ADVERTISEMENT

സംസ്കാരം, പ്രകൃതി, ചരിത്രം, മാജിക്, പാരമ്പര്യങ്ങൾ എന്നിവയാൽ അനുഗ്രഹീതമായ സുന്ദര രാജ്യമാണ് ക്യൂബ. ഒന്നിലധികം സംസ്കാരങ്ങൾ, വംശങ്ങളുടെയും ആചാരങ്ങളുടെയും സംയോജനം, ഏറ്റവും സവിശേഷവും ആകർഷകവുമായ കരീബിയൻ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുമായ ക്യൂബ ആന്റിലീസിന്റെ മുത്തെന്ന പേരിലും വിശേഷിക്കപ്പെടുന്നു. 

ക്യൂബയിലേക്കുള്ള  യാത്രയിൽ എടുത്തുപറയേണ്ടത് അവിടുത്തെ ആളുകളെകുറിച്ച് തന്നെയാണ്. ക്യൂബക്കാർ തമാശയുടെയും ആഘോഷത്തിന്റെയും സുഹൃത്തുക്കളാണ്. വളരെ സൗഹാർദ്ദപരമായിട്ടാണ് ആരോടും അവർ ഇടപഴകുക, നാടിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെയാണ്.ക്യൂബയിലേക്ക് പോകാൻ രണ്ട് വഴികളുണ്ട്: വിമാനത്തിലൂടെയും കടലിലൂടെയും.10 രാജ്യാന്തര വിമാനത്താവളങ്ങളും 15 ദേശീയ വിമാനത്താവളങ്ങളും ഉണ്ട്. ഒരു ദ്വീപ് ആയതിനാൽ തന്നെ 4 ക്രൂയിസ് ടെർമിനലുകളും 15 രാജ്യാന്തര മറീനകളും ക്യൂബയിലെ ടൂറിസത്തെ സുഗമമാക്കുന്ന തരത്തിൽ  പ്രവർത്തിക്കുന്നുണ്ട്. 

Coco Taxis In Cuba

കോക്കോയെ മിസ് ചെയ്യരുത്

ക്യൂബയിൽ എത്തിയാൽ ചുറ്റിക്കറങ്ങാൻ ക്ലാസിക് കാറുകളോ ടാക്സികളോ തെരഞ്ഞെടുക്കരുത്. ക്യൂബയിൽ ഏറ്റവും കൂടുതൽ ഉള്ളത് അമേരിക്കയിൽനിന്നുള്ള വിൻ്റേജ് ക്ലാസിക് കാറുകളാണ്. എന്നാൽ അവയിലൊന്നും നിങ്ങളുടെ കണ്ണ് ഉടക്കരുത്.പകരം നിങ്ങളെ കാത്ത് ആ നാട്ടിൽ ഒരു ഗംഭീര ആളുണ്ട്, പേര് കോക്കോ. നമ്മുടെ നാട്ടിലെ ഓട്ടോറിക്ഷയുടെ ക്യൂബൻ വേർഷനാണ്കോക്കോ ടാക്സി.1990 കളുടെ അവസാനം ഹവാനയിൽ ആരംഭിച്ചതാണീ രസകരമായ ടാക്സി സർവീസ്.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനു വേണ്ടി തന്നെയാണ് ഇത് ആദ്യം തുടങ്ങിയതെങ്കിലും ഇന്ന് നാട്ടുകാരും ഇതൊരു സഞ്ചാരമാർഗം ആയി ഉപയോഗിക്കുന്നു. പ്രധാനമായും ഹവാന, വരാതേറോ, ട്രിനിഡാഡ് തുടങ്ങിയ പട്ടണങ്ങളിലാണ് കൂടുതലും ഈ ടാക്സി ഉപയോഗിക്കുന്നത്. 

മൂന്നു ചക്രങ്ങളായി പിടിപ്പിച്ചിരിക്കുന്ന ബോഡിക്ക് മഞ്ഞനിറമാണ്.  ഫൈബർഗ്ലാസ് ബോഡിയും രണ്ട്-സ്ട്രോക്ക് എഞ്ചിനും ഇതിനുണ്ട്. ഒരേ സമയം ഡ്രൈവറെ കൂടാതെ രണ്ടു പേർക്കും കൂടി ഈ വാഹനത്തിൽ സഞ്ചരിക്കാം. ഹവാന നഗരത്തിന്റെ വീഥികളെല്ലാം ഈ വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്.ടൂറിസ്റ്റ് കോക്കോ ടാക്സികളും നാട്ടുകാർ ഉപയോഗിക്കുന്ന കോക്കോയും തമ്മിൽ നിറത്തിൽ വ്യത്യാസമുണ്ട്. ഒപ്പം ടൂറിസ്റ്റ് കോകോയിലെ നിരക്കും വേറെയാണ്.

ക്യൂബയുടെ തലസ്ഥാന നഗരവും വലിയ തുറമുഖവും ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രവുമാണ് ഹവാന. പഴയ ഹവാന നഗരത്തിന്റെ ഒട്ടു മിക്ക ഭാഗങ്ങളും ഇന്ന് യുനസ്കോയുടെ ലോക പൈതൃക സൈറ്റുകളാണ്. രാജ്യത്തിന്റെ വടക്കൻ തീരത്തെ ലാ ഹബാന  ഉൾക്കടലിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. കരീബിയൻ മേഖലയിലെ ഏറ്റവും വലിയ നഗരമാണിത്. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ചരിത്രപരമായ കൊളോണിയൽ സംരക്ഷണത്തിന്റെ വലിയ ഭണ്ഡാരങ്ങളിലൊന്നു കൂടിയായ നഗരം ചുറ്റിക്കറങ്ങാൻ ഏറ്റവും നല്ല മാർഗ്ഗം കൊക്കോയിലെ ഒരു റൈഡ് തന്നെയാണ്. 

English Summary: Coco Taxi Havana Cuba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com