ADVERTISEMENT

മനോഹരമായ ആല്‍പ്സ് പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ട് ഒരു കൊച്ചു യൂറോപ്യന്‍ രാജ്യം.  ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം,  വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗം എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട്‌ പടിഞ്ഞാറൻ യൂറോപ്പിലെ ഈ കുഞ്ഞുരാജ്യത്തിന്. കിഴക്ക് ഓസ്ട്രിയയുമായും പടിഞ്ഞാറ് സ്വിറ്റ്സർലന്‍ഡുമായും അതിർത്തി പങ്കിടുന്ന ലിക്റ്റൻസ്റ്റൈൻ യൂറോപ്പിന്‍റെ ഗ്രാമീണ ഭംഗിയുടെ ഉത്തമോദാഹരണമാണ്‌.

വിമാനത്താവളവും സൈന്യവുമില്ല എന്നതാണ് ലിക്റ്റൻസ്റ്റൈന്‍റെ പ്രത്യേകത. വെറും 160 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ തന്നെ 38,749 ആണ്. പര്‍വ്വതപ്രദേശമായതു കൊണ്ടുതന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട ശീതകാല ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം. 

സമ്പന്നതയും ജീവിതനിലവാരവും

രാജ്യ തലസ്ഥാനമായ വാദൂസ് ആണ് ലിക്റ്റൻസ്റ്റൈന്‍റെ സാമ്പത്തിക തലസ്ഥാനവും. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന ഈ രാജ്യം ഒരുകാലത്ത് നികുതി വെട്ടിക്കുന്ന ശതകോടീശ്വരൻമാരുടെ താവളം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1970 കളുടെ അവസാനത്തോടെ കോർപ്പറേറ്റ് നികുതി നിരക്കുകൾ കുറച്ചത് ധാരാളം കമ്പനികളെ ആകർഷിച്ചതോടെയാണ് ലിക്റ്റൻസ്റ്റൈന്‍ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറിയത്. ഇന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള രാജ്യങ്ങളിലൊന്നാണ് ഇത്. 

വിമാനത്താവളമില്ല

സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിമാനത്താവളം ഇല്ല എന്നതാണ് ലിക്റ്റൻസ്റ്റൈനിനെ മറ്റു രാജ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന മറ്റൊരു സവിശേഷത. സ്വിറ്റ്സർലൻഡിലെ സൂറിച്ചിനടുത്തുള്ള സൂറിച്ച് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വലിയ വിമാനത്താവളം. ഇവിടേക്ക് റോഡ് മാർഗം ഏകദേശം 130 കിലോമീറ്റർ ആണ് ദൂരം. ചെറിയ വിമാനത്തവളമായ സെന്റ് ഗാലൻ വിമാനത്താവളം 50 കിലോമീറ്റർ അടുത്താണ് സ്ഥിതിചെയ്യുന്നത്. 85 കിലോമീറ്റർ അകലെയായി ഫ്രീഡ്രിക്‌ഷാഫെൻ വിമാനത്താവളവുമുണ്ട്. ചാർട്ടേഡ് ഹെലികോപ്റ്റർ വിമാനങ്ങൾക്കായി ബാൽസേഴ്‌സ് ഹെലിപോർട്ടും ഉണ്ട്. 

രാജ്യാന്തര യാത്രകള്‍ക്ക് ബസുകള്‍

സ്വിസ് പോസ്റ്റ്ബസ് സംവിധാനത്തിന്‍റെ ഭാഗമായ ലിക്റ്റൻസ്റ്റൈന്‍ ബസ് സര്‍വീസും ഇവിടെയുണ്ട്. ഇത് ബുച്ച്, സര്‍ഗാന്‍ എന്നിവിടങ്ങളില്‍ സ്വിസ് ബസ് ശൃംഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സൂറിച്ചില്‍ നിന്ന് സര്‍ഗന്‍സിലേക്ക് 50 മിനിറ്റ് ട്രെയിന്‍ യാത്രയും അതിനു ശേഷം വാദൂസിലേക്ക് അര മണിക്കൂര്‍ ബസ് യാത്രയും ചെയ്‌താല്‍ ലിക്റ്റൻസ്റ്റൈനിലെത്താം. ഓസ്ട്രിയൻ പട്ടണമായ ഫെൽ‌ഡ്കിർച്ചിലേക്കും ബസുകൾ ഓടുന്നുണ്ട്. കൂടാതെ രാജ്യത്തിനകത്തുള്ള യാത്രക്കായി ലിമൊബില്‍ ബസുകളും റെന്റല്‍ ബൈക്കുകളും ഉണ്ട്. 

ഒരു രാജ്യം മുഴുവന്‍ കാല്‍നടയാത്ര ചെയ്താലോ?

യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കുറവ് സഞ്ചാരികള്‍ എത്തുന്ന രണ്ടാമത്തെ രാജ്യമാണ് ലിക്റ്റൻസ്റ്റൈന്‍. വര്‍ഷംതോറും ഒരു ലക്ഷത്തില്‍ താഴെ സഞ്ചാരികള്‍ മാത്രമാണ് ഇവിടെയെത്തുന്നത് എന്നാണു കണക്ക്. 

അധികം വിസ്തൃതിയില്ല എന്നതുകൊണ്ടുതന്നെ മുഴുവന്‍ നടന്നുകാണാന്‍ പറ്റുന്ന രാജ്യമാണ് ഇത്. മുഴുവന്‍ രാജ്യവും നടന്നു കാണാന്‍ രണ്ടു ദിവസം മാത്രമേ പരമാവധി എടുക്കൂ! ഒരു രാജ്യം മുഴുവൻ കാൽനടയായി സഞ്ചരിച്ചുവെന്ന് അഭിമാനത്തോടെ പറയാം! വഴി നീളെ സ്ഥാപിച്ചിരിക്കുന്ന സൈന്‍ ബോര്‍ഡുകളില്‍ ഓരോ സ്ഥലങ്ങളിലേക്കും കാല്‍നടയായി എത്ര സമയം എടുക്കും എന്ന് എഴുതി വച്ചിരിക്കുന്നതും കാണാം.

ഹൈക്കര്‍മാരുടെ പറുദീസ

സഞ്ചാരികള്‍ക്കായി ലിക്റ്റൻസ്റ്റൈന്‍ ടൂറിസം ബോർഡ് നിരവധി ഹൈക്കിംഗ് യാത്രകള്‍ ഒരുക്കിയിട്ടുണ്ട്. ഏകദേശം മുപ്പതോളം യാത്രകള്‍ ഇവരുടെ പട്ടികയിലുണ്ട്. ആല്‍പ്സിന്‍റെ ഉയരങ്ങളിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും നീളുന്ന നടപ്പാതകള്‍ നല്‍കുന്ന അനുഭവം അവിസ്മരണീയമായ അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. 

English Summary: liechtenstein travel guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com