ADVERTISEMENT

ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകള്‍ക്ക് നല്‍കുന്ന സ്കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട്‌ അവാര്‍ഡിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? കോവിഡ് കാരണം 2020- ലെ അവാര്‍ഡ് ചടങ്ങ് നടത്തിയത് ഓണ്‍ലൈനിലൂടെയായിരുന്നു.

2019 സെപ്തംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രികരില്‍ നടത്തിയ സര്‍വേ പ്രകാരമാണ് തെരഞ്ഞെടുപ്പ്. ആകെ 550 ഓളം എയര്‍പോര്‍ട്ടുകള്‍ അടങ്ങിയ ലിസ്റ്റില്‍ നിന്നുമാണ് ഏറ്റവും മികച്ചവയെ തെരഞ്ഞെടുക്കുന്നത്.

10. കന്‍സായ്, ജപ്പാന്‍

ജപ്പാനിലെ ഒസാകയിലാണ് കന്‍സായ് രാജ്യാന്തര വിമാനത്താവളം ഉള്ളത്. സ്വിസ്റ്റര്‍ലാന്‍ഡിലെ സ്യൂരിച്ച് എയര്‍പോര്‍ട്ടിനെ പിന്‍തള്ളിയാണ് കന്‍സായ് ഇത്തവണ പത്താം സ്ഥാനത്തെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്‌ സ്റ്റാഫ് സര്‍വീസിനുള്ള അവാര്‍ഡ് ആണ് കന്‍സായിക്ക് ലഭിച്ചത്. 

9. ഷിഫോള്‍, ആംസ്റ്റര്‍ഡാം

യൂറോപ്പില്‍ അവാര്‍ഡ് നേടിയ രണ്ടു വിമാനത്താവളങ്ങളില്‍ ഒന്നാണ് ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ എയര്‍പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷം പതിനാലാം സ്ഥാനത്തുണ്ടായിരുന്ന ഷിഫോള്‍ ഇക്കുറി ഒന്‍പതാം സ്ഥാനത്തേക്ക് കയറി. ഫ്രാങ്ക്ഫര്‍ട്ട്, സ്യൂരിച്ച്, ലണ്ടന്‍ ഹീത്രോ വിമാനത്താവളങ്ങളെ പിന്നിലാക്കിയാണ് ഷിഫോള്‍ മുന്നിലെത്തിയത്.

8. ചുബു, ജപ്പാന്‍

ജപ്പാനിലെ നഗോയയിലുള്ള ചുബു സെന്‍ട്രയര്‍ രാജ്യാന്തര വിമാനത്താവളം കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടു സ്ഥാനം മുന്നില്‍ക്കയറി. മനോഹരമായ രൂപകല്‍പ്പനയും മികച്ച റസ്‌റ്റോറന്റുകളുമാണ് ചുബുവിനെ യാത്രികരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയത്. 

7. നരിറ്റ, ജപ്പാന്‍

മികച്ച കാര്യക്ഷമതയ്ക്ക് പേരു കേട്ട എയര്‍പോര്‍ട്ടാണ് ജപ്പാനിലെ നരിറ്റ. കഴിവുറ്റ ജീവനക്കാരും ഷോപ്പുകളും എല്ലാമുള്ള നരിറ്റ ഇക്കുറി കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടു സ്ഥാനം മുന്നില്‍ക്കയറി. ടോക്കിയോയിലെ മികച്ച രണ്ടാമത്തെ എയര്‍പോര്‍ട്ട്‌ കൂടിയാണ് ഇത്. 

6. ഹോങ്കോങ്ങ്

എല്ലാക്കാലത്തും ലോകത്തുള്ള ഏറ്റവും മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഇടം കണ്ടെത്തുന്ന എയര്‍പോര്‍ട്ട്‌ ആണ് ഹോങ്കോങ്ങ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌. കൊറോണ സമയത്ത് ഒരു മിനിറ്റ് കൊണ്ട് ഒരു ഒരാളെ പൂര്‍ണ്ണമായും അണുവിമുക്തമാക്കുന്ന ഫുള്‍ ബോഡി ഡിസിന്‍ഫെക്റ്റന്‍റ് മെഷീന്‍ പരീക്ഷിച്ച ആദ്യ എയര്‍പോര്‍ട്ടും ഹോങ്കോങ്ങാണ്. 

5. മ്യൂണിച്ച്, ജര്‍മ്മനി

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു സ്ഥാനം മുന്നില്‍ ആണ് ഇക്കുറി ജര്‍മ്മനിയിലെ മ്യൂണിച്ച് എയര്‍പോര്‍ട്ട്‌. മികച്ച വൃത്തിയും കുറ്റമറ്റ സംഘാടനവുമാണ് മ്യൂണിച്ച് വിമാനത്താവളത്തിനെ യാത്രികരുടെ പ്രിയപ്പെട്ടതാക്കുന്നത്. 

4. ഇഞ്ചിയോൺ, ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയയുടെ ഇഞ്ചിയോൺ രാജ്യാന്തര വിമാനത്താവളം ഇക്കുറിയും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ സുരക്ഷിതമായി തുടര്‍ന്നു. ഗോൾഫ് കോഴ്‌സ്, ഇൻഡോർ ഐസ് സ്കേറ്റിംഗ് റിങ്ക്, സ്പാ സേവനങ്ങൾ എന്നിങ്ങനെയുള്ള ആവേശകരമായ സവിശേഷതകളോടെ യാത്രക്കിടെയുള്ള സമയം ചെലവഴിക്കാന്‍ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ ഒന്നാണ് ഇത്.

3. ഹമദ്

ഖത്തറിലെ ദോഹയിലുള്ള ഹമദ് രാജ്യാന്തര വിമാനത്താവളം കാലങ്ങളായി മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമാണ്. കൃത്യനിഷ്ഠ, മികച്ച സേവന നിലവാരവും ഭക്ഷണവും കൂടാതെ ഇവിടുത്തെ ഷോപ്പുകളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. 

2. ഹനേഡ, ടോക്കിയോ (Tokyo Haneda Airport)

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ടോക്കിയോയിലെ ഹനേഡ. "ലോകത്തിലെ ഏറ്റവും മികച്ച ആഭ്യന്തര വിമാനത്താവളം", "ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളം" എന്നിവയാണ് 2020 ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ഹനേഡയ്ക്ക് ലഭിച്ച കിരീടങ്ങള്‍.

1. ചാംഗി, സിംഗപ്പൂർ (Singapore Changi Airport)

തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം. എക്കാലത്തും വികസിച്ചുകൊണ്ടിരിക്കുന്ന ചാംഗി എയര്‍പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഡോർ വെള്ളച്ചാട്ടം ഉൾപ്പെടെ കൗതുകകരമായ ഒട്ടനവധി കാര്യങ്ങളുണ്ട്.

changi-airport1

ഷോപ്പിംഗും ഷോപ്പുകളും പൂന്തോട്ടവും സ്കൈ വാക്-വേയും ഹോട്ടലുമെല്ലാമുള്ള 'ജ്യുവല്‍' എന്ന മള്‍ട്ടി യൂസ് കോംപ്ലക്സ്, ലോകമാകെയുള്ള യാത്രികരുടെ പ്രിയപ്പെട്ട ഇടമാണ്. 2013 മുതല്‍ തുടര്‍ച്ചയായി ഏഴു വര്‍ഷത്തോളം ലോകത്തിലെ എറ്റവും മികച്ച വിമാനത്താവളം എന്ന പദവി സ്ഥിരമായി ലഭിക്കുന്നത് ചാംഗി എയര്‍പോര്‍ട്ടിനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com