ADVERTISEMENT

ഗ്രില്‍ ചെയ്തും റോസ്റ്റ് ചെയ്തും ബേക്ക് ചെയ്തും അങ്ങനെയങ്ങനെ നൂറുനൂറു വഴികളുണ്ട് ചിക്കന്‍ പാചകം ചെയ്യാന്‍. എന്നാല്‍ തായ്‌ലൻഡ് സഞ്ചാരികളെ കാത്ത് ഇതൊന്നുമല്ലാത്ത പുതിയ ഒരു തരം ചിക്കന്‍ കൂടിയുണ്ട്, ഇപ്പോള്‍; സോളാര്‍ ചിക്കന്‍! പൂര്‍ണ്ണമായും സൂര്യപ്രകാശം ഉപയോഗിച്ച് പാകം ചെയ്ത രസികന്‍ ഗ്രില്‍ഡ്‌ ചിക്കന്‍!

തായ്‌ലൻഡിലെ ഷെഫായ സില സുതരാത് ആണ് ഈ ആശയത്തിന് പിന്നില്‍. സാധാരണയായി പാകം ചെയ്യുന്ന ചിക്കന്‍ വിഭവങ്ങള്‍ ബോറടിച്ചപ്പോള്‍ പുതുതായി എന്തു ചെയ്യാന്‍ കഴിയുമെന്ന് സില തലപുകഞ്ഞാലോചിച്ചു. അങ്ങനെയാണ് 'സോളാര്‍ പവര്‍ ചിക്കന്‍' പിറവിയെടുക്കുന്നത്.സിലയുടെ ജന്മനാടായ ഫെത്ചാബുരിയില്‍ റോഡരികില്‍ ഫുഡ്സ്റ്റാള്‍ നടത്തുകയാണ് സില. തായ്‌ലൻഡിന്റെ പ്രാദേശിക രുചികള്‍ മനസ്സറിഞ്ഞു വിളമ്പുന്ന ഒരുപാട് പോപ്പുലര്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഫെത്ചാബുരി സഞ്ചാരികള്‍ക്കിടയില്‍ അത്ര പ്രസിദ്ധമായ ഒരു പേരായിരുന്നില്ല. എന്നാല്‍ സിലയുടെ പുതിയ വിഭവം പ്രശസ്തമായതോടെ ഇവിടേയ്ക്ക് കൂടി സഞ്ചാരികള്‍ എത്തിത്തുടങ്ങി. 

ചൂടും പുകയും കുറയ്ക്കാന്‍ പുതിയ ആശയം

അറുപതുകാരനായ സില പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് തന്നെയാണ് മുന്‍പേ പാചകം ചെയ്തിരുന്നത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്നേ വരെ മറ്റു കച്ചവടക്കാരെപ്പോലെ ഗ്രില്‍ ചെയ്തും സാധാരണ പാചകരീതികള്‍ ഉപയോഗിച്ചും തന്നെയായിരുന്നു സിലയും ചിക്കന്‍ വിഭവങ്ങള്‍ ഉണ്ടാക്കിയത്. ബാര്‍ബിക്യൂ ചിക്കനില്‍ സാധാരണ ഗ്രില്‍ ഉപയോഗിച്ച് ഉണ്ടാക്കുമ്പോള്‍ കാര്‍ബണ്‍ അംശം കൂടുതല്‍ ആയിരിക്കും. മാത്രമല്ല, ഇത്തരം അടുപ്പുകള്‍ക്ക് പുകയും കൂടുതല്‍ ആയിരിക്കും. റോഡരികില്‍ സ്റ്റാള്‍ നടത്തുമ്പോള്‍ വാഹനങ്ങളില്‍ നിന്നുള്ള പുകയും പാചകം ചെയ്യുന്നതിന്‍റെ ചൂടും എല്ലാം കൂടിയാകുമ്പോള്‍ ആകെ അവശനാകുമായിരുന്നു. ഈ അവസ്ഥ മാറ്റാനായി പുതുതായി എന്തു പരീക്ഷിക്കാമെന്ന് സില തല പുകഞ്ഞാലോചിച്ചു. വര്‍ഷം മുഴുവന്‍ സമൃദ്ധമായി കിട്ടുന്ന സൂര്യപ്രകാശം ഉപയോഗിച്ച് പാചകം ചെയ്താലോ എന്ന ചിന്ത അങ്ങനെയാണ് സിലയുടെ മനസ്സിലേക്ക് കടന്നു വരുന്നത്.

