ADVERTISEMENT

സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഫലപ്രദമായി ജോലി ചെയ്യാനും ഉല്‍പാദനക്ഷമത കൂട്ടാനുമായി ഓഫിസില്‍ പോയിത്തന്നെ ജോലി ചെയ്യേണ്ടതില്ല എന്ന് ഈ ലോക്ഡൗൺ കാലം നമ്മെ പഠിപ്പിച്ചു. വര്‍ക്ക് ഫ്രം ഹോം എന്നത് ഒരു ആഗോളപ്രതിഭാസമായി മാറി. ഭൗതികമായ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമില്ലാത്ത ബിസിനസുകള്‍ നടത്തുന്നവരും യൂറോപ്പില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍ക്ക്  വേണ്ടി ഇ- റെസിഡന്‍സി സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ്, വടക്കൻ യൂറോപ്പിലെ ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന രാജ്യമായ എസ്റ്റോണിയ. 

ഈ പുതിയ നീക്കത്തോടെ ഡിജിറ്റല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ഇ- റെസിഡന്‍സി നല്‍കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് എസ്റ്റോണിയ. വടക്ക് ഫിൻ‌ലാൻഡും തെക്ക് ലാത്വിയയും കിഴക്ക് റഷ്യയും പടിഞ്ഞാറ് സ്വീഡനും അതിരിടുന്ന എസ്റ്റോണിയ ഒരു യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ്. 

ഒരു രാജ്യത്തെയോ സ്ഥലത്തെയോ അടിസ്ഥാനമാക്കിയായിരിക്കില്ല ഇ- റെസിഡന്‍സി നല്‍കുക, ഏതു രാജ്യത്തുള്ളവര്‍ക്കും സ്ഥലം മാറാതെ തന്നെ ഇതിനു വേണ്ടി അപേക്ഷിക്കാം. ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീലാൻ‌സർ‌മാർ‌, യൂറോപ്യൻ യൂണിയനിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾ, യൂറോപ്യൻ സാന്നിധ്യം ആഗ്രഹിക്കുന്ന ഫിനാൻസ്, ടെക്, മാർക്കറ്റിങ് എന്നീ മേഖലകളില്‍ ഉള്ള മറ്റ് ഡിജിറ്റൽ സംരംഭകർ എന്നിവര്‍ക്കായിരിക്കും ഇ- റെസിഡന്‍സി ലഭിക്കുക. ഇങ്ങനെ പ്രതിവർഷം 1,800 ഇ-റെസിഡൻസി പെർമിറ്റുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്താണ് ഇ-റെസിഡൻസി?

ഇ-റെസിഡൻസി ആപ്ലിക്കേഷന് ഫീസ് 8,620  ഇന്ത്യൻ രൂപയാണ്. എസ്റ്റോണിയയിലോ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലോ ഒരു ഓഫിസില്‍ പ്രവര്‍ത്തിക്കാത്ത സ്വതന്ത്ര എസ്റ്റോണിയൻ, ഇ യു കമ്പനി സ്ഥാപിക്കാൻ വേണ്ടി ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇ-റെസിഡൻസി യോഗ്യരായവര്‍ക്ക് കരാറുകളിൽ ഒപ്പിടാനും എസ്റ്റോണിയയിൽ വ്യക്തിഗത/കോർപ്പറേറ്റ് നികുതി ഫയൽ ചെയ്യാനും ധനസഹായവും പേയ്‌മെന്റുകളും സ്വീകരിക്കാനും സഹായിക്കുന്ന യുണിക് ഡിജിറ്റൽ ഐഡി ലഭിക്കും.

യൂറോപ്യൻ യൂണിയനിൽ റജിസ്റ്റർ ചെയ്ത കമ്പനിയായി ആയിരിക്കും ഇങ്ങനെ തുടങ്ങുന്ന ബിസിനസുകള്‍ അറിയപ്പെടുന്നത്. നൂലാമാലകള്‍ ഒന്നും കൂടാതെ ഫണ്ടുകൾ ലഭിക്കാന്‍ ഇത് സഹായിക്കും. പരമ്പരാഗത ബിസിനസ്സുകളിൽ നിന്ന് വ്യത്യസ്തമായി, ഇത്തരം ബിസിനസുകളില്‍ പ്രാദേശിക എസ്റ്റോണിയൻ ഡയറക്ടറെയോ ജീവനക്കാരെയോ നിയമിക്കേണ്ടതില്ല എന്നതും ഒരു മേന്മയാണ്. ഇത് ചെലവു കുറയ്ക്കാന്‍ സഹായിക്കും.

ഓണ്‍ലൈന്‍ ഡിജിറ്റല്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കായി ജർമനി, സ്പെയിൻ, ചെക്ക് റിപ്പബ്ലിക്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ ദീർഘകാല വീസകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇങ്ങനെ ഇ-റെസിഡൻസി നല്‍കുന്ന ആദ്യരാജ്യം എസ്റ്റോണിയയാണ്.

ഇ-റെസിഡൻസിക്കായി എന്തു ചെയ്യണം?

https://apply.gov.ee/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് സൈൻ അപ്പ് ചെയ്യുകയാണ് ആദ്യം വേണ്ടത്. കോൺ‌ടാക്റ്റ്, ഇമിഗ്രേഷൻ വിവരങ്ങൾ, റെസ്യൂമെ, ക്രിമിനൽ ഹിസ്റ്ററി, എസ്റ്റോണിയയിൽ ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾ എന്തു കൊണ്ട് ആഗ്രഹിക്കുന്നു എന്നീ വിവരങ്ങള്‍ വ്യക്തമാക്കുന്ന ഓൺലൈൻ ഫോം പൂരിപ്പിക്കുക. പ്രാദേശിക നിയമപാലകരുടെയും ഇമിഗ്രേഷൻ അധികാരികളുടെയും  പരിശോധന വിജയകരമാണെങ്കിൽ അപേക്ഷരുടെ താമസസ്ഥലത്തിനടുത്തുള്ള എസ്റ്റോണിയൻ എംബസിയിലേക്ക് ഡിജിറ്റൽ ഇ-റെസിഡൻസി കാർഡ്, യുഎസ്ബി എനേബിള്‍ഡ് ഡിജിറ്റൽ ഐഡി കാർഡ് റീഡർ, ഇ-റെസിഡൻസി കാർഡിനൊപ്പം ഉപയോഗിക്കേണ്ട പിൻ നമ്പറുകളുള്ള ഒരു എൻ‌വലപ്പ് എന്നിവ അടങ്ങിയ ഒരു ഇ-റെസിഡൻസി കിറ്റ് അയക്കും. 

ഇതു കൂടാതെ അപേക്ഷകര്‍ ഒരു വെർച്വൽ ലീഗല്‍ അഡ്രസ്സ് സജ്ജീകരിക്കുകയും ഒരു എസ്റ്റോണിയൻ കോൺടാക്റ്റ് പേഴ്സണ്‍ ഉണ്ടായിരിക്കുകയും വേണം. ഈ വ്യക്തി കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഒരു തരത്തിലും ഉൾപ്പെടുന്നില്ല. ബാങ്കിങ് സജ്ജീകരിക്കുകയും ആവശ്യമെങ്കില്‍ മറ്റേതെങ്കിലും സേവന ദാതാക്കളെ നിയമിക്കുകയും വേണം. സേവന ദാതാക്കളുടെ പട്ടിക വെബ്സൈറ്റില്‍ ലഭ്യമാണ്.

സാമ്പത്തിക സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ 15-ാം സ്ഥാനത്തും എളുപ്പം ബിസിനസ്സ് നടത്താവുന്ന രാജ്യങ്ങളുടെ കാര്യത്തില്‍ 16-ാം സ്ഥാനത്തുമുള്ള (ഇന്ത്യ 63-ാം സ്ഥാനത്ത്) രാജ്യമാണ് എസ്റ്റോണിയ. ലോകത്തെ ഏറ്റവും സുതാര്യവും അഴിമതി കുറഞ്ഞതുമായ രാജ്യങ്ങളിൽ 18-ാമത് ആണ് എസ്റ്റോണിയയുടെ സ്ഥാനം.

ബിസിനസിനു വേണ്ടി മാത്രം

എസ്റ്റോണിയ ആസ്ഥാനമാക്കി ഒരു ഡിജിറ്റൽ ബിസിനസ്സ് നടത്താൻ വേണ്ടി മാത്രമുള്ളതാണ് ഇ-റെസിഡൻസി കിറ്റ്. ഇ-റെസിഡൻസി കാർഡിൽ ഫോട്ടോ ഉണ്ടാവില്ല. യാത്ര ചെയ്യാനോ ഇമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്കോ ഇത് ഉപയോഗിക്കാനാവില്ല. കാര്‍ഡ് കയ്യില്‍ ഉള്ളവര്‍ക്കും എസ്റ്റോണിയ സന്ദർശനത്തിനായി ഷെങ്കന്‍ വീസ ആവശ്യമുണ്ട്.

English Summary : Estonia is offering an e-residency that allows you to set up operations in the EU country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com