ കൗണ്ടറിനു മുന്നിലെ പോലെ അക്ഷമരായി ക്യൂ നില്‍ക്കുകയാണ്. ഊഴം വെച്ച്, ക്വീന്‍സ് ഹെഡിനു മുമ്പില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നവരാണ് അവരെല്ലാം. ഞാനും ക്യൂവിനു പിന്നില്‍ സ്ഥാനം പിടിച്ചു. ഞാന്‍ ഒറ്റയ്ക്കാണ്. ക്യൂ രാജ്ഞിയുടെ അടുത്തെത്തുമ്പോള്‍ ആരെക്കൊണ്ടെങ്കിലും ഫോട്ടോ എടുപ്പിക്കാനാണ് എന്റെ പദ്ധതി.

taiwan-trip614
ക്വീൻസ് ഹെഡ്

20 മിനുട്ടെടുത്തു, രാജ്ഞിയുടെ ദര്‍ശനം ലഭിക്കാന്‍. വശക്കാഴ്ചയില്‍ കൃത്യമായും രാജ്ഞിയുടെ ശിരസ് തന്നെയാണിതെന്നു തോന്നും.(രാജ്ഞി എന്നു പറഞ്ഞാല്‍ ലണ്ടനിലെ എലിസബത്ത് രാജ്ഞിയാണ് എന്നറിയുക). ബ്രിട്ടനിലെ രാജ്ഞിമാര്‍ ചില അവസരങ്ങളില്‍ തലയില്‍ ധരിക്കാറുള്ള ഒരുതരം തൊപ്പിയുണ്ട്. ആ തൊപ്പി വെച്ച രീതിയിലാണ് പ്രകൃതി എന്ന ശില്പി, പാറയില്‍ രാജ്ഞിയെ കൊത്തിവെച്ചിരിക്കുന്നത്.ഇവിടെയും, ശിൽപം നിർമിച്ച പ്രകൃതി തന്നെ സംഹാരത്തിനുമൊരുങ്ങുകയാണ്. പ്രകൃതിശക്തികളുടെ ഇടപെടൽ മൂലം ഏറെത്താമസിയാതെ രാജ്ഞി കഴുത്തൊടിഞ്ഞ് വീഴാന്‍ സാദ്ധ്യതയുണ്ട്. കാരണം, നേര്‍ത്ത കഴുത്തും വലിയ തലയുമാണ് 'ശില്പ'ത്തിന് ഇപ്പോഴുള്ളത്. ഭാരം താങ്ങാനാവാതെ കഴുത്ത് ഒടിഞ്ഞു വീഴാന്‍ ഇനി 5-10 വര്‍ഷം മതിയെന്നാണ് നാഷണല്‍ തായ്‌പേയ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. 40 വര്‍ഷം മുമ്പ് കഴുത്തില്‍ ഒരു വിള്ളല്‍ വീണിട്ടുള്ളതായും യൂണിവേഴ്‌സിറ്റി കണ്ടെത്തിയിട്ടുണ്ട്.

taiwan-trip615
ക്വീൻസ് ഹെഡ്

തൊട്ടടുത്തു നിന്ന് സുന്ദരിയായ യുവതിയോട് എന്റെ ഫോട്ടോ എടുത്തു തരാന്‍ അഭ്യര്‍ത്ഥിച്ച ശേഷം ഞാന്‍ പലതരത്തില്‍ രാജ്ഞിയോടൊപ്പം പോസ് ചെയ്തു. ബക്കിങ്ഹാം പാലസില്‍പോയി രാജ്ഞിയുടെ കൂടെ നിന്ന് പടമെടുക്കാനുള്ള സാദ്ധ്യത കുറവായതുകൊണ്ട്, പ്രകൃതി നിര്‍മ്മിച്ച രാജ്ഞിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുക മാത്രമല്ലേ നിര്‍വാഹമുള്ളൂ!അപ്പോഴേക്കും മഴ പെയ്യാന്‍ തുടങ്ങി. രാജ്ഞി നിന്ന നില്‍പില്‍ മഴ നനയാന്‍ തുടങ്ങി. പ്രജകളായ നമ്മള്‍ ഓടി രക്ഷപ്പെട്ട് അവിടുത്തെ ഒരേയൊരു കഫേയുടെ വരാന്തയില്‍ അഭയം പ്രാപിച്ചു.

English Summary : taiwan days 6

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com