ADVERTISEMENT

ലോക സമുദ്രദിനത്തില്‍ നിരവധി താരങ്ങള്‍ കടലുമായി ബന്ധപ്പെട്ട യാത്രകളുടെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ബോളിവുഡ് നടി കത്രീന കൈഫ്‌ പങ്കു വച്ച വീഡിയോ കണ്ട എല്ലാവരും അദ്ഭുതപ്പെട്ടു! കടലിനടിയില്‍ തിമിംഗല സ്രാവിനൊപ്പം നീന്തുന്ന രംഗമാണ് കത്രീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'അദ്ഭുത സുഹൃത്ത്' എന്നാണ് കത്രീന ഈ അനുഭവത്തെക്കുറിച്ച് പറയുന്നത്.

2016-ല്‍ ഫിലിപ്പീന്‍സില്‍ വച്ച് നടന്ന വോഗ് മാഗസിന്‍ ഫോട്ടോ ഷൂട്ടില്‍ നിന്നുള്ള രംഗങ്ങള്‍ ആയിരുന്നു യഥാര്‍ത്ഥത്തില്‍ ഇത്. അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫറും സ്കൂബ ഡൈവിംഗ് പരിശീലകനുമായ സുമര്‍ വര്‍മയായിരുന്നു ഈ ഫോട്ടോഷൂട്ട്‌ നടത്തിയത്. ഇതേപോലെ സമീറ റെഡ്ഡി, ആലിയ ഭട്ട്, കൃതി സനോന്‍ മുതലായ മറ്റു നിരവധി സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടും സുമര്‍ നടത്തിയിട്ടുണ്ട്.

ഫിലിപ്പീന്‍സിലെ സെബു ദ്വീപിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ബീച്ചുകളും ഡൈവിംഗ് സ്പോട്ടുകളും ചരിത്രസ്ഥലങ്ങളും രുചികരമായ സമുദ്രവിഭവങ്ങളും വെള്ളച്ചാട്ടങ്ങളും ചൂടുനീരുറവകളും തിമിംഗല സ്രാവുകളുമെല്ലാമുള്ള സെബു സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്‌. 

തിമിംഗല സ്രാവുകള്‍ക്കൊപ്പം നീന്താന്‍ ഇവിടെയെത്താം!

സെബുവിന്‍റെ തെക്കന്‍ തീരപ്രദേശത്തുള്ള ഓസ്‌ലോബ് നഗരത്തിലാണ് സഞ്ചാരികള്‍ക്ക് തിമിംഗല സ്രാവുകള്‍ക്കൊപ്പം നീന്താനുള്ള അവസരമുള്ളത്. മന്ദഗതിയില്‍ നീന്തുന്ന ഈ സ്രാവുകള്‍ മനുഷ്യരെ തിന്നില്ല. ആഴക്കടലിലും പവിഴപ്പുറ്റുകൾക്കിടയിലും ജീവിക്കുന്ന ഈ ഭീമന്മാരുടെ ആഹാരം ചെറു മത്സ്യങ്ങൾ, മത്സ്യ കുഞ്ഞുങ്ങൾ, പ്ലാങ്കണുകൾ എന്നിവയാണ്. സെബുവിലെ ഒരു പ്രധാന ആകര്‍ഷണമാണ് സൗഹൃദസ്വഭാവികളായ ഈ തിമിംഗല സ്രാവുകള്‍.

മനോഹരങ്ങളായ ദ്വീപുകള്‍

സെബു പ്രവിശ്യയിൽ മനോഹരമായ 200 ഓളം ദ്വീപുകളുണ്ട്. ഉയർന്ന റേറ്റിംഗുള്ള റിസോർട്ടുകളും മനോഹരമായ ബീച്ചുകളും ഉള്ള മാക്റ്റൻ ദ്വീപ് ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. സെബു സിറ്റിയിൽ നിന്ന് 20 മിനിറ്റ് മാത്രം അകലെയാണ് ഈ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. മൂന്ന് മണിക്കൂർ അകലെയുള്ള ബന്റായൻ ദ്വീപും മറ്റൊരു പ്രധാന ദടൂറിസ്റ്റ് കേന്ദ്രമാണ്. ചോക്ലേറ്റ് ഹില്‍സ് സ്ഥിതി ചെയ്യുന്ന ബോഹോള്‍ ആണ് മറ്റൊരു എടുത്തു പറയേണ്ട സ്ഥലം. സെബുവില്‍ നിന്നും രണ്ടു മണിക്കൂര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

