ADVERTISEMENT

തിരക്കുകളില്‍ നിന്നെല്ലാം അകന്ന് വിഷം കലരാത്ത വായുവും മനോഹരമായ കാഴ്ചകളും ആസ്വദിച്ച് അല്‍പ്പ സമയം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ തുലമീന്‍ ഗ്രാമത്തേക്കാള്‍ പറ്റിയ വേറെയൊരിടമില്ല. ബ്രിട്ടീഷ് കൊളംബിയയുടെ കനേഡിയന്‍ പ്രവിശ്യയില്‍ പ്രകൃതി ഒളിപ്പിച്ചു വച്ച നിരവധി അദ്ഭുതങ്ങളില്‍ ഒന്നാണ് ഈ സുന്ദരഗ്രാമം.

യൂറോപ്പില്‍ ചിത്രം പോലെ സുന്ദരമായ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഉണ്ട്. സംസ്കാരസമ്പന്നവും ചരിത്രപ്രധാനവുമായ ഇടങ്ങളാണ് ഇവയെല്ലാം. തിമിംഗലങ്ങള്‍ക്കൊപ്പം ജലയാത്ര ചെയ്യാന്‍ കഴിയുന്ന വാന്‍കൂവര്‍ ദ്വീപ്‌ ഒരു ഉദാഹരണമാണ്. പ്രിൻസ്റ്റൺ പട്ടണത്തിന് 26 കിലോമീറ്റർ വടക്കുപടിഞ്ഞാറും വാൻകൂവറിൽ നിന്ന് 185 കിലോമീറ്റർ അകലെയുമായി ഒട്ടർ തടാകത്തിനരികില്‍ സ്ഥിതി ചെയ്യുന്ന തുലമീന്‍ ഗ്രാമവും വ്യത്യസ്തമല്ല.

വെറും 250 സ്ഥിര താമസക്കാർ മാത്രമാണ് തുലമീന്‍ ഗ്രാമത്തില്‍ ഉള്ളത്. ഇതില്‍ കൂടുതലും വിവിധ ജോലികളില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്നവരാണ്‌. വിദൂരമായ ഗ്രാമം ആയതു കൊണ്ടുതന്നെ ശൈത്യകാലത്ത് ഈ ഗ്രാമം ഏറെക്കുറെ ഒറ്റപ്പെടുന്നു. വേനല്‍ക്കാലത്താണ് സഞ്ചാരികള്‍ എത്തുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചങ്ങളോ ബാറുകളോ പബ്ബുകളോ ഒന്നും തുലമീനില്‍ കാണാനാവില്ല. പകരം പൂര്‍ണ്ണമായും പ്രകൃതിയില്‍ അലിഞ്ഞു ചേരുന്ന അനുഭവം ആസ്വദിക്കാം. ഒട്ടര്‍ ലേക്ക് പ്രൊവിന്‍ഷ്യല്‍ പാര്‍ക്ക്, ഡോബി വില്ലെ എന്നിങ്ങനെ രണ്ടു സ്ഥലങ്ങളില്‍ ക്യാമ്പിംഗ് ചെയ്യാം. ക്യാമ്പിംഗ് ചെയ്യുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ വന്യജീവികളെ കാണാം. ഇവ കൂടാതെ വാടകയ്ക്ക് ക്യാബിനുകളും കോട്ടേജുകളും ലഭിക്കും.

ആറു കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ഒട്ടര്‍ തടാകത്തില്‍ പാഡില്‍ബോര്‍ഡിംഗ്, വാട്ടര്‍ സ്കീയിംഗ്, ബോട്ടിംഗ് മുതലായ ജലവിനോദങ്ങള്‍ക്കുള്ള സൗകര്യവും ഉണ്ട്. തുലമീനില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അകലെയായി കാണുന്ന വെള്ളച്ചാട്ടവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാടും പാറക്കൂട്ടങ്ങളും നദിയുമെല്ലാം കടന്നു ഒരു മണിക്കൂര്‍ നടന്നു വേണം ഇവിടെയെത്താന്‍. ഈ യാത്ര തന്നെ മനം കുളിര്‍പ്പിക്കുന്ന കാഴ്ച്ചകളാല്‍ സമൃദ്ധമാണ്.

വര്‍ഷത്തില്‍ വളരെക്കുറച്ചു മാത്രം പൊതുപരിപാടികള്‍ നടക്കുന്ന ഒരു സ്ഥലമാണ്‌ തുലമീന്‍. ആഗസ്റ്റ് മാസത്തില്‍ നടക്കുന്ന തുലമീന്‍ ഫാമിലി ഡേ ആണ് ഇവിടത്തെ ഒരു പ്രധാന ആഘോഷം. ബിയര്‍ ഗാര്‍ഡനും കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വിവിധ ആക്റ്റിവിറ്റികളുമെല്ലാമായി തുലമീന്‍ ഈ സമയത്ത് കൂടുതല്‍ സജീവമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com