sections
MORE

മഞ്ഞുകൊണ്ട് ഒരു അണക്കെട്ട്; സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകർഷിച്ച് പെരിറ്റോ മൊറേനോ ഗ്ലേഷിയർ!

perito-moreno-glacier-argentina
SHARE

അർജന്റീനയിലെ പടാഗോണിയൻ പ്രദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമാണ് പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഭൂമിയിലെ ഗ്ലേഷിയറുകൾ അഥവാ ഹിമാനികളെല്ലാം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇന്നും വളരുന്ന ഒരു ഹിമാനിയാണ് പെരിറ്റോ മൊറേനോ. അന്റാർടിക്കിലെയും ഗ്രീൻലൻഡിലെയും മഞ്ഞുപാളികൾ മാറ്റിവച്ചാൽ ലോകത്തെ മൂന്നാമത്തെ വലിയ ശുദ്ധജലശേഖരംകൂടിയാണ് ഈ ഹിമാനി. എത്തിച്ചേരാനുള്ള സൗകര്യം, പ്രകൃതി വിസ്മയങ്ങൾ ആസ്വദിക്കാനുള്ള അവസരം, താൽപര്യമുള്ളവർക്കു സാഹസികമായ ട്രെക്കിങ് സാധ്യത എന്നിവയാണ് ഇവിടേക്കു സഞ്ചാരികളെ ആകർഷിക്കുന്നത്.

ഐസു കൊണ്ടൊരു തടയണ

സമുദ്രനിരപ്പിൽനിന്നു 2100 മീ ഉയരത്തിൽ ആൻഡിസ് പർവതനിരയിലെ സതേൺ പടാഗോണിയൻ മഞ്ഞുപാടത്തു തുടങ്ങി സമുദ്രനിരപ്പിൽനിന്ന് വെറും 180മീ ഉയരത്തിലുള്ള അർജന്റിനോ തടാകം വരെ നീണ്ടു കിടക്കുന്നു പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഉദ്ദേശം 30 കിലോ മീറ്റർ നീളമുണ്ട് ഹിമാനിക്ക്.

perito-moreno-glacier-argentina2

പലപ്പോഴും അർജന്റിനോ തടാകത്തിനുള്ളിൽ ഒരു അണക്കെട്ടു തീർക്കാറുണ്ട് ഈ ഹിമാനി. തടാകത്തിന്റെ തെക്കു ഭാഗത്തേക്കു നീളുന്ന ഒരു കൈവഴിക്കു കുറുകെ ഹിമാനി വളരുകയും തടാകത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത്. മതിലുപോലെ വളരുന്ന ഭാഗത്തെ ഹിമാനിയുടെ അടിത്തറ നന്നായി ഉറച്ചതായതിനാൽ ഇതൊരു സ്വാഭാവിക തടയണയായി മാറുകയാണ് പതിവ്. എന്നാൽ രണ്ടു വശത്തെയും ജലനിരപ്പുകളിൽ വലിയ വ്യത്യാസം ഉണ്ടാവുകയും ചെയ്യും. ബ്രസോ റിക്കോ എന്നു വിളിക്കുന്ന തെക്കന്‍ കൈവഴിയിൽ അർജന്റിനോ തടാകത്തെ അപേക്ഷിച്ച് 30 അടി മുകളിലേക്കു വരെ ജലം ഉയരാറുണ്ട്.

perito-moreno-glacier-argentina1

ഹിമാനി ഉരുകി എത്തുന്ന ഹിമജലമാണ് ഈ വ്യത്യാസം സൃഷ്ടിക്കുന്നത്. ഒരു പരിധി കഴിഞ്ഞാൽ ബ്രസോ റിക്കോയിലെ ജലത്തിന്റെ സമ്മർദം താങ്ങാനാകാതെ തടയണ പൊട്ടി തകർന്ന് അർജന്റിനോ തടാകത്തിലേക്കു വീഴും. വീണ്ടും ഹിമാനി വളർന്ന് മതിലു രൂപപ്പെടുന്ന ഭാഗത്തോളം എത്താന്‍ കുറഞ്ഞത് അഞ്ചു വർഷം എടുക്കും. 2013ലാണ് അവസാനം വലിയൊരു തകർച്ച സംഭവിച്ചത്. 2016, 2018, 2019 വർഷങ്ങളിൽ തടയണ ചെറിയ തോതിൽ തകർന്നിരുന്നു. മഞ്ഞുമല ചെറിയ ഭാഗങ്ങളായി ഇടിഞ്ഞു വീഴുന്നത് പ്രകൃതിയിലെ ഒരു വിസ്മയകാഴ്ചയായി കണക്കാക്കുകയും ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നുണ്ട്.

പ്രായം 18000 വർഷം

പെരിറ്റോ മൊറേനോ ഹിമാനി ഭൂമിയിലെ അവസാനത്തെ ഹിമയുഗകാലത്ത് രൂപപ്പെടാൻ തുടങ്ങിയതാണ് എന്നു കണക്കാക്കുന്നു. 2.6 മില്യൻ വർഷങ്ങൾക്കു മുൻപു തുടങ്ങി 11700 വർഷം മുൻപ് അവസാനിച്ചതാണ് ലാസ്റ്റ് ഐസ് ഏജ്. ഭൂമിയുടെ ഇന്നത്തെ പല വിശേഷതകൾക്കും കാരണം ഈ ഹിമയുഗമാണ്. ശാസ്ത്രജ്ഞരുടെ ഗവേഷണത്തിൽ ഉദ്ദേശം 18000 വർഷമാണ് മൊറേറ്റോ ഹിമാനിയുടെ പ്രായം.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA