ADVERTISEMENT

ചരിത്രപരമായ കൊളോണിയൽ നഗരങ്ങൾ, വർണ്ണാഭമായ തുണി വിപണികൾ, ആമസോൺ കാടുകൾ, തദ്ദേശീയ ഗോത്രങ്ങൾ, മനോഹരമായ ഉഷ്ണമേഖലാ ബീച്ചുകൾ എന്നിവ തെക്കേ അമേരിക്കയുടെ പതിവു കാഴ്ചകളാണ്. 

എന്നാൽ പാറ്റഗോണിയ തികച്ചും വ്യത്യസ്തമായ ഒരു തെക്കേ അമേരിക്കൻ അനുഭവമാണ് സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഹിമാനികളിൽ കൊത്തിയെടുത്ത വന്യമായ ഭൂമി, വിശാലമായ തുറസ്സുകൾ, അനന്തമായ വന്യമൃഗ സമ്പത്ത്, അതുല്യവും മനോഹരവുമായ ബാക്ക് ഡ്രോപ്പുകൾ തുടങ്ങി എണ്ണമറ്റ സവിശേഷതകളാൽ സമ്പന്നമാണ് പാറ്റഗോണിയ.പാറ്റഗോണിയ എന്ന പ്രദേശം അർജന്റീന, ചിലെ എന്നീ രാജ്യങ്ങൾ പങ്കിടുന്നു. അതിൽ ഭൂരിഭാഗവും പ്രദേശം അർജന്റീനയിലാണ്. മാപ്പ് എടുത്തു നോക്കിയാൽ അറിയാം പാറ്റഗോണിയ എത്ര വലുതാണെന്ന്.

അർജന്റീനിയൻ ഭാഗത്തുള്ള പാറ്റഗോണിയയിൽ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലമാണ് ലോസ് ഗ്ലേസിയേഴ്സ് നാഷനൽ പാർക്ക്. പേരു സൂചിപ്പിക്കുന്നത് പോലെ, മനോഹരമായ ഹിമാനികൾക്ക് പേരുകേട്ടതാണ് ഈ പാർക്ക്. വലിയ മഞ്ഞുകട്ടകളിൽ കൊത്തിയെടുത്ത  അതിസുന്ദരമായൊരു സ്ഥലമെന്നേ ഇതിനെ വിശേഷിപ്പിക്കാൻ പറ്റൂ. ആരെയും ആകർഷിക്കുന്ന മനോഹരമായ തടാകങ്ങളും പർവതങ്ങളും വനങ്ങളും ഇവിടെയുണ്ട്. എന്നാൽ, ഹിമാനികൾ തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. അന്റാർട്ടിക്കയ്ക്കുശേഷം ഏറ്റവും വലിയ ഭൂഖണ്ഡാന്തര ഐസ് വിപുലീകരണമാണ് ഇവിടുത്തേത്.

ടോറസ് ഡെൽ പെയ്ൻ നാഷനൽ പാർക്ക്

പാറ്റഗോണിയയുടെ ചിലെയൻ ഭാഗത്തുള്ള യുനെസ്കോ വേൾഡ് ബയോസ്ഫിയർ റിസർവ് ആണിത്. പേരുകേട്ട പർ‌വതങ്ങൾ‌, അതിശയകരമായ തടാകങ്ങൾ‌, ഭംഗിയുള്ള പൂക്കളാൽ നിറഞ്ഞ മലഞ്ചെരിവുകൾ, മൊണ്ടേൻ‌ വനങ്ങൾ‌ എന്നിവയാൽ ഇവിടം സമ്പന്നമാണ്. ഈ നാഷനൽ പാർക്കിൽ നടത്തുന്ന ഡബ്ല്യു ട്രെക്ക് ലോകത്തിലെ ഏറ്റവും വലിയ ട്രെക്കിങ്ങായി കണക്കാക്കപ്പെടുന്നു. മനോഹരമായ റോഡ് യാത്രകൾ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, ചിലെയുടെ കാരെറ്റെറ ഓസ്ട്ര ഹൈവേ അല്ലെങ്കിൽ റൂട്ട് 7 മികച്ച തിരഞ്ഞെടുപ്പായിരിക്കും. വടക്കുനിന്ന് തെക്കു വരെ 770 മൈൽ ദൂരം നീണ്ടു കിടക്കുന്ന ഈ ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെ കൂറ്റൻ അഗ്നിപർവതങ്ങൾ, തിളക്കമുള്ള നീല ഗ്ലേഷ്യൽ തടാകങ്ങൾ, കന്യാവനങ്ങൾ എന്നിവയെല്ലാം നിങ്ങളെ കടന്നുപോകും. ഏതെങ്കിലും ഹോളിവുഡ് മൂവിയിലെ റോഡ് ട്രിപ്പ് ഓർമ വരും ഈ വഴി സഞ്ചരിച്ചാൽ. 

പുമാലിൻ നാഷനൽ പാർക്ക്, പാർക്ക് ക്യൂലറ്റ്, എൻ‌ചാന്റഡ് ഫോറസ്റ്റ്, സെറോ കാസ്റ്റിലോ നാഷനൽ പാർക്ക്, പാറ്റഗോണിയ പാർക്ക് തുടങ്ങി എണ്ണമറ്റ വന്യജീവി സങ്കേതങ്ങളിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. പാറ്റഗോണിയയിൽ രാജ്യാന്തര വിമാനത്താവളമില്ല. ബ്യൂണനസ് ഐറിസ്, സാന്റിയാഗോ എന്നിവിടങ്ങളിൽനിന്ന്, പാറ്റഗോണിയയുടെ വിവിധ ഭാഗങ്ങളിലുള്ള ചെറിയ വിമാനത്താവളങ്ങളിൽ എത്താൻ  ആഭ്യന്തര വിമാനങ്ങൾ ലഭിക്കും. 

ഒരല്പം സാഹസികത ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കപ്പൽമാർഗ്ഗം ആയിരിക്കും ഉത്തമം. കടലിനെ ഇഷ്ടപ്പെടുന്നവർക്ക് അതൊരു ഒരു ബോണസ് അനുഭവമായിരിക്കും. ചിലെ കടൽത്തീരത്തുനിന്ന് പാറ്റഗോണിയയിലെ പ്യൂർട്ടോ ചകാബൂക്കോയിലേക്ക് എത്താം. ഏതാണ്ട് 32 മണിക്കൂർ എടുക്കും ഈ യാത്ര. 

തെക്കൻ അർധഗോളത്തിൽ ഋതുക്കൾ വിപരീതദിശയിലാണെന്ന കാര്യം ഓർക്കുക. പ്രവചനാതീതമായ കാലാവസ്ഥ പാറ്റഗോണിയയുടെ ഒരു പ്രത്യേകതയാണ് - പക്ഷേ നാല് സീസണുകളും ഉച്ചതിരിഞ്ഞ് നല്ല സമയമാണ്. അതിനാൽ നവംബർ അവസാനം മുതൽ മാർച്ച് വരെ തെക്കേ അമേരിക്കയിലെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ പാറ്റഗോണിയ സന്ദർശിക്കുന്നതാണ് നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com