sections
MORE

ജീവിതാഭിലാഷങ്ങള്‍ എഴുതി ബലൂൺ പറത്തിയാൽ ആഗ്രഹം സാധിക്കും; വിസ്മയിപ്പിക്കും ഇൗ നാട്

കത്തിച്ച് ഉയർത്തിവിടാൻ തയാറായി നിൽക്കുന്ന വർണ ബലൂണുകൾ
SHARE

തായ്‌വാന്‍ ഡേയ്‌സ് -7

പര്‍വതങ്ങളുടെ ദ്വീപാണ് തായ്‌വാന്‍. മലകളും സമുദ്രവും കാനനവും ചേര്‍ന്ന് സുന്ദരമായ കാഴ്ചകള്‍ സൃഷ്ടിക്കുന്ന രാജ്യം. വളരെ ചെറിയ രാജ്യമാണെങ്കിലും 286 കൊടുമുടികളോടു കൂടിയ നിരവധി പര്‍വത നിരകള്‍ ഇവിടെയുണ്ട്. ഇവയ്‌ക്കെല്ലാം 3000 മീറ്ററിലധികം ഉയരവുമുണ്ട്. പര്‍വതാരോഹണമാണ് തായ്‌വാനിലെ ഏറ്റവും പ്രധാനപ്പെട്ട കായിക വിനോദം.

trip-thaiwan-1
ഡ്രൈവർ ചാങ്

രാജ്യത്തിന്റെ 73 ശതമാനവും ഇടതൂര്‍ന്ന വനപ്രദേശമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 16 ലക്ഷം ഹെക്ടറിലായി വനപ്രദേശം വ്യാപിച്ചു കിടക്കുന്നു.

കത്തിച്ച് ഉയർത്തിവിടാൻ തയാറായി നിൽക്കുന്ന വർണ ബലൂണുകൾ

ഇനിയുള്ള എന്റെ യാത്രകള്‍ മലകളും കാടുകളും നിറഞ്ഞ പ്രദേശങ്ങളിലേക്കാണ്. എപ്പോഴും മഴ പെയ്യുന്ന പ്രദേശമായതിനാല്‍ ഹരിതാഭമായ കാഴ്ചകളാണ് അവിടെ എന്നെ കാത്തിരുന്നത്. കയ്യേറ്റവും മരം മുറിക്കലുമൊന്നും ഇവിടെ പതിവില്ലാത്തതിനാല്‍ വനങ്ങളുടെ ഭംഗി അതേപടി പരിരക്ഷിക്കപ്പെടുന്നുണ്ട്. സമ്പത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തായ്‌വാനിലെ ജനതയ്ക്ക് വനം കൊള്ളയടിച്ച് അന്നത്തിന് വക തേടേണ്ട കാര്യമില്ലല്ലോ!

കത്തിച്ച് ഉയർത്തിവിടാൻ തയാറായി നിൽക്കുന്ന വർണ ബലൂണുകൾ

ഇന്ന് എന്റെ യാത്ര പിങ്ഷി, ഷിഫന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കാണ്. തായ്‌പേയ് നഗരത്തില്‍ നിന്ന് 30 കി.മീ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ എങ്കിലും പ്രകൃതിയിലുണ്ടാകുന്ന മാറ്റം നമ്മെ അത്ഭുതപ്പെടുത്തും. തായ്‌പേയ് എന്ന, അംബരചുംബികള്‍ നിറഞ്ഞ വന്‍ നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് നമ്മള്‍ എത്തിപ്പെടുന്നത് കാടും മലകളും നദികളും കോടമഞ്ഞും നിറഞ്ഞ പിങ്ഷിയിലാണ്. 30 കി.മീ ദൂരെ ഒരു വന്‍നഗരം മിടിക്കുന്നുണ്ടെന്ന തോന്നല്‍ പോലും ഈ ഉള്‍നാടന്‍ ഗ്രാമം നല്‍കുന്നില്ല.

കത്തിച്ച് ഉയർത്തിവിടാൻ തയാറായി നിൽക്കുന്ന വർണ ബലൂണുകൾ

തായ്‌പേയില്‍ നിന്ന് പുറപ്പെട്ട് ഏറെ കഴിയും മുമ്പു തന്നെ ടണലുകളും എലിവേറ്റഡ് ഹൈവേകളും നിറഞ്ഞ നഗരപ്രാന്തത്തിലെത്തി. നഗരമായാലും ഉള്‍പ്രദേശമായാലും അടിസ്ഥാനപ്പെട്ട സൗകര്യങ്ങള്‍ക്കൊന്നും ഒരു വ്യത്യാസവുമില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഗട്ടറുള്ള റോഡ് എന്നതൊന്നും തായ്‌വാനിലെ ജനത കണ്ടിട്ടും കേട്ടിട്ടുമുണ്ടാവില്ല!ഏതാണ്ട് 20 കി.മീ പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഹെയര്‍പിന്‍വളവുകള്‍ ആരംഭിച്ചു. ഒരു വശത്ത് കോട്ടമതില്‍ പോലെ പര്‍വതനിരകള്‍. മൂടല്‍മഞ്ഞ് തിരശീല വിരിക്കുന്ന താഴ്‌വാരങ്ങള്‍....

