sections
MORE

കോവിഡിനിടയില്‍ തകൃതിയായി 'നായയിറച്ചി ഉത്സവം' നടത്തി ചൈന!

dog-meat-festival-china
SHARE

ചൈനയില്‍ കൊറോണ വൈറസിന്‍റെ രണ്ടാം വരവ് ആദ്യത്തേതിന്‍റെയത്ര ഗൗരവമായി എടുത്ത മട്ടില്ല. നിയന്ത്രണങ്ങളും നിയമങ്ങളും പഴയതുപോലെ കര്‍ശനമല്ല എന്നു മാത്രമല്ല, വൈറസിനെ വക വയ്ക്കാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് എല്ലാവരും. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ചൈനയില്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഡോഗ് മീറ്റ്‌ ഫെസ്റ്റിവല്‍. ചൈനയിലെ സ്വയംഭരണ പ്രദേശമായ യുലിന്‍ സിറ്റിയില്‍ അരങ്ങേറുന്ന ഈ 'ഉത്സവം' വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോള്‍.

നായകളുടെ മാംസം വില്‍ക്കുന്ന ഈ വിപണി ഉത്സവത്തിനെതിരെ എല്ലാ വര്‍ഷവും മൃഗസ്നേഹികള്‍ രംഗത്തു വരാറുണ്ട്. ഇത്തവണ കൊറോണ മൂലം ‍ഡോഗ് മീറ്റ്‌ ഫെസ്റ്റിവല്‍ നടക്കില്ല എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ മൃഗക്ഷേമം ഉറപ്പു വരുത്തുന്നതിനായുള്ള സര്‍ക്കാരിന്‍റെ ആഹ്വാനങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഇക്കുറി ഇത് അരങ്ങേറുന്നത്.

ചൈനീസ് നിയമമനുസരിച്ച് നായ്ക്കളെ മാംസത്തിനായല്ല, കൂട്ടായാണ് കരുതേണ്ടത് എന്ന് പറയുന്നു. വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനും വന്യജീവി വ്യാപാരം നിരോധിക്കുന്നതിനും പുതിയ നിയമങ്ങൾ ആവിഷ്കരിക്കുന്ന തിരക്കിലാണ് ചൈന. ഇത്തരത്തിലുള്ള നിയമങ്ങള്‍ നിലവിലുണ്ടായിരുന്നിട്ടു പോലും ചൈനയ്ക്ക് യൂലിൻ ഡോഗ് ഫെസ്റ്റിവൽ തടയാന്‍ സാധിച്ചില്ല. ഫെസ്റ്റിവല്‍ സമയത്ത് ഈ വർഷം പതിനായിരത്തിലധികം നായ്ക്കളെ അറുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂൺ 21 ന് ആരംഭിച്ച ഈ 10 ദിവസത്തെ ഉത്സവം ആയിരകണക്കിന് സന്ദർശകരെയാണ് ആകർഷിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും അറവുശാലകള്‍ക്കുള്ളിലെ കൂടുകളില്‍ ഭക്ഷണമില്ലാതെ ദിവസങ്ങളോളം കിടന്ന നായ്ക്കളുടെ ഇറച്ചി വാങ്ങുന്നു. ഇങ്ങനെ കുടുസ്സായ കൂടുകളില്‍ സൂക്ഷിച്ച നായ്ക്കളിൽ ഭൂരിഭാഗത്തിനും പലപ്പോഴും പരിക്കേൽക്കുകയോ രോഗികളാകുകയോ ചെയ്യുന്നു. അവയില്‍ പലതും ഞെട്ടൽ, നിർജ്ജലീകരണം, ചൂട്, ശ്വാസംമുട്ടൽ എന്നിവ മൂലം ട്രാൻസ്പോർട്ട് ട്രക്കുകളിൽ ചത്തു വീഴുന്നു. അതിജീവിക്കുന്ന നായ്ക്കള്‍ക്കാവട്ടെ, പ്രതിരോധശേഷി കുറവായിരിക്കും. അതിനാല്‍ പലവിധ ബാക്ടീരിയകളും വൈറസുകളും ഇവയെ ബാധിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നായ മാംസത്തിനായി ആളുകൾ ഒത്തുകൂടുന്നത് ഈ പ്രത്യേക സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കും. ചൈനയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറച്ചി വിപണികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്താനുള്ള നടപടിക്രമങ്ങളുടെ കാര്യത്തില്‍ ചൈന ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് യൂലിൻ ഉത്സവം തെളിയിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA