sections
MORE

'നടക്കുന്ന മീനി'നെ കാണണോ? മെക്സിക്കോയിലേക്ക് പറക്കാം!

little-axolotl-mexico
SHARE

രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന മത്സ്യത്തെ കണ്ടിട്ടുണ്ടോ? അതും ചിരിക്കുന്ന മുഖവുമായി നല്ല സുന്ദരന്‍ മീനിനെ? ഇല്ലെങ്കില്‍ നേരെ മെക്സിക്കോയിലേക്ക് പറക്കാം! അപൂര്‍വ ഇനത്തില്‍പ്പെട്ട 'ആക്സോലോട്ടലു'കള്‍ എന്ന ഈ ജീവികള്‍ ഇന്ന് മെക്സിക്കന്‍ ടൂറിസ്റ്റ് സംസ്കാരത്തിന്‍റെ മുഖമുദ്രയാണ്.

രൂപം മാറിയ ദൈവം

പതിമൂന്നാം നൂറ്റാണ്ടിൽ മെക്സിക്കോ താഴ്‌വരയിൽ സ്ഥിരതാമസമാക്കിയ ആസ്ടെക്കുകൾ ദ്വീപിനു ചുറ്റുമുള്ള തടാകത്തിൽ ഒരു വലിയ അരണയെ കണ്ടു. അവരുടെ തലസ്ഥാനമായ 'ടെനോചിറ്റ്ലിനി'ലായിരുന്നു അത്. തീയുടെയും മിന്നലിന്‍റെയും ദേവനായ സോളോട്ടലിന്‍റെ അവതാരമായാണ് അവര്‍ ആ അരണയെ കണ്ടത്. അതിനാല്‍ അവര്‍ ആ അരണയെ "ആക്‌സലോട്ട്" എന്ന് പേരിട്ടു വിളിച്ചു. ബലിയർപ്പിക്കപ്പെടാതിരിക്കാനായി അരണയായി രൂപം മാറി തടാകത്തില്‍ താമസിക്കുകയാണ് സോളോട്ടല്‍ എന്നായിരുന്നു ആസ്ടെക്കുകളുടെ വിശ്വാസം. എന്നാല്‍ ഇന്നാവട്ടെ, മെക്സിക്കോയിലെ ജനങ്ങള്‍ ഇവയെ കൊന്നു തിന്നുന്നു. 'വളര്‍ത്തുമൃഗ'മാക്കി ഓമനിക്കുന്നു.

little-axolotl

രണ്ടു കാലില്‍ നടക്കുന്ന 'മീന്‍'

മീനുകള്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇവ ശരിക്കും മീന്‍ അല്ല! ആംബിസ്റ്റോമ മെക്സിക്കാനം എന്ന് ശാസ്ത്രീയ നാമമുള്ള ആക്സോലോട്ടലുകള്‍ യഥാര്‍ത്ഥത്തില്‍ തവളയെപ്പോലെ ഒരു ഉഭയ ജീവിയാണ്. രണ്ടു കാലില്‍ നിവര്‍ന്നു നടക്കുന്ന ജീവിയായതിനാലാണ് 'മെക്സിക്കന്‍ വാക്കിംഗ് ഫിഷ്‌' എന്ന് ഇതിനെ വിളിക്കുന്നത്. മെക്സിക്കോ നഗരത്തിലെ സോചിമിൽകോ തടാകം പോലുള്ള ജലാശയങ്ങളിലാണ് ഇവയെ ആദ്യം കണ്ടെത്തിയത്. 

മെക്സിക്കോ നഗരത്തിലെ നഗരവൽക്കരണവും അതിന്‍റെ  ഫലമായുണ്ടായ ജല മലിനീകരണവും, അതുപോലെ തന്നെ തിലാപ്പിയ, പെർച് തുടങ്ങിയ ആക്രമണകാരികളായ ജീവികളും കാരണം ആക്സോലോട്ടലുകള്‍ക്ക് നാശം സംഭവിച്ചു എന്ന് 2010 ലെ കണക്കുകള്‍ പറയുന്നു. നിലവിൽ വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായി CITES ഉം ഐ‌യു‌സി‌എന്നും ഇവയെ പട്ടികപ്പെടുത്തിയിരിക്കുന്നു. വാല്‍ മുറിഞ്ഞ പല്ലി അത് വീണ്ടും മുളപ്പിച്ചെടുക്കുന്നതുപോലെ ശരീരാവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് കാരണം ഇവയെ ശാസ്ത്ര ഗവേഷണങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. മെക്സിക്കൻ വിപണികളിൽ പ്രധാന ഭക്ഷണ വിഭവമായി ഇവയെ വില്‍ക്കുന്നതും ഇവയുടെ എണ്ണം കുറയാന്‍ കാരണമായി.