ബലൂൺ കത്തിച്ചു വിടും മുൻപ് ആഗ്രഹങ്ങൾ എഴുതുന്നു

ഒരു കാലത്ത് ഈ പ്രദേശങ്ങള്‍ കല്‍ക്കരി/സ്വര്‍ണ്ണ ഖനികളാല്‍ സമ്പന്നമായിരുന്നു. 1430 ലാണ് ഇവിടെ സ്വര്‍ണ്ണമുണ്ടെന്നു കണ്ടുപിടിച്ചത്. എന്നാല്‍ ജപ്പാന്‍കാര്‍ തായ്‌വാന്‍ ഭരിച്ചിരുന്ന കാലത്താണ് സ്വര്‍ണ്ണഖനനം ശക്തമായത്. അതോടെ ഈ പ്രദേശങ്ങളുടെ മുഖച്ഛായ മാറി. ഉറക്കം തൂങ്ങി ഗ്രാമങ്ങളായിരുന്ന പിങ്ഷിയും ഷിഫനും വ്യാപാര കേന്ദ്രങ്ങളാല്‍ മുഖരിതമായി. സിംഗപ്പൂരില്‍ നിന്നുള്ള യുദ്ധത്തടവുകാരെ ജപ്പാന്‍കാര്‍ ഇവിടെ ഖനികളില്‍ അടിമപ്പണി ചെയ്യിച്ചു. അതില്‍ ബ്രിട്ടീഷുകാര്‍ പോലുമുണ്ടായിരുന്നു.

ഒരു ഷോപ്പിൽ ആവശ്യക്കാരെ കാത്തിരിക്കുന്ന ബലൂണുകൾ

രണ്ടാംലോകമഹായുദ്ധം കഴിഞ്ഞതോടെ ഇവിടുത്തെ സ്വര്‍ണ്ണഖനികള്‍ സജീവമല്ലാതായി. 1971ല്‍ ഖനികളെല്ലാം അടച്ചുപൂട്ടി. അങ്ങനെ ഈ ഗ്രാമങ്ങളും വിസ്മൃതിയിലായി. ഇവിടേക്ക് ആരും വരാതെയുമായി. 1989ല്‍ 'സിറ്റി ഓഫ് സാഡ്‌നസ്' എന്ന പേരില്‍ ഒരു സിനിമ പുറത്തിറങ്ങി. പിങ്ഷി, ഷിഫന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ആ സിനിമ വലിയ ഹിറ്റായതോടെ വീണ്ടും ഇവിടം ജനശ്രദ്ധ നേടി. വിനോദസഞ്ചാരകളുടെ ഒഴുക്കും തുടങ്ങി.

ഓരോ ആഗ്രഹത്തിനും ഓരോ നിറമുള്ള ബലൂൺ

ഷിഫനിലെ പഴയ ജാപ്പാനീസ് മാര്‍ക്കറ്റ്, പിങ്ഷിയിലെ സ്‌കൈ ലാന്റേണ്‍ എന്നിവയാണ് ഈ പ്രദേശങ്ങളിലെ പ്രധാന കാഴ്ചകള്‍. നമ്മള്‍ ആദ്യം പോകുന്നത് സ്‌കൈ ലാന്റേണ്‍ കാണാനാണ്.

പിങ്ഷി എന്ന ചെറുഗ്രാമം ലോകശ്രദ്ധ ആകര്‍ഷിച്ചത് ആകാശത്തിലേക്ക് കത്തിച്ച്, ഉയര്‍ത്തിവിടുന്ന വര്‍ണബലൂണുകളുടെ പേരിലാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ മുതല്‍ ഈ പ്രദേശത്ത് ഈ ബലൂണ്‍ പരിപാടി നടക്കുന്നുണ്ട്. ചൈനീസ് ന്യൂഇയറിന്റെ അവസാന ആഴ്ചയില്‍ 'സ്‌കൈ ലാന്റേണ്‍ ഫെസ്റ്റിവല്‍' എന്ന പേരില്‍ വന്‍ ആഘോഷം നടക്കാറുണ്ട്. തായ്‌വാനിലെ മുഴുവന്‍ ജനങ്ങളും തടിച്ചുകൂടുന്ന ഉത്സവപരിപാടിയാണത്. എന്നാല്‍ അങ്ങനെയല്ലാതെ, സാധാരണ ദിവസങ്ങളിലും സ്‌കൈ ലാന്റേണ്‍ കത്തിച്ചു വിടാനായി നൂറുകണക്കിന് ആളുകള്‍ എത്തുന്നുണ്ട്.

