ADVERTISEMENT

'അഡാര്‍ ലവ്' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നൂറിന്‍ ഷെരീഫ്. ഒട്ടനവധി പരസ്യചിത്രങ്ങളുടെ മോഡല്‍ ആയും നായികയും സജീവമാണ് നൂറിന്‍ എപ്പോഴും.

ഈയിടെ നടത്തിയ ജപ്പാന്‍ യാത്രയുടെ നിരവധി ചിത്രങ്ങൾ നൂറിന്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു. ജപ്പാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ചെയ്ത ഒരു പ്രൊജക്ടിന്‍റെ ഭാഗമായാണ് നൂറിന്‍ ജപ്പാനില്‍ എത്തിയത്. ഒക്കിനാവ ദ്വീപില്‍ വച്ച് പ്ലാന്‍ ചെയ്ത വെഡ്ഡിംഗ് ഷൂട്ടിനായി സുഹൃത്ത് സാദിഖ് അബൂബക്കറിനൊപ്പമായിരുന്നു നൂറിന്‍റെ യാത്ര.

ഷൂട്ടിംഗിന്‍റെ മനോഹര ദൃശ്യങ്ങളും ഒപ്പം ഒക്കിനാവയിലെ വിവിധ സ്ഥലങ്ങളുമെല്ലാം നൂറിന്‍ സ്വന്തം ചാനലിലെ ട്രാവല്‍ വ്ലോഗില്‍ പങ്കു വച്ചിട്ടുണ്ട്.

അവതാരകനായ അനൂപ്‌ പന്തളത്തിന്‍റെ ഗുലുമാല്‍ ഓണ്‍ലൈന്‍ എന്ന യുട്യൂബ് പ്രാങ്ക് ഷോയിലൂടെ പണി കിട്ടിയ നൂറിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ചിരി പടര്‍ത്തുന്നത്. ജപ്പാനില്‍ പുതിയ തരത്തിലുള്ള ഒരു വൈറസിനെ കണ്ടെത്തിയെന്നും നൂറിന്‍ ഈ വര്‍ഷം ആദ്യം നടത്തിയ ജപ്പാനിലെ ഒക്കിനാവ ദ്വീപിലേക്കുള്ള യാത്രയ്ക്കിടെ ആ വൈറസ് ബാധിച്ചിട്ടുണ്ടാവുമെന്നും പറഞ്ഞു കൊണ്ട് അനൂപ്‌ ഫോണ്‍ വിളിക്കുന്നതാണ് വിഡിയോ.

ഡബ്ല്യുഎച്ച്ടുഒ എന്ന സംഘടനയിൽ നിന്ന് വിളിക്കുന്നുവെന്നും ഷംജിത്ത് ഭട്ടാചാര്യ എന്നാണു പേരെന്നും അനൂപ്‌ പറയുന്നത് കാണാം. ആദ്യം നൂറിന്‍റെ മദര്‍ ആണെന്ന് പറഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങിയ നൂറിന്‍ പിന്നീട് കാര്യം സീരിയസ് ആയി എടുത്ത് ആകെ അസ്വസ്ഥയാകുന്നതും വിഡിയോയില്‍ കാണാം. അസുഖത്തെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും ഉള്ള ചോദ്യങ്ങള്‍ക്ക് താരത്തിന്‍റെ നിഷ്കളങ്കത നിറഞ്ഞ മറുപടി കണ്ടാല്‍ ആരും ചിരിച്ചു പോകും! സുഹൃത്തുക്കളും സഹോദരിയുമായിരുന്നു ഈ പ്രാങ്ക് നല്‍കാന്‍ അനൂപിന്‍റെ സഹായികള്‍!

ഒക്കിനാവയിലെ കരിയുഷി ഹോട്ടലില്‍ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു നൂറിന്‍. ജപ്പാനിലെ അഞ്ച് പ്രധാന ദ്വീപുകളിൽ ഏറ്റവും ചെറുതും കുറഞ്ഞ ജനസംഖ്യയുള്ളതുമായ ദ്വീപാണിത്. മനോഹരമായ നീലക്കടലും ബീച്ചുമാണ് ഒക്കിനാവയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മലിനീകരണം കുറവും ആരോഗ്യപരമായ ജീവിത രീതി പിന്തുടരുന്നവരുമായതിനാല്‍ ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള ജനങ്ങള്‍ വസിക്കുന്ന ഇടങ്ങളില്‍ ഒന്ന് കൂടിയാണ് ഈ ദ്വീപ്‌.

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമായിരുന്ന ഒക്കിനാവ ചുരാമി അക്വേറിയം, സെഞ്ച്വറി ബീച്ച്, പൈനാപ്പിൾ പാർക്ക്, ഓറിയോൺ ബിയർ ഫാക്ടറി, ഹിജി വെള്ളച്ചാട്ടം എന്നിവയാണ് ഇവിടത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. സമീപ വർഷങ്ങളിൽ, ചൈനയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായിu മാറിയിരിക്കുകയാണ് ഒക്കിനാവ. 2018 ല്‍ 98 ലക്ഷം സഞ്ചാരികള്‍ ആയിരുന്നു ഇവിടം സന്ദര്‍ശിക്കാന്‍ എത്തിയത്.

English Summary: Noorin Shereef Japan Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com