sections
MORE

വര കൊണ്ട് വേർതിരിച്ച രാജ്യാതിർത്തി; പാസ്പോർട്ട് ഇല്ലാതെ രണ്ടു രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാം

Belgium-and-Netherlands1
SHARE

നിങ്ങൾ ഒരു കഫേയിൽ ആണെന്ന് സങ്കൽപ്പിക്കുക, അവിടെ നിങ്ങൾ ഒരു രാജ്യത്ത് കോഫിക്ക് പണം നൽകുകയും അയൽരാജ്യത്തെ ഒരു മേശയിൽ ഇരുന്ന് ആ കോഫി കുടിക്കുന്നതായും ഒന്ന് ആലോചിച്ചു നോക്കൂ. കേട്ടിട്ട് വിചിത്രമെന്ന് തോന്നുന്നുണ്ടോ എങ്കിൽ അങ്ങനെ ഒരു സ്ഥലമുണ്ട്. 

കഫേയിലൂടെ കടന്നുപോകുന്ന രാജ്യാന്തര അതിർത്തിയാണ് അതിനെ രണ്ട് രാജ്യങ്ങളായി വിഭജിച്ചിരിക്കുന്നത്. തെക്കൻ നെതർലാന്‍ഡിൽ സ്ഥിതിചെയ്യുന്ന ബെൽജിയവുമായി അതിർത്തി പങ്കിടുന്ന ചെറിയ പട്ടണമായ ബാർലെയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇവിടെ കഫേയിലൂടെ മാത്രമല്ല ബാങ്കും റോഡും വീടും എല്ലാം കടന്നാണ് രണ്ട് രാജ്യങ്ങളുടെ അതിർത്തി കടന്നു പോകുന്നത്. 

Belgium-and-Netherlands

വഴികളിൽ അടയാളപ്പെടുത്തിയ വരകളിലൂടെ നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ കടന്നുപോകാം. ആരും നിങ്ങളുടെ പേപ്പറുകൾ ആവശ്യപ്പെടില്ല. പാസ്പോർട്ടോ അനുബന്ധരേഖകളോ കാണിക്കേണ്ടതില്ല. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് കൂളായി നടന്നു പോകാം. അതിർത്തികളുടെ പേരിൽ ലോക രാജ്യങ്ങൾ തമ്മിൽ പരസ്പരം യുദ്ധം നടക്കുന്ന ഈ കാലത്തും ബാർലെ എന്ന നഗരം വ്യത്യസ്തമാകുന്നത് ഈ ഒരു പ്രത്യേകതകൊണ്ടാണ്.

ചിഹ്നങ്ങളിലെ അതിർവരമ്പ് 

പട്ടണത്തിലൂടെ നടക്കുമ്പോൾ പലയിടത്തും അന്തർദേശീയ അതിർത്തി അടയാളപ്പെടുത്തുന്ന വെളുത്ത കുരിശുകളോ മെറ്റൽ സ്റ്റഡുകളോ കാണാം. ഈ നഗരത്തിൽ എത്തിയാൽ നെതർലാൻഡിന്റെയും  ബെൽജിയത്തിന്റെയും അതിർത്തികൾ ഇങ്ങനെ കുറെ ചിഹ്നങ്ങളിലൂടെ മാത്രമേ തിരിച്ചറിയാനാകു. അല്ലാതെ കൊട്ടിയടച്ച മതിലുകളോ, വലിയ കമ്പിവേലികളോ ഒന്നും തന്നെ ഈ അതിർത്തി നഗരത്തിലില്ല. ബെൽജിയൻ പ്രദേശങ്ങളെ ബാർലെ-ഹെർട്ടോഗ് എന്നും ഡച്ച് പ്രദേശങ്ങളെ ബാർലെ-നസ്സാവു എന്നുമാണ് വിളിക്കുന്നത്. നഗരതെരുവിലൂടെ നടക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ഏത് രാജ്യത്താണെന്നു പോലും പറയാനാകില്ല.

Belgium-and-Netherlands2

എന്നാൽ ബാർലെയിലെ പല പ്രവർത്തനങ്ങളും രണ്ടു രാജ്യങ്ങളുടെയും സമന്വയത്തിലൂടെയാണ് കടന്നു പോകുന്നത്. അതായത് രണ്ട് നിയമത്തിലുള്ള കാര്യങ്ങളും ആ നാട്ടിൽ നടക്കും. പള്ളികൾ, തപാൽ സേവനം, പോലീസ് സ്റ്റേഷനുകൾ, ടെലിഫോൺ കമ്പനികൾ, ബസ് സർവ്വീസുകൾ, തുടങ്ങി എല്ലാം രണ്ടു രാജ്യങ്ങളുടെ രീതിയിൽ തന്നെയാണ് ഈ നഗരത്തിൽ നടക്കുന്നത്. ഒരു വീടിന് മുൻപിലൂടെയാണ്  അതിർത്തി രേഖ  കടന്നുപോകുന്നതെങ്കിൽ ആ വീട് ഏത് രാജ്യത്താണ് എന്ന് എങ്ങനെ തിരിച്ചറിയും. അതിനും ഇവർ പോംവഴി കണ്ടിട്ടുണ്ട്. ഓരോ വീടും ഏത് രാജ്യത്തിന്റേതാണെന്ന് അടയാളപ്പെടുത്താൻ വീടുകളിൽ രണ്ട് നമ്പറുകളും ഒരു ചെറിയ പതാകയും സ്ഥാപിച്ചിട്ടുണ്ട്.

നെതർലാൻഡിൽ 17 വയസ്സുകാർക്ക് ബിയർ കുടിക്കാം. എന്നാൽ ബെൽജിയത്തിൽ 18 വയസ്സ് കഴിയണം. അപ്പോൾ ബെൽജിയത്തിലെ ചെറുപ്പക്കാർ എന്തു ചെയ്യും എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. വീടിന്റെ വാതിൽ തുറന്ന് നേരെ അപ്പുറത്തെ രാജ്യത്തെ ബാറിലേക്ക് പോകുന്നു.

പതിനായിരത്തിൽ താഴെ ആളുകളുള്ള മനോഹരമായ നഗരമാണ് ബാർലെ. കാൽനടയായോ സൈക്കിളിലോ നിങ്ങൾക്ക് ഈ പട്ടണം ചുറ്റിക്കറങ്ങി കാണാം. ഇതിനിടയിൽ ഷോപ്പിംഗും ബിയർ കുടിയും ആകാം. ഈ നാടിന്റെ പ്രത്യേകതകളിലൊന്ന് ബിയർ തന്നെയാണ്. ബാറിലോ കടകളിലോ രണ്ട് ക്യാഷ് റജിസ്റ്ററുകൾ കണ്ടാൽ ആശ്ചര്യപ്പെടരുത്, ഓരോ രാജ്യത്തിനും ഓരോ റജിസ്റ്റർ ആണ് ഇവിടെ. 

നിങ്ങളുടെ പാസ്‌പോർട്ട് കാണിക്കാതെ ആരും തടസ്സപ്പെടുത്താനില്ലാതെ രണ്ട് രാജ്യങ്ങൾക്കിടയിൽ അക്ഷരാർത്ഥത്തിൽ കറങ്ങാൻ കഴിയുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണിത്.

English Summary: Sneak across international borders in this small European town shared by Belgium and Netherlands 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA