ADVERTISEMENT

ലോക്ഡൗൺ നിയന്ത്രണങ്ങള്‍ ഓരോന്നായി പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായുള്ള പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍. പലരും ഇളവുകളും സൗജന്യ സേവനങ്ങളും നല്‍കിക്കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ശ്രമത്തിലാണ്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും പുതുതായി കടന്നു വന്നിരിക്കുന്ന രാജ്യമാണ് ബെല്‍ജിയം.

മൂന്നു മാസത്തെ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം ആഭ്യന്തര ടൂറിസം മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ ആശയം പരീക്ഷിക്കുകയാണ് ഇവിടെ. ഇതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും പത്തു യാത്രകള്‍ വീതം സൗജന്യമായി നടത്താനുള്ള പാസുകളാണ് നല്‍കുന്നത്.

കഴിഞ്ഞ ജൂണ്‍ എട്ടിന് ലോക്ഡൗൺ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന ബെല്‍ജിയത്തില്‍ കഫേകളും റസ്‌റ്റോറന്റുകളും ഹോട്ടലുകളും പോലെയുള്ള വ്യവസായങ്ങള്‍ പുനരാരംഭിച്ചു കഴിഞ്ഞു. എല്ലായിടത്തും വൈറസിനെതിരെ കര്‍ശനമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ സൗജന്യ റെയില്‍ പാസുകള്‍ നല്‍കുന്നത് സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. വസന്തകാലം മുഴുവന്‍ നാലു ചുവരുകള്‍ക്കുള്ളില്‍ കഴിച്ചു കൂട്ടിയ ശേഷം സുരക്ഷിതമായി പുറത്തിറങ്ങി നടക്കാനുള്ള വഴികള്‍ തേടുകയാണ് ജനങ്ങള്‍.

ഈ വര്‍ഷം ജൂലൈ 1 മുതല്‍ ഡിസംബര്‍ 1 വരെ വാലിഡിറ്റി ഉള്ള പാസുകള്‍ ആണ് നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  26 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് ആകെ 83യൂറോ അഥവാ 7,096 രൂപയോളം നിരക്കു മതിപ്പുള്ളതാണ് ഈ പാസ്. ഇതിന്‍റെ വിതരണം ഇപ്പോള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ബെൽജിയൻ തലസ്ഥാനമായ ബ്രസ്സൽസ്, പ്രധാന നഗരങ്ങളായ ഗെൻറ്, ബ്രൂഗെസ്, ആന്റ്‌വെർപ് എന്നിവയിലൂടെയും ആർഡെന്നസ് മേഖലയിലെ കുന്നുകള്‍ നിറഞ്ഞ വനപ്രദേശത്തു കൂടിയുമെല്ലാം ഇവിടെ ട്രെയിന്‍ സര്‍വീസ് ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com