1998, 2003, 2008 വർഷങ്ങളിൽ നടത്തിയ സർവേകളിൽ സോചിമിൽകോ തടാകത്തിൽ യഥാക്രമം ഒരു ചതുരശ്ര കിലോമീറ്ററിന് 6,000, 1,000, 100 എന്നിങ്ങനെ ആക്‌സോളോട്ടലുകളെ കണ്ടെത്തിയിരുന്നു. 2013-ൽ നാലുമാസം നീണ്ടുനിന്ന തിരയലിൽ ഒരൊറ്റ ആക്സോലോട്ടലിനെപ്പോലും കാണാനായില്ല. ഒരു മാസത്തിനുശേഷം, സോചിമിൽ‌കോയിൽ നിന്നുള്ള കനാലുകളുടെ ശൃംഖലയിൽ രണ്ടെണ്ണത്തെ കണ്ടു. ഇന്ന് ഇവയ്ക്കായി മെക്സിക്കോ നഗരത്തില്‍ പ്രത്യേകം സംരക്ഷണകേന്ദ്രങ്ങളുണ്ട്‌.

മെക്സിക്കോയിലെ ടൂറിസ്റ്റ് ആകര്‍ഷണം 

ചിരിക്കുന്ന മുഖമുള്ള ഈ നടക്കും മത്സ്യം മെക്സിക്കോയിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകര്‍ഷണമാണ്. മെക്സിക്കോ സിറ്റിയിലുടനീളം ഇവയുടെ ചിത്രങ്ങള്‍ കാണാം. ചുവരുകളില്‍ മാത്രമല്ല, ഗിഫ്റ്റ് ഷോപ്പുകളിൽ കളിപ്പാട്ടങ്ങളായി ഇവയുടെ ബൊമ്മകള്‍ വിൽക്കുന്നു. മെക്സിക്കോ സിറ്റിയുടെ അപ്‌ഡേറ്റ് ചെയ്ത ഡബിള്‍ ഡെക്കര്‍ ടൂർ ബസുകളുടെ വശങ്ങളിലും ഇവയുടെ ചിത്രങ്ങള്‍ കാണാം. 

ആക്‌സോളോട്ടലുകളെ കാണാന്‍

ഇന്ന്, മിക്ക ആക്‌സോളോട്ടലുകളും സംരക്ഷണ കേന്ദ്രങ്ങളിലാണ് കഴിയുന്നത്. പ്യൂബ്ലയിലെ ചിഗ്നഹുവാപൻ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ആക്‌സോളോട്ടലുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിര്‍മ്മിച്ച മ്യൂസിയമായ കാസ ഡെൽ ആക്‌സലോട്ട് അടക്കം നിരവധി സംരക്ഷണ കേന്ദ്രങ്ങള്‍ മെക്സിക്കോ നഗരത്തിലുണ്ട്. നഗരത്തിൽ സ്ഥിതിചെയ്യുന്ന ഈ മ്യൂസിയത്തില്‍ നാല് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 15 മുതൽ 20 വരെ ആക്സോലോട്ടലുകളെ കാണാം.

ചാപ്ൽ‌ടെപെക് മൃഗശാല, സൂലാജിക്കോ ലോസ് കൊയോട്ടസ്, ടൂർ ഓപ്പറേറ്റർമാരായ ആക്സോലോട്ടിറ്റ്ലാൻ, അംബ്രൽ അക്സോചിയാറ്റ് എന്നിവരുടെ ആസ്ഥാനങ്ങൾ ഉൾപ്പെടെ ആക്‌സോളോട്ടുകളെ നേരിട്ട് കാണാൻ കഴിയുന്ന നിരവധി സ്ഥലങ്ങൾ മെക്സിക്കോ സിറ്റിയിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA