sections
MORE

മുത്തും പവിഴവും തേടിക്കൊണ്ടു വരുന്ന സമുദ്ര കന്യകമാര്‍

Ama-japan
SHARE

'അമ' എന്ന വാക്കിന് ജാപ്പനീസില്‍ 'സമുദ്രകന്യക' എന്നാണര്‍ത്ഥം.  രണ്ടായിരത്തോളം വര്‍ഷങ്ങളായി കടലിനടിയില്‍ പോയി ഭയമേതുമില്ലാതെ മീന്‍ പിടിക്കുകയും അടിത്തട്ടിലെ അമൂല്യമായ രത്നങ്ങളും മറ്റും ശേഖരിക്കുകയും ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? എട്ടാം നൂറ്റാണ്ടു മുതല്‍ തുടങ്ങിയ ഈ ജീവിതരീതി ഇന്നും തുടര്‍ന്നു വരുന്ന ജാപ്പനീസ് അത്രീകളെ 'അമ'കള്‍ എന്നാണ് വിളിക്കുന്നത്. 

ജലോപരിതലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്കിടെ പൊങ്ങി വരുന്ന ഡോള്‍ഫിനുകളെ കണ്ടിട്ടില്ലേ? അതേപോലെ സഞ്ചാരികള്‍ക്ക് മുന്നില്‍ ഒരു മിന്നായം പോലെ ഇവരുടെ വെളുത്ത പ്രത്യേക വസ്ത്രം മിന്നി മറയും. സ്കൂബ ഗിയറും എയര്‍ ടാങ്കുകളും ഒന്നുമില്ലാതെ പച്ചയ്ക്ക് കടലിന്‍റെ അടിത്തട്ടില്‍ പോയി വരുന്ന ഏക ഫ്രീ ഡൈവിങ്ങുകാര്‍ ആണ് ഇവര്‍.

Ama-japan-1

ജപ്പാന്‍റെ ഹിയാൻ കാലഘട്ടത്തിൽ എ.ഡി 927 മുതൽ മുത്തെടുക്കാനായി കടലിലേക്ക് പോകുന്ന ഈ പെൺ മുങ്ങൽ വിദഗ്ധരെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രോൽപ്പന്നങ്ങൾ ശേഖരിക്കുന്നതിനായിരുന്നു ഇവരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. സ്രാവുകളെ അകറ്റി നിർത്തുമെന്ന് വിശ്വസിക്കപ്പെടുന്ന വെളുത്ത നിറത്തിലുള്ള വസ്ത്രമാണ് ഇവര്‍ കാലങ്ങളായി ധരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലാണ് ഇന്നുള്ളതുപോലെ വെള്ള നിറത്തിലുള്ള ഡൈവിങ് യൂണിഫോമിലേക്ക് മാറുന്നത്.

തണുത്തുറഞ്ഞ താപനിലയും സമുദ്രാന്തര്‍ഭാഗത്തുള്ള ഉയര്‍ന്ന മര്‍ദ്ദവും പോലെയുള്ള കഠിനമായ അവസ്ഥകൾ അഭിമുഖീകരിക്കുന്നവരാണ് അമകള്‍. 12-13 വയസ്സ് പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടികള്‍ അമ പരിശീലനം തുടങ്ങുന്നത്. മുതിര്‍ന്നവരാണ് ഇവരെ പഠിപ്പിക്കുക. മികച്ച ആയുര്‍ദൈര്‍ഘ്യമുള്ള ഇവര്‍ ഏകദേശം 70 വയസ്സു വരെ ഈ ജോലി തുടരും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണത്രേ വെള്ളത്തിനടിയില്‍ കൂടുതല്‍ നേരം ശ്വാസം പിടിച്ച് നില്‍ക്കാനാവുന്നത്. അതുകൊണ്ട് അമകളായി കൂടുതലും സ്ത്രീകളാണ് ജോലിയെടുക്കുന്നത്. നീന്തല്‍ സീസണുകളില്‍ ഇവരുടെ  ശരീരഭാരം കുറയും. 

ആദ്യകാലത്ത് കടലിനടിയില്‍ മുത്തെടുക്കാനായി പോകുന്ന അമകള്‍ വളരെ അപൂര്‍വ്വമായിരുന്നു. പിന്നീട് 1893-ൽ കൃത്രിമ മുത്തിന്‍റെ കണ്ടെത്തലും ഉൽപാദനവുമെല്ലാമായി ജാപ്പനീസ് വ്യവസായിയായ മിക്കിമോട്ടോ കൊക്കിചി രംഗത്തെത്തിയതോടെ അമകളുടെ ഡിമാന്റ് കൂടി വന്നു. തോബയിൽ മിക്കിമോട്ടോ പേൾ ദ്വീപ് സ്ഥാപിച്ച അദ്ദേഹം അമകളെ ഉപയോഗിച്ച് തന്‍റെ ബിസിനസ് രാജ്യന്തരതലത്തിൽ വളര്‍ത്തി. 

ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായ മിക്കിമോട്ടോ പേൾ ദ്വീപിലെ പ്രധാന ആകര്‍ഷണമാണ് വെള്ളത്തിന്‌ മുകളില്‍ വഴക്കത്തോടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഈ നീന്തല്‍ക്കാരികളുടെ കാഴ്ച.സാങ്കേതിക വിദ്യകള്‍ കൂടിയതും പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ താല്പര്യമില്ലായ്മയും കാരണം ഇന്ന് ജപ്പാനിലുള്ള പരമ്പരാഗത അമകളുടെ എണ്ണം വളരെ കുറവാണ്. 1940 കളിൽ ജപ്പാനിലെ തീരങ്ങളിൽ 6000 അമകള്‍ ഉണ്ടായിരുന്നത്രേ. എന്നാൽ ഇന്ന് ഒരു തലമുറയിൽ 60-70 പേര്‍ മാത്രമാണ് ഈ തൊഴില്‍ ചെയ്യുന്നത്.

English Summary: japans female ama pearl divers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA