ADVERTISEMENT

ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയും അവതാരകയുമായ ശ്രീലക്ഷ്മിയെ അറിയാത്ത മലയാളികളില്ല. ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രം ധരിച്ച് ബോളിവുഡ് താരസുന്ദരിയെപോലെ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയെ പ്രേക്ഷകർക്ക് മറക്കാനാവില്ല. ശ്രീലക്ഷ്മിയുടെ ഹോബിയെന്തെന്ന് ചോദിച്ചാൽ യാത്രകളും ഫൂഡുമെന്ന് ഒറ്റവാക്യത്തിൽ ഉത്തരമെത്തും. യാത്രകളെ പ്രണയിക്കുന്നയാള്‍ തന്നെയാണ് ശ്രീലക്ഷ്മിക്ക് കൂട്ടായി എത്തിയതും. ഭർത്താവ് ജിജിനും യാത്രാപ്രേമിയാണ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചും കൊറോണ കാരണം ഒഴിവാക്കിയ യാത്രകളെക്കുറിച്ചും ശ്രീലക്ഷ്മി മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുന്നു.

sreelekshmi-travel2

ഇഷ്ടപ്പെട്ട യാത്ര

സ്കൂൾ– കോളേജ് കാലഘട്ടത്തിൽ അധികം യാത്രകൾ പോയിട്ടില്ല. കാരണം പപ്പയും മമ്മയും ഇത്തിരി സ്ട്രിക്റ്റായിരുന്നു. ഒറ്റയ്ക്കങ്ങനെ യാത്ര പോകുവാൻ അധികം സമ്മതിക്കാറില്ലായിരുന്നു. പിന്നെ പപ്പയ്ക്ക് നല്ല തിരക്കല്ലേ. അതിനാൽ വല്ലപ്പോഴും വീണുകിട്ടുന്ന അവസരങ്ങളിൽ ഞങ്ങൾ ഒരുമിച്ച് യാത്ര പോകാറുണ്ട്. കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്. വയനാട്ടിലേക്ക് മാത്രം പോകാൻ സാധിച്ചിട്ടില്ല. കണ്ട കാഴ്ചകൾ വച്ച് വയനാട് കിടിലൻ സ്ഥലമാണെന്ന് അറിയാം.

sreelekshmi-travel3

വൈത്തിരി റിസോർട്ടിലേക്ക് പോകണമെന്നുണ്ട്. വിദേശയാത്ര അങ്ങനെ അധികം പോയിട്ടില്ല. സിംഗപ്പൂർ, മലേഷ്യ, ദുബായ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ട്. ഇന്ത്യയിൽ ചെന്നൈയും മുംബൈയും ബെംഗളൂരുവുമൊക്കെ പോയിട്ടുണ്ട്. പോയതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം സിംഗപ്പൂരാണ്. എന്റെ അമ്മയുടെയും ഫേവറൈറ്റ് സ്ഥലമാണവിടം. കുറെ തവണ ഞാനും അമ്മയും സിംഗപ്പൂരിലേക്ക് പോയിട്ടുണ്ട്. അവിടെ മിക്ക ഇടങ്ങളും എനിക്കും അമ്മയ്ക്കും കാണാപ്പാഠമാണ്. സിംഗപ്പൂരിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ചൈന‍ാ‍ടൗണ്. ഒരുപാട് നല്ല ഒാർമകൾ സമ്മാനിച്ച രാജ്യമാണ് സിംഗപ്പൂർ.

sreelekshmi-travel

മുസന്ദം യാത്രയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. റാസൽഖൈമയോടും ഫുജൈറയോടും ചേർന്നു കിടക്കുന്ന ഒരു മുനമ്പാണ് മുസന്ദം. ഒമാനിലാണിത്. ഒമാൻ ഗൾഫ് കടലിടുക്ക് അവസാനിച്ച് ഹോർമുസ് കടലിടുക്കുമായി ചേരുന്ന ഭാഗത്ത് കടലിലേക്കു നൂറു കിലോമീറ്ററോളം തള്ളിയാണ് ഈ ഉപദ്വീപ് പ്രദേശം. 1800 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും സമുദ്രത്തിലേക്കു തള്ളിനിൽക്കുന്നവയാണ്. മനോഹരമായ പർവതനിരകളാലും തടാകങ്ങളാലും സമൃദ്ധമായ ഈ പ്രദേശം പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ്. ഒഴിവുസമയത്ത് മുസന്ദം യാത്ര പോകാറുണ്ട്.

sreelekshmi-travel5

മറക്കാനാവില്ല ആ യാത്ര

എന്റെയൊരു സുഹൃത്തുണ്ട്. അവനു ട്രെക്കിങ്ങും അഡ്വഞ്ചർ ട്രിപ്പുമൊക്കെ ഒരുപാട് ഇഷ്ടമാണ്. ഒരിക്കൽ ഞങ്ങൾ സുഹൃത്തുക്കൾ ഒരുമിച്ച് ട്രിപ് പ്ലാൻ ചെയ്തു. ട്രെക്കിങ്ങായിരുന്നു. ഒമാനിലെ കാഴ്ചകൾ ആരെയും അദ്ഭുതപ്പെടുത്തും. ഗംഭീരമായ പർവതങ്ങളും തെളിഞ്ഞ തടാകങ്ങളും ഒക്കെയുള്ള മനോഹരമായ ഭൂപ്രകൃതി. അവിടേക്കായിരുന്നു ഞങ്ങളുടെ ട്രെക്കിങ്. സത്യത്തിൽ ട്രെക്കിങ്ങിനാവശ്യമായ ഡ്രെസ്സുകളൊന്നും എനിക്കില്ലായിരുന്നു.

sreelekshmi-travel4

ഞാൻ ജീൻസും ടീ ഷർട്ടും ഇട്ടായിരുന്നു പോയത്. കുറച്ചു ദൂരം കഴിയുമ്പോൾ ഞാൻ വിചാരിക്കും ഇപ്പോൾ എത്തുമെന്ന്. അങ്ങനെ പറഞ്ഞ് കുറെ ദൂരം താണ്ടി. ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുള്ള കാഴ്ച ശരിക്കും എന്നെ അദ്ഭുതപ്പെടുത്തി. വളരെ മനോഹരമായിരുന്നു. ഇത്രയും കഷ്ടപ്പെട്ടു നടന്നു വന്നത് ഒരിക്കലും വെറുതെയായില്ല. അത്രയ്ക്കും ഭംഗിയായിരുന്നു. ആ യാത്രയും അനുഭവവും ഒരിക്കലും മറക്കാനാവില്ല.

sreelekshmi-travel7

ഞാനും ജിജിനും ഫൂഡിയാണ്

സത്യത്തില്‍ യാത്ര പ്ലാന്‍ ചെയ്യുന്നതു നല്ല അടിപൊളി ഫുഡടിക്കാനാണ്. ഞാനും ജിജിനും നന്നായി കഴിക്കും. ഏതു നാട്ടിലേക്ക് പോയാലും അവിടുത്തെ സ്പെഷൽ വിഭവങ്ങൾ രുചിക്കാറുണ്ട്. കൂടാതെ സ്ഥലങ്ങളുടെ കാഴ്ചയോടൊപ്പം അവരുടെ കൾച്ചറും ട്രെഡീഷനൽ ഫൂഡും അറിയാറുണ്ട്.

കൊറോണ ചതിച്ചു

sreelekshmi-travel8

എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു ഞങ്ങളുടെ വിവാഹം. നാട്ടിൽ ഒത്തിരി നാൾ നിൽക്കാനാവില്ലായിരുന്നു. നവംബർ അവസാനത്തോടെ ദുബായിലെത്തി. അവിടെ എത്തിയിട്ട് എന്റെ വീസയൊക്കെ റെഡിയാക്കാനുണ്ടായിരുന്നു. അപ്പോഴേക്കും ജനുവരി ആയി. അന്ന് കൊറോണ വ്യാപനം തുടങ്ങിയിരുന്നു. യാത്രകൾക്ക് വിലക്കും വന്നു.

വിവാഹത്തിനു മുമ്പുതന്നെ ഒരുപാട് യാത്രകളും പ്ലാൻ ചെയ്തിരുന്നു. ജിജിന്റെ ഫേവറൈറ്റ് ഡെസ്റ്റിനേഷൻ യൂറോപ്പും സൗത്ത് ഇൗസ്റ്റുമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ യൂറോപ്പിലേക്കുള്ള  യാത്രയ്ക്ക്  പ്ലാനിട്ടു. ഒപ്പം വിയറ്റ്നാം, കംബോഡിയ, തായ്‍‍ലൻഡ് ഒക്കെ പ്ലാൻ ചെയ്തു. അപ്പോഴെക്കും കൊറോണയുടെ ഭീതിയും ആശങ്കയുമൊക്കെ കൂടിയിരുന്നു. പ്ലാൻ ചെയ്ത യാത്രകളൊക്കെ ലാപ്ടോപ്പിൽ ഡോക്യുമെന്റാക്കി വച്ചു. ഇനിയുള്ള യാത്രകൾ കൊറോണ മാറിയിട്ടുവേണം. ആ കാത്തിരിപ്പിലാണ് ഞങ്ങൾ.

sreelekshmi-travel6

സ്വപ്നങ്ങളിൽ ഒതുങ്ങുമോ 'സ്വപ്നയാത്ര'

sreelekshmi-travel1

എന്റെയും ജിജിന്റെയും ഇഷ്ടയാത്ര സൗത്ത് ഇൗസ്റ്റ് ഏഷ്യ, യൂറോപ്പ് യാത്രകളാണ്. ഫ്രാൻസ്, ഗ്രീസ്, വിയറ്റ്നാം, കംബോഡിയ, തായ്‍‍ലൻഡ്, പാരിസ്... കൊറോണ കാരണം സ്വപ്നയാത്ര ഇനി സ്വപ്നങ്ങളിൽ തന്നെ ഒതുങ്ങുമോ എന്നറിയില്ല. ഇപ്പോഴത്തെ സാഹചര്യമെല്ലാം മാറുമെന്നാണ് പ്രതീക്ഷ– ശ്രീലക്ഷ്മി പറയുന്നു. 

English Summary :celebrity travel sreelakshmi sreekumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com