ADVERTISEMENT

വെല്ലുവിളികള്‍ നിറഞ്ഞ ഈ ലോക്ഡൗൺ കാലത്തിനപ്പുറം സ്വപ്നസമാനമായ യാത്രാദിനങ്ങള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള സഞ്ചാരികള്‍.  പതിയെ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളാവട്ടെ, സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളും കിഴിവുകളുമെല്ലാമായി രംഗത്തെത്തിക്കഴിഞ്ഞു. ലോകയാത്രികരുടെ സ്വപ്നസാക്ഷാത്കാരമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇറ്റാലിയന്‍ പ്രദേശമായ മോലിസ്. യാത്രാ ക്യാമ്പയിനായ ''ഗിവ് യുവര്‍സെല്‍ഫ് മോലിസ്'' ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.

ഇതിന്‍റെ ഭാഗമായി കാമ്പോബാസോ പ്രവിശ്യയിലെ സാൻ ഗിയോവന്നി മുനിസിപ്പാലിറ്റിയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് സൗജന്യ അവധിക്കാല വസതികൾ നല്‍കും. പുണ്യനഗരമായ റോമിൽ നിന്ന് വെറും 2 മണിക്കൂറും അഡ്രിയാറ്റിക് തീരപ്രദേശത്തുനിന്നും അപ്പെനൈൻ പർവതങ്ങളിൽ നിന്നും 40 മിനിറ്റും ദൂരെയാണ് ഈ പ്രദേശം. മുനിസിപ്പാലിറ്റിയുമായി ചേർന്ന് "അമിസി ഡെൽ മൊറൂട്ടോ" അസോസിയേഷനാണ് പദ്ധതി നടപ്പാക്കുന്നത്.  

പദ്ധതി പ്രഖ്യാപിച്ച ആദ്യദിവസം തന്നെ നൂറുകണക്കിന് അഭ്യർത്ഥനകളാണ് ഇവര്‍ക്ക് ലഭിച്ചത്. ഫ്രാൻസ്, അയർലൻഡ്, പോളണ്ട്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇവയില്‍ കൂടുതലും. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മുനിസിപ്പാലിറ്റിയിലെ 40 വീടുകളിലായിരിക്കും സൗജന്യ താമസം. യാത്രക്കാർക്ക് ഏഴ് രാത്രികൾ വരെ സൗജന്യമായി ഈ വീടുകളില്‍ ചെലവഴിക്കാം. താമസച്ചെലവിൽ ലാഭിക്കുന്ന പണം വിനോദസഞ്ചാരികള്‍ മറ്റ് കാര്യങ്ങൾക്കായി ഇവിടെത്തന്നെ ചെലവഴിക്കാൻ പ്രേരിപ്പിക്കുമെന്നും അതുവഴി പ്രാദേശിക സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നും അധികൃതര്‍ കരുതുന്നു.

അതിമനോഹരമായ മോലിസിലെ ഈ ചെറുനഗരത്തിന് വിനോദസഞ്ചാര ഭൂപടത്തില്‍ ഒരു സ്ഥാനം നേടിക്കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. വർഷങ്ങളായി ഇവിടെ പല വീടുകളിലും ജനവാസമില്ല. പ്രത്യേക ചിലവുകള്‍ കൂടാതെ തന്നെ കാലക്രമേണ ഇവിടം മികച്ച ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത യാത്ര ഇവിടേക്കായാലോ എന്നാണോ ചിന്തിക്കുന്നത്? എങ്കില്‍ amicidelmorrutto@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഉടന്‍ തന്നെ ബന്ധപ്പെട്ടോളൂ! എന്തുകൊണ്ടാണ് ഗിയോവന്നി തെരഞ്ഞെടുക്കുന്നത് എന്ന കാര്യവും മെയിലില്‍ വ്യക്തമായി എഴുതണം. ഭാഗ്യമുണ്ടെങ്കില്‍ കൊറോണക്കാലം കഴിഞ്ഞ് ഒരു ഇറ്റാലിയന്‍ ജീവിതം തരപ്പെടുത്താം!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com