സെബുവിനെ അറിയാന്‍ നിറങ്ങളുടെ ഉത്സവം

ഇവിടത്തെ പ്രധാന ഉത്സവമായ സിനുലോഗ് ഫെസ്റ്റിവൽ എല്ലാ വര്‍ഷവും ഔദ്യോഗികമായി ജനുവരി മാസം മൂന്നാമത്തെ ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. ആഘോഷങ്ങൾ മാസം മുഴുവൻ നീണ്ടുനിൽക്കും. പോർച്ചുഗീസുകാര്‍ ഫിലിപ്പൈൻസിലേക്ക് ക്രിസ്തുമതം കൊണ്ടുവന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്. ഫിലിപ്പൈൻസിനെ പരിചയപ്പെടുത്തിയത് അവധി ആഘോഷിക്കുന്നതായി പോകുക. ഇന്നും പവിത്രമായി കണക്കാക്കപ്പെടുന്ന ഒരു യേശു പ്രതിമയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. വർണ്ണാഭമായ ഗ്രാൻഡ് പരേഡോടു കൂടി ആഘോഷങ്ങള്‍ സമാപിക്കുന്നു. പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള നൃത്തം അവതരിപ്പിക്കുന്നതും തുടർന്ന് വെടിക്കെട്ട്, മേളകൾ, മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവ അരങ്ങേറുന്നതും ഈ ഉത്സവത്തിന്‍റെ പതിവാണ്.

നാവില്‍ കപ്പലോടിക്കും തെരുവോര രുചികള്‍

മധുരപ്രേമികളേ ഇതിലേ ഇതിലേ! നല്ല പഞ്ചസാരയില്‍ പൊതിഞ്ഞ് പൊരിച്ച വാഴപ്പഴം കഴിച്ചിട്ടുണ്ടോ? സെബുവിലെ ഏറ്റവും സാധാരണവും ജനപ്രിയവുമായ രുചികളില്‍ ഒന്നാണ് 'പിനേയ്പെയ്' എന്ന് വിളിക്കപ്പെടുന്ന ഈ വിഭവം. ഓവനില്‍ ഉണ്ടാക്കുന്ന മധുരമുള്ള അരികേക്കായ 'ബിബിങ്ക'യും മധുരമേറിയ ജ്യൂസുകളും എല്ലാം ഒന്നിനൊന്നു മെച്ചമാണ് രുചിയില്‍. മധുരം ഇഷ്ടമല്ലാത്തവര്‍ക്ക് ആവിയിൽ വേവിച്ച നിലക്കടല അല്ലെങ്കിൽ വറുത്ത കാട മുട്ടകളും പോലെയുള്ള വിഭവങ്ങളുമുണ്ട്.

നീലയും വെള്ളയും സംഗമിക്കുന്ന കവാസാന്‍ വെള്ളച്ചാട്ടം

സെബുവില്‍ നിന്ന് വെറും പതിനഞ്ചു മിനിറ്റ് നടന്നാല്‍ മനോഹരമായ കവാസാന്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. സമുദ്ര നീല നിറമുള്ള നദിയിലേക്ക് നുരഞ്ഞു പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച ആരുടേയും മനം കവരും. ഇടുങ്ങിയതും പാറകള്‍ നിറഞ്ഞതുമായ വഴിയിലൂടെയാണ് ഇവിടെയെത്തുന്നത്. 

പ്രണയത്തിന്‍റെ ക്ഷേത്രം- ടെമ്പിള്‍ ഓഫ് ലീ

ശ്വാസകോശ അർബുദം ബാധിച്ച് മരണമടഞ്ഞ ലീയ്ക്ക് വേണ്ടി ഭര്‍ത്താവായ തിയോഡോറിക്കോ അദർന എന്ന സംരംഭകന്‍ പണി കഴിപ്പിച്ച ആധുനിക സ്മാരകമാണ് 'ടെമ്പിള്‍ ഓഫ് ലീ' എന്ന ഈ ക്ഷേത്രം. പുരാതന റോമൻ ശൈലിയിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഗംഭീരമായ ഒരു ഗോവണിക്ക് മുകളിലുള്ള സിംഹാസനത്തിൽ ലീയുടെ വെങ്കലപ്രതിമ കാണാം. താജ്മഹല്‍ ഒക്കെ പോലെ പ്രണയത്തിന്‍റെ മഹത്തായ ഒരു സ്മാരകമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

English Summary: Katrina Kaif Went Swimming With A Whale Shark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com