sections
MORE

പകുതി ചെലവിൽ യാത്ര, എല്ലാം ഫ്രീ; വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ഓഫറുകൾ

mexico
SHARE

കൊറോണക്കാലം കഴിഞ്ഞ് ഒരു യാത്ര എന്നിനി സാധ്യമാകും. കൊറോണയ്ക്കൊപ്പം ജീവിക്കേണ്ടിവരും എന്ന തിരിച്ചറിവിലേക്ക് ലോകം എത്തുകയാണ്. എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ദൈനംദിനജീവിതത്തിലെ ശീലങ്ങളും യാത്രയുടെ രീതികളും എല്ലാം വരും ദിവസങ്ങളിൽ മാറിമറിയും. 

കൊറോണയുടെ ഭീതിയിൽ നിന്നും ചില രാജ്യങ്ങൾ പഴയ നിലയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. സഞ്ചാരികളെ സ്വാഗതം ചെയ്യുവാനായി മിക്ക രാജ്യങ്ങളും കിടിലന്‍ ഒാഫറുകളും പ്ലാനുകളുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്.ടൂറിസത്തിന്റെ വളർച്ചയെ ലക്ഷ്യം വച്ചാണ് ചില രാജ്യങ്ങൾ സൗജന്യമായി പല സൗകര്യങ്ങളും സഞ്ചാരികൾക്കായി ഒരുക്കുന്നത്. കുറഞ്ഞ ചെലവിലുള്ള വിമാന‌ടിക്കറ്റുകള്‍ മുതല്‍ രാജ്യത്തെത്തി രോഗം ബാധിച്ചാല്‍ പൂര്‍ണ്ണമായും സൗജന്യ ചികിത്സ വരെ ഇത്തരം ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

രണ്ടക്ക നമ്പറിൽ സൗജന്യം ഒരുക്കി ഒരു രാജ്യം

രണ്ട് എന്ന അക്കം തീം ആക്കിയാണ് മെക്സിക്കോയിലെ കാന്‍കോണ്‍ നഗരം സഞ്ചാരികളെ വരവേൽക്കാനായി ഒരുങ്ങുന്നത്. താമസം, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍, കാര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലാണ് ഈ ഓഫറുകള്‍ നൽകുക. യാത്രികര്‍ ബുക്ക് ചെയ്യുന്ന രണ്ട് രാത്രിയിലെ താമസത്തിന് അധികം രണ്ട് ദിവസത്തെ രാത്രി താമസം കൂടി സൗജന്യമായി നൽകുന്ന പദ്ധതിയാണ് അതിലൊന്ന്. മുതിര്‍ന്നവര്‍ റൂം ബുക്ക് ചെയ്യുമ്പോള്‍ രണ്ട് കുട്ടികള്‍ക്കു കൂടി സൗജന്യ താമസം നൽകുന്നതാണ് രണ്ടാമത്തെ ഒാഫര്‍. മറ്റൊന്ന് സഞ്ചാരികള്‍ 2 ദിവസത്തേക്കാണ് റൂം ബുക്ക് ചെയ്യുന്നതെങ്കിൽ ആ ദിവസങ്ങളിലേക്ക് സൗജന്യമായി കാർ നൽകുന്ന പദ്ധതിയും ഈ നഗരം മുന്നോട്ടുവയ്ക്കുന്നു. ജൂണ്‍ എട്ട് മുതലാണ് മെക്സിക്കോയില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുക. അതിനു ശേഷം ജൂണ്‍ പതിനഞ്ചോടു കൂടി മാത്രമേ ഈ പദ്ധതി പ്രാബല്യത്തില്‍ വരൂ.

mexico

എല്ലാം ഫ്രീയായി കിട്ടിയാലോ

സഞ്ചാരികൾക്കായി കണ്ണഞ്ചിപ്പിക്കുന്ന ഈ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നത് സൈപ്രസ് എന്ന രാജ്യമാണ്. വിനോദയാത്രക്കിടെ വിദേശികളായ സഞ്ചാരികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സൗജന്യ ചികിത്സ നല്‍കുമെന്ന് പ്രഖ്യാപിച്ച് സൈപ്രസ് സര്‍ക്കാര്‍. രാജ്യത്തിന്‍റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം മേഖലയെ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഓഫര്‍. രാജ്യത്ത് പ്രവേശിച്ച ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാല്‍ താമസം, ഭക്ഷണം, പാനീയം, മരുന്ന് എന്നിവയെല്ലാം സര്‍ക്കാര്‍ നല്‍കും. ചികിത്സക്ക് ശേഷം രോഗം ഭേദമായാല്‍ തിരിച്ചു എയര്‍പോര്‍ട്ടിലേക്ക് പോകാനും മടക്ക വിമാനത്തിനുമുള്ള ചെലവ് സഞ്ചാരികള്‍ സ്വയം വഹിക്കണം.

cyprus

വിമാനടിക്കറ്റിന്റെ പകുതി മതി ഇവിടേക്ക് പോകാൻ

ഇറ്റലിയിലെ സിസിലി ദ്വീപ് വിമാനടിക്കറ്റിന്റെ പകുതി നല്‍കിയാണ് സഞ്ചാരികളെ ഇവിടേക്ക് ക്ഷണിക്കുന്നത്. ഇവിടെ വരുവാന്‍ പോകുന്ന ശരത്കാലം പരമാവധി സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ഇതിനു പിന്നില്‍. ഏകദേശം 50 മില്യണ്‍ ഡോളര്‍ ക്യാംപയിനാണ് ഇതിനായി ഒരുങ്ങുന്നത്.

japan-kawachi-wisteria-garden

സിസിലിയിലേക്ക് വിമാന യാത്രയും താമസ പാക്കേജുകളും ബുക്ക് ചെയ്യുന്ന സഞ്ചാരികളുടെ വിമാനനിരക്കിന്റെ പകുതി നൽകിയാണ് സര്‍ക്കാര്‍ ഇവിടേക്ക് സഞ്ചാരികളെ സ്വീകരിക്കുന്നത്.  ഇതിന്റെ ഭാഗമായി സഞ്ചാരികള്‍ ബുക്ക് ചെയ്യുന്ന ഓരോ മൂന്ന് രാത്രിയ്ക്കും ഓരോ രാത്രി വീതം സൗജന്യ താമസവും സഞ്ചാരികള്‍ക്ക് ലഭിക്കും. സിസിലിയിലെ ലോകപ്രശസ്ത മ്യൂസിയങ്ങളിലേക്കും പുരാവസ്തു കേന്ദ്രങ്ങളിലേക്കും ഈ ഓഫര്‍ വഴി സൗജന്യമായി ലഭിക്കും.

ജപ്പാനിലേക്ക് പോകാം പകുതി ചെലവിൽ

കോറോണ വളരെ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ജപ്പാനും. മഹാമാരിയേൽപ്പിച്ച ക്ഷതത്തിൽ നിന്നും പതിയെ തിരിച്ചുവരവിന്‍റെ പാതയിലേയ്ക്ക് കാലെടുത്തു വയ്ക്കുകയാണ് രാജ്യം. ലോക്ഡൗണ്‍ അവസാനിച്ച ശേഷം  വിനോദ സഞ്ചാരം ആരംഭിക്കുമ്പോൾ ഇവിടേക്ക് വരുവാന്‍ സ‍ഞ്ചാരികള്‍ പകുതി പണം നൽകിയാൽ മതി എന്നതാണ് പുതിയ പദ്ധതി.

പകുതി തുക സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഈ പരിപാടിയ്ക്കായി 12.5ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.നിലവില്‍ ഈ പദ്ധതി ആഭ്യന്തര വിനോദ സഞ്ചാരത്തിനു മാത്രമായാണ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങിയതിനു ശേഷം  സഞ്ചാരികള്‍ക്കുള്ള പുതിയ പദ്ധതികള്‍ ആരംഭിക്കും.

English Summary :| offers and discounts for travellers after corona

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA