ADVERTISEMENT

'അപ്പുക്കുട്ടാ തൊപ്പിക്കാരാ എപ്പക്കല്യാണം...' എന്നു പാടി മലയാളികളുടെ മനസ്സിലേക്ക് നടന്നു കയറിയ ആ ഉയരമുള്ള സുന്ദരിയെ ഓര്‍മയില്ലേ? യാത്രകളും യോഗയും മാര്‍ഷ്യല്‍ ആര്‍ട്സുമൊക്കെയായി തിരക്കിലാണ് മുന്‍ മിസ്‌ ഇന്ത്യ കൂടിയായ പൂജ ബത്ര ഇപ്പോള്‍. ഈയിടെ ലോകപരിസ്ഥിതി ദിനത്തില്‍ പൂജ പങ്കു വച്ച ഒരു യാത്രാ ചിത്രമാണ്‌ ഇപ്പോള്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. നോര്‍വേയിലെ സമുദ്രനിരപ്പില്‍ നിന്നും 3,600 അടി ഉയരമുള്ള ട്രോൾടങ്ക റോക്കിൽ നിന്നുള്ള ചിത്രമാണ്‌ പൂജ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്.

 

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ പറുദീസയാണ് നോർവേ. ട്രോൾടങ്ക റോക്ക് കേട്ടിട്ടില്ലെങ്കിലും, ഈ സ്ഥലത്തിന്റെ മനോഹാരിത  "കോ"എന്ന തമിഴ് സിനിമ കണ്ടവർ ഒരിക്കലും മറക്കില്ല. അവിടേക്കുള്ള യാത്ര ആരെയും ആകർഷിക്കും.നോര്‍വേയിലെ വെസ്റ്റ്‌ലാന്‍ഡ് കൗണ്ടിയില്‍ റിങ്ങിദാലിസ് വാറ്റ്നെറ്റ് നദിയ്ക്ക് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പാറ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയർന്നു നിൽക്കുന്ന പർവതമാണിത്. സെൽഫികളിലൂടെ പ്രശസ്തമായ മൂന്നിടങ്ങളാണ് നോർവെയിലുള്ളത്. അതിലേറ്റവും പ്രശസ്തമായ ഒന്നാണ് ട്രോൾടങ്ക റോക്ക്. 

 

പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹിമയുഗത്തിലാണ് ഈ പാറ രൂപം കൊണ്ടത്. ഭീമന്‍ ഹിമാനിയില്‍ നിന്നുള്ള ജലത്തിന്‍റെ ശക്തി മൂലം പര്‍വ്വതഭാഗം പൊട്ടിത്തകരുകയും മുകളില്‍ വെള്ളത്തിലേക്ക് സമാന്തരമായി തള്ളി നില്‍ക്കുന്ന ഈ പാറ ഉണ്ടാവുകയും ചെയ്യുകയായിരുന്നത്രേ.2010 വരെ പ്രതിവര്‍ഷം 800 ൽ താഴെ ആളുകളായിരുന്നു ട്രോൾടുംഗയിലേക്ക് ഹൈക്കിംഗിനായി എത്തിയിരുന്നത്.  2016 ആയതോടെ ഇത് 80,000-ത്തിലധികമായി. സ്കഗെഗഡൽ ഗ്രാമത്തിൽ നിന്ന് തുടങ്ങി 27 കിലോമീറ്റർ നടന്നു തിരിച്ചെത്തുന്ന ഈ യാത്ര ഇന്ന് നോർവേയിലെ ഏറ്റവും ജനപ്രിയമായ ഹൈക്കിങ് ആണ്.

 

ഇവിടേക്കുള്ള യാത്ര അല്‍പ്പം കഠിനമാണ്. ഏറ്റവും കുറഞ്ഞത് പന്ത്രണ്ടു മണിക്കൂര്‍ വേണം യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍. വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുക. വഴിയില്‍ ഏതു നിമിഷവും പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഘനമേറിയ മൂടല്‍മഞ്ഞിന്‍റെ സാന്നിധ്യവും അപകട സാധ്യത കൂട്ടുന്നു. എല്ലാ വര്‍ഷവും അന്‍പതോളം ആളുകള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നു എന്നാണു കണക്ക്.

 

വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത വരവു കാരണം, ഒരു വേനൽമഴ പെയ്തു കഴിയുമ്പോള്‍ത്തന്നെ ട്രോൾടങ്കയിലേക്കുള്ള പാത മുഴുവന്‍ ചെളി നിറഞ്ഞതായി മാറുന്നതും ഈ യാത്രയിലെ ഒരു പ്രതികൂല ഘടകമാണ്.

 

എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് പാറ മുകളിലെത്തിയാല്‍ കാണുന്ന കാഴ്ച അതിമനോഹരമാണ്. ഹാർഡാൻജർ മേഖലയിലെ താഴ്വരകളുടെ കാഴ്ച ശ്വാസം നിലച്ചു പോകുന്നത്രയും സുന്ദരമാണ്. 1500 മീറ്റര്‍ വരെ ഉയരമുള്ള പര്‍വ്വതങ്ങളും മലകള്‍ക്ക് മുകളിലെ സമതലങ്ങളും അവയില്‍ കാണുന്ന തടാകങ്ങളും അവയ്ക്കിടയിലൂടെ ഞൊറിയിടുന്ന തൂവെള്ള മഞ്ഞിന്‍പാളികളുമെല്ലാം കൂടിയാകുമ്പോള്‍ സ്വര്‍ഗ്ഗത്തിലാണോ എന്ന് തോന്നിപ്പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com