കത്തിച്ച് ഉയർത്തിവിടാൻ തയാറായി നിൽക്കുന്ന വർണ ബലൂണുകൾ

ഒരു മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷം ഞാന്‍ പിങ്ഷുവിലെത്തി. ഒരു പാര്‍ക്കിങ് ഏരിയയില്‍ ഡ്രൈവര്‍ ചാങ് വാഹനം നിര്‍ത്തി. ഇനി അല്പദൂരം നടക്കണം. നടക്കുന്ന വഴിയില്‍, അടിച്ചിട്ടിരിക്കുന്ന കല്‍ക്കരി ഖനി കണ്ടു. ജാപ്പനീസ് അധിനിവേശ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഖനിയാണിത്. ഇപ്പോള്‍ ഇതൊരു മ്യൂസിയമാണ്. പക്ഷേ ഞാന്‍ എത്തിയ ദിവസം മ്യൂസിയത്തിന് അവധിയായിരുന്നു. മൈനിങ് ഇന്‍ഡസ്ട്രി മ്യൂസിയം, കോള്‍ മെമ്മോറിയല്‍ മ്യൂസിയം എന്നിവയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

മ്യൂസിയം കടന്ന് നടക്കുമ്പോള്‍ ഒരു റെയില്‍വേ ലൈന്‍ കാണാം. റെയില്‍വേ പാളത്തില്‍ ജനക്കൂട്ടവും, ആകാശത്ത് ഉയര്‍ന്നു പറക്കുന്ന ബലൂണുകളും. ബലൂണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കടലാസിലാണ്. അവയുടെ ഉള്ളില്‍ തീ കത്തി നില്‍ക്കുന്നു. ഏതു സമയത്തും അമ്പതുമുതല്‍ നൂറുവരെ ബലൂണുകള്‍ ആകാശത്തുണ്ടാവും. സ്‌കൈ ലാന്റേണ്‍ ഫെസ്റ്റിവലിന്റെ സമയത്ത് ഇവയുടെ എണ്ണം ആയിരത്തിലധികമായിരിക്കും. 

ട്രെയിൻ കടന്നു വരുന്നു

പാളത്തിനടുത്തേക്ക് നടക്കുമ്പോള്‍ നിരവധി പേര്‍ ബലൂണ്‍ കത്തിച്ചുപിടിച്ചു നില്‍ക്കുന്നതു കാണാം. രണ്ടടിയിലേറെ ഉയരമുള്ള ബലൂണുകള്‍  പല നിറത്തിലുള്ളവയാണ്. ബലൂണിനോടൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷം ആര്‍പ്പുവിളികളോടെ കൈവിടുമ്പോള്‍ ബലൂണ്‍ ഉയര്‍ന്നു പൊങ്ങുന്നു.

ഒരു നൂറ്റാണ്ടായി തുടരുന്ന ഈ പരിപാടിയുടെ തുടക്കം അന്വേഷിച്ചു പോകുമ്പോള്‍ എത്തുന്നത് ഈ റെയില്‍വേ പാളം നിര്‍മ്മിച്ച കാലഘട്ടത്തിലാണ്. അന്ന് പിന്നോക്ക പ്രദേശമായിരുന്ന ഇവിടെ ആകെയുണ്ടായിരുന്നത് കല്‍ക്കരി ഖനികളാണ്. റെയില്‍വേ പണിക്കാര്‍ ഓരോ ദിവസവും ജോലി പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ ഇതുപോലെ കത്തിച്ച ബലൂണുകള്‍ ഉയര്‍ത്തിവിടുക പതിവായിരുന്നു. ആകാശത്ത് ബലൂണ്‍ കാണുമ്പോള്‍ ദൂരെ എവിടെയെങ്കിലും നില്‍ക്കുന്ന മേലധികാരികള്‍ ഇവരുടെ അടുത്തെത്തുകയും താമസ സ്ഥലങ്ങളിലെത്തിക്കുകയും ചെയ്യുമായിരുന്നത്രേ.അങ്ങനെ, 'ഇന്നത്തെ ജോലി കഴിഞ്ഞു,വീട്ടിൽ വിടൂ' എന്ന സന്ദേശം നൽകാനായി ആരംഭിച്ച പരിപാടിയാണ് ഇതെന്നർത്ഥം.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈ ബലൂണ്‍ പരിപാടിക്ക് പുതിയ മാനങ്ങള്‍ കൈവന്നു. ജീവിതാഭിലാഷങ്ങള്‍ എഴുതിയ ബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി വിട്ടാല്‍ അവയിലെഴുതിയ ആഗ്രഹങ്ങള്‍ സാധിക്കും എന്നൊരു വിശ്വാസം നിലവില്‍ വന്നു. അതോടെ ജനങ്ങള്‍ ഇവിടേക്ക് ഒഴുകി.

