ADVERTISEMENT

ആഫ്രിക്കയിലെ സ്വിറ്റ്സർലൻഡ് എന്നു വിളിക്കപ്പെടുന്ന  മനോഹരമായ, മഞ്ഞുമൂടിയ പർവതനിരകളാൽ ചുറ്റപ്പെട്ട ഒരു പർവതരാജ്യമുണ്ട്. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഈ രാജ്യം അറിയപ്പെടുന്നത് കിംഗ്ഡം ഇൻ സ്കൈ എന്നാണ്. ആഫ്രിക്കയിൽ രാജവാഴ്ച അവശേഷിക്കുന്ന മൂന്ന് രാജ്യങ്ങളിലൊന്നാണ് ലെസോത്തോ. പർവതങ്ങളുടെ നാടായ ലെസോത്തോ ലോകത്തിലെ ഏക പർവതരാജ്യമായും അറിയപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് 1500 മീറ്ററിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണിത്. ഉയരങ്ങളുടെയും അതിരുകളുടെയും നാടായതിനാലാകാം ആകാശ രാജ്യമെന്ന പേര് ലെസോത്തോയ്ക്ക് ലഭിച്ചത്.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടം, ലോകത്തെ ഏറ്റവും ഉയർന്ന മലഞ്ചെരിവുള്ള മലനിരകൾ അങ്ങനെ അവർണ്ണനീയമായ നിരവധി സവിശേഷതകൾ നിറഞ്ഞതാണ് ഈ കൊച്ചു സുന്ദര രാജ്യം. ജോഹാനസ്ബർഗിൽനിന്ന് മണിക്കൂറുകൾ കൊണ്ട് ലെസേത്തോയിൽ എത്താം. ആഫ്രിക്കയിലെ ഏറ്റവും വലുതും പ്രശസ്തവുമായ സിവിൽ എൻജിനീയറിങ് പദ്ധതിയുടെ ആസ്ഥാനമാണ് ഇവിടം. ലെസോതോ ഹൈലാൻഡ്സ് വാട്ടർ പ്രോജക്ട് (എൽഎച്ച്ഡബ്ല്യുപി) പ്രസിദ്ധമാണ്. രാജ്യത്തെ ഗണ്യമായ ജലസ്രോതസ് വെളുത്ത സ്വർണ്ണമെന്നാണ് അറിയപ്പെടുന്നത്. കണ്ണീർപോലെ തെളിഞ്ഞ തടാകങ്ങൾ നിറഞ്ഞ ലെസോത്തോയുടെ പ്രധാന വരുമാന മാർഗ്ഗം ശുദ്ധജലവിതരണം തന്നെയാണ്.

ട്രെക്കിങ് ആണ് പ്രധാനമായും ഈ നാടിന്റെ സൗന്ദര്യം  ആസ്വദിക്കാൻ പറ്റുന്ന മികച്ച മാർഗ്ഗം. മറ്റൊന്ന് പോണി റൈഡാണ്. കുതിരപ്പുറത്തിരുന്ന് പർ‌വതങ്ങളുടെ ഗാംഭീര്യം അനുഭവിക്കുന്നത് ഒരു കാർ‌ വിൻ‌ഡോയിലൂടെ കാണുന്നതിനേക്കാൾ വളരെ വ്യത്യസ്തമാണ്. പോണിറൈഡ് ലെസോത്തോയുടെ വിപുലവും ഹൃദ്യവുമായ ചെറു പാതകളുടെ ശൃംഖല പര്യവേക്ഷണം ചെയ്യാനുള്ള അവസരം ലഭിക്കുന്നു. അത് വാഹനങ്ങൾ‌ക്ക് പ്രവേശിക്കാൻ‌ കഴിയാത്ത പ്രദേശങ്ങളിലൂടെപ്പോലും നിങ്ങളെ കൊണ്ടു പോകും.

lesotho-dam

ലെസോത്തോയുടെ ഹൃദയഭാഗത്തുള്ള മാലിബമാറ്റ്സോ നദിയിൽ സ്ഥിതി ചെയ്യുന്ന കാറ്റ്സെ ഡാം ലോക പ്രസിദ്ധമാണ്. മിക്ക ഹോളിവുഡ് സിനിമകളിലും ഈ ഡാം പശ്ചാത്തലമായി വന്നിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും കാര്യക്ഷമവുമായ സംഭരണ ഡാമാണിത്. മാലൂട്ടി പർവതനിരകളുടെ ഉയരത്തിലാണ് പ്രധാന പട്ടണങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. എന്നാൽ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും താമസിക്കുന്നത് പടിഞ്ഞാറുള്ള താഴ്ന്ന പ്രദേശങ്ങളിലാണ്. ആധുനികവും പരമ്പരാഗതവുമായ ജീവിതശൈലിയിൽ നിന്ന് വ്യത്യസ്തമായ ഒരു നഗരമാണ് തലസ്ഥാനമായ മസെരു. ലെസോത്തോയിലെ ഒരു അപൂർവ കാഴ്ചയാണ് ട്രാഫിക് ജാമുകൾ മറികടന്ന് വലിയ കുതിരകളിൽ കുതിച്ചുപായുന്ന കമ്പിളിപ്പുതപ്പ് ധരിച്ച  കുതിരപ്പടയാളികൾ. പഴയകാല ഹോളിവുഡ് സിനിമയുടെ ഓർമകൾ പുതുക്കുന്നതായിരിക്കും ആ കാഴ്ച. പുതിയ കാലത്തിന്റെ ജോലിത്തിരക്കുകളുമായി വലിയ ഗ്ലാസ് ഓഫിസ് കെട്ടിടങ്ങൾ ഉയർന്നു നിൽക്കുമ്പോഴും പുറത്തുള്ള തിരക്കേറിയ നടപ്പാതകളിൽ സ്വയം നെയ്ത കരകൗശല വസ്തുക്കളുമായി പ്രദേശവാസികൾ നിരന്നിരിക്കുന്നതും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com