കണ്ണാടിമതിലും കറങ്ങുന്ന ഗ്രില്ലും

മാംസം വയ്ക്കാന്‍ ഗ്രിൽ പോലുള്ള ഒരു ഉപരിതലം .സിലയുടെ ഗ്രില്ലില്‍ കാണാം. ഇത് വേഗത്തില്‍ കറങ്ങുന്നു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നതും ആയിരക്കണക്കിനു കണ്ണാടികള്‍ പിടിപ്പിച്ചതുമായ ഒരു മതിലിനു മുന്നിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. സൂര്യന്‍റെ ശക്തിയേറിയ കിരണങ്ങൾ ഈ കറങ്ങുന്ന മാംസത്തിലേക്ക് നേരിട്ട് പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഈ കണ്ണാടികളുടെ കോണ്‍ ക്രമീകരിക്കുന്നത്. അങ്ങനെ ഗ്രില്ലില്‍ വച്ച ചിക്കന്‍ പൂര്‍ണ്ണമായും സൂര്യപ്രകാശത്തില്‍ വെന്തു കിട്ടുന്നു!

ആരോഗ്യത്തിനും പ്രകൃതിക്കും നല്ലത്

ഇങ്ങനെ ഉണ്ടാക്കുന്ന ചിക്കന്‍ പ്രകൃതിക്കും കഴിക്കുന്ന ആളുകള്‍ക്കും ഒരേപോലെ ഗുണകരമാണ്. ഇങ്ങനെ പാചകം ചെയ്യുമ്പോള്‍ ഹരിതഗൃഹ വാതകങ്ങള്‍ ഉണ്ടാക്കപ്പെടുന്നില്ല. ഫോസില്‍ ഇന്ധനങ്ങളിലുള്ള ആശ്രയത്വം കുറയുന്നു. ഇഷ്ടം പോലെ സൂര്യപ്രകാശം കിട്ടുമ്പോള്‍ എന്തിന് എടുക്കുന്തോറും തീര്‍ന്നു പോകുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കണം! മാത്രമല്ല, മറ്റുള്ളവയെ അപേക്ഷിച്ച് ചെലവും കുറവാണ്. നിരവധി ഗുണങ്ങളുള്ള പുതിയ കണ്ടുപിടിത്തത്തിന് ഫെത്ചാബുരി രാജഭട്ട് യൂണിവേഴ്സിറ്റി സിലയ്ക്ക് ശാസ്ത്രത്തിൽ ഓണററി ബിരുദം നല്‍കി ആദരിച്ചു. 

വെയിലുള്ളപ്പോള്‍ പാചകം തകൃതി

സൂര്യപ്രകാശം ഉപയോഗിക്കുന്നതിനാല്‍ നല്ല വെയില്‍ ഉള്ള സമയത്ത് മാത്രമേ പാചകം നടക്കൂ എന്നുള്ളതാണ് ഇതിന്‍റെ ഏക പോരായ്മ. രാവിലെ  7-10 മുതല്‍ അഞ്ചു മണി വരെയാണ് സിലയുടെ സോളാര്‍ ഗ്രില്‍ഡ്‌ ചിക്കന്‍ ലഭിക്കുക. വെറും 12 മിനിറ്റ് സമയം മാത്രമേ പാചകം ചെയ്യാന്‍ എടുക്കൂ എന്നതിനാല്‍ എത്ര തിരക്കേറിയ സമയമാണെങ്കിലും അധികനേരം കാത്തിരിക്കേണ്ട ആവശ്യം വരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com