ഓരോ നിറമുള്ള ബലൂണിനും ഓരോ ആഗ്രഹങ്ങളുടെ കഥയാണ് പറയാനുള്ളത്. ഉദാഹരണമായി, ചുവന്ന നിറമുള്ള ബലൂണ്‍ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതായത്, കൂടുതല്‍ ആരോഗ്യം വേണമെന്നോ, ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നോ ആവശ്യപ്പെട്ടാണ് ബലൂണ്‍ വിടുന്നതെങ്കില്‍ ചുവന്ന നിറമുള്ള ബലൂണാണ് വിടേണ്ടത്. നല്ല തൊഴിലിനായി നീല, പഠനത്തിനായി പര്‍പ്പിള്‍, വിവാഹാവശ്യത്തിനായി ഓറഞ്ച്, ജീവിതവിജയത്തിനായി പച്ച- ഇങ്ങനെ പോകുന്നു ബലൂണുകളുടെ നിറങ്ങള്‍.

സ്കൈ ലാന്റേൺ ചിത്രങ്ങൾ

പാളത്തിന്റെ ഇരുവശത്തും നിറയെ ഷോപ്പുകളാണ്. ഇവിടെ നിന്ന് ബലൂണ്‍ വാങ്ങാം. ആഗ്രഹങ്ങള്‍ എഴുതുന്നതും ഷോപ്പിലുള്ളവര്‍ തന്നെ. 250 രൂപ മുതലാണ് ബലൂണുകളുടെ വില ആരംഭിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്നതുമുതല്‍ അതില്‍ ആഗ്രഹം എഴുതുന്നതിനും തീ കൊടുക്കുന്നതിനും കൂടെ നിന്നുള്ള ഫോട്ടോ എടുത്തു തരുന്നതിനും മുകളിലേക്ക് ഉയര്‍ത്തി വിടുന്നതിനുമെല്ലാമായി ഷോപ്പിലെ ഒരു പയ്യന്‍ കൂടെയുണ്ടാകും. മൊത്തത്തില്‍ ഒരു പാക്കേജാണ് ഇതെല്ലാം.

ബലൂണുകള്‍ ഉയര്‍ന്നു പൊങ്ങുന്നതിനിടെ മണിയടി ശബ്ദം കേട്ടു. ഒരു ട്രെയിന്‍ വരികയാണ്. അതോടെ പാളത്തില്‍ നിന്നിരുന്നവരെല്ലാം അകന്നു മാറി.  ട്രെയിന്‍ മന്ദംമന്ദം കടന്നുവന്നു. തൊട്ടടുത്തുള്ള പിങ്ഷു സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം വരുന്നതുകൊണ്ടാണ് ഈ മന്ദഗതി. 

ട്രെയിന്‍ കടന്നു പോയ ഉടന്‍ വീണ്ടും പാളത്തില്‍ ജനങ്ങളും ബലൂണുകളും നിരന്നു. വീണ്ടും ബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങി.

ഒരു ലഘു ഭക്ഷണ ശാല

ഇങ്ങനെ കത്തിച്ചുവിടുന്ന ബലൂണുകളില്‍ ചിലത് ചെന്ന് വീണ് ചുറ്റുപാടുമുള്ള കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്. എന്നിട്ടും ആര്‍ക്കും പരാതിയൊന്നുമില്ല. കാരണം ഈ പ്രദേശം നിലനിന്നു പോകുന്നത് സ്‌കൈ ലാന്റേണുകള്‍ മൂലമാണല്ലോ. ആരാലും അറിയപ്പെടാതെ കിടന്ന ഇവിടം വലിയൊരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകാന്‍ കാരണം ബലൂണുകളാണ്. അതുകൊണ്ട് അത്തരം പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണ് സമീപവാസികള്